
ടെലഗ്രാമില്‍ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായി റിപ്പോർട്ട്. ടെലഗ്രാമിന് 72 മണിക്കൂറിനുള്ളില്‍ 2.5 കോടി പുതിയ ഉപയോക്താക്കളെയാണ് ലഭിച്ചത്. ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ് ആണ് ഈ വിവരം പുറത്തുവിട്ടത്.
അടുത്തിടെ ടെലഗ്രാമില്‍ എത്തിയ ഉപയോക്താക്കളിൽ 38 ശതമാനം ഏഷ്യയില്‍നിന്നാണ്. 27 ശതമാനം യൂറോപ്പില്‍നിന്നും 21 ശതമാനം ലാറ്റിന്‍ അമേരിക്കയില്‍നിന്നും. എട്ട് ശതമാനം മധ്യേഷ്യ, വടക്കേ ആഫ്രിക്ക മേഖലയില്‍ നിന്നുള്ളവരാണെന്ന് പാവെല്‍ ദുരോവ് പറയുന്നു.
2013-ല്‍ ആണ് ടെലഗ്രാം സ്ഥാപിതമായത്. തുടർന്ന് വിപണിയില്‍ സ്ഥിരതയോടെ നില്‍ക്കാനും വളര്‍ച്ചയുണ്ടാക്കാനും ടെലഗ്രാമിന് സാധിച്ചിട്ടുണ്ട്. ടെലഗ്രാമിന്റെ ഓപ്പണ്‍ സോഴ്സ് സ്വഭാവവും മറ്റുമാണ് ടെലഗ്രാമിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഓരോ ദിവസവും ചേരുന്ന ഉപയോക്താക്കളുടെ എണ്ണം 15 ലക്ഷം വരെ എത്തിയിട്ടുണ്ടെന്നും ദുരോവ് വ്യക്തമാക്കി.
വാട്ട്സ്ആപ്പിന് സമാനമായി, ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകള്‍, ചാനലുകള്‍ എന്നിവ പോലുള്ള അടിസ്ഥാനകാര്യങ്ങള്‍ നിങ്ങള്‍ക്ക് ടെലഗ്രാം അപ്ലിക്കേഷനിലും ലഭിക്കും. വാട്ട്സ്ആപ്പിന്റെ 256 അംഗ പരിധിയില്‍ നിന്ന് വ്യത്യസ്തമായി, ടെലഗ്രാം 200,000 അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് സപ്പോര്‍ട്ട് നല്കുന്നു.






