
ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്കിയ കോവാക്സിന് ഡോസിന് 206 രൂപയും കോവിഷീല്‍ഡിന് 200 രൂപയുമെന്ന് കേന്ദ്രം. വാക്സിനുകള്‍ രണ്ടും സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1.1 കോടി വാക്സിന് ഡോസുകളും ഭാരത് ബയോടെക്കില്‍നിന്ന് 55 ലക്ഷം ഡോസുകളുമാണ് ആദ്യ ഘട്ടത്തില്‍ സംഭരിക്കുക. 16.5 ലക്ഷം വാക്സിന് ഡോസുകള്‍ ബയോടെക്കില്‍ നിന്ന് സൗജന്യമായി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് വ്യക്തമാക്കി.
വാക്സീനേഷനായി ഇതുവരെ രണ്ടു ലക്ഷം ആളുകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പരീക്ഷണഘട്ടത്തിലുള്ള നാല് വാക്സീനുകളിലും പ്രതീക്ഷയുണ്ട്. വാക്സിനേഷന് പ്രക്രിയ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. മറ്റു വാക്സിനുകള്‍ക്ക് അംഗീകാരം നല്കുന്നചു സംബന്ധിച്ച് പരിശോധിച്ചുവരുകയാണ്. പല രാജ്യങ്ങളിലും ഒന്നിലധികം വാകിസനുകള് ഉപയോഗിക്കുന്നുണ്ട്. ഏതു വാക്സിനാണ് ഉപയോഗിക്കേണ്ടതെന്നു തിരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ അവകാശമില്ലെന്നും രാജേഷ് ഭൂഷണ് പറയുന്നു.
സിഡസ് കാഡില, റഷ്യയുടെ സ്പുട്നിക് വി, ബയോളജിക്കല്‍ ഇ, ജനോവ എന്നിവയാണ് പരിഗണനയിലുള്ളത്. സിഡസ് കാഡില, സ്പുട്നിക് വി എന്നിവ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബയോളജിക്കല്‍ ഇ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ജനോവയുടെ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ നടക്കുകയാണ്.
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുലര്‍ച്ചെ നാലരയോടെയാണ് കൊവിഷീല്‍ഡ് വാക്സീനുമായുള്ള ശീതീകരിച്ച ട്രക്കുകള്‍ പുറപ്പെട്ടത്. തേങ്ങയടിച്ചും, പൂജ നടത്തിയുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ മരുന്നുകള്‍ പുറത്തേക്ക് വിട്ടത്. 32 കിലോ ഭാരം വരുന്ന 478 ബോക്സുകളാണ് ട്രക്കുകളില്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ 13 ഇടങ്ങളിലേക്ക് വാക്സീനുമായി പുറപ്പെട്ടു. കൊച്ചി തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നാളെയാണ് വാക്സീന് എത്തുക.






