ന്യൂഡല്‍ഹി: ഓക്സ്ഫെഡ് സര്‍വകലാശാലയും പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്സിന് സ്വകാര്യ വിപണിയില്‍ ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല. സ്വകാര്യ വിപണിയില്‍ 1000 രൂപയ്ക്കായിരിക്കും വാക്സിന് വില്‍ക്കുകയെന്ന് അദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം പര്‍ച്ചേസിംഗ് ഓര്‍ഡര്‍ നല്കിയ നൂറ് മില്യണ്‍ ഡോസിന് 200 രൂപ ഇടാക്കും.
ഭാരത് ബയോടെക്കും ഐസിഎംആറും പൂണെ എന്‍ഐവിയും കൂടി വികസിപ്പിച്ച കൊവാക്സിന് 206 രൂപയ്ക്ക് വാങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പതിനാറര ലക്ഷം ഡോസ് കൊവാക്സിന് ഭാരത് ബയോടെക് സൗജന്യമായി നല്‍കും എന്ന് അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യവ്യാപകമായി വക്സിനേഷന് പ്രക്രിയ പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരും എന്നാണ് കരുതുന്നത്. ഒരു കോടി ഡോസ് വാക്സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 55 ലക്ഷം ഡോസ് വാക്സിന് ഭാരത് ബയോടെക്കില്‍ നിന്നും ആദ്യഘട്ടത്തില്‍ വാങ്ങും. കൊവിഷീല്‍ഡ് വാക്സിനും കൊവാക്സിനും കൂടാതെ പരീക്ഷണഘട്ടത്തിലുള്ള നാല് വാക്സിനുകളില്‍ കൂടി പ്രതീക്ഷയുണ്ടെന്നും വിദേശ നിര്‍മ്മിത വാക്സിനുകള്‍ക്ക് വില കൂടുതലാണെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.






