
ഇന്ത്യന്‍ നിര്‍മിത ഷൂട്ടിങ് ഗെയിമായ ഫൗജിയുടെ വരവിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രീ റെജിസ്ട്രേഷനുകൾ 40 ലക്ഷം കഴിഞ്ഞതായി റിപ്പോർട്ട്. നവംബറിൽ പ്രീ രെജിസ്ട്രേഷൻ ആരംഭിച്ച് 24 മണിക്കൂർ തികഞ്ഞപ്പോഴേക്കും 1 മില്യണിലധികം പേർ റെജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങൾ കൊണ്ട് ഇത് 4 മില്യനായി.
ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം 'ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്സ് (FAU-G)' ആണ് ഫൗജി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്. "ലോഞ്ചിന് മുൻപായി പ്രീ റെജിസ്ട്രേഷനുകൾ 5 മില്യൺ കവിയുമെന്നാണ് പ്രതീക്ഷ എന്ന് എൻകോർ ഗെയിംസ് സ്ഥാപകൻ വിശാൽ ഗോണ്ടൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഈ മാസം 26-ന് റിപ്പബ്ലിക് ദിനത്തിൽ ഫൗജി ഗെയിമിന്റെ ലോഞ്ച് നടന്നേക്കും. എൻകോർ ഗെയിംസ് ഗെയിമിന്റെ ആൻതം സോങ് വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഒരു മിനിറ്റ് 38 സെക്കന്റ് ദൈർഖ്യമുള്ള ആൻതം സോങ് വിഡിയോയിൽ ചൈനീസ് പട്ടാളക്കാരെ തുരത്തിയോടിക്കുന്ന ഇന്ത്യൻ പട്ടാളക്കാരെ കാണാം. ഫൗജി ഗെയിം ആൻതം സോങ് 18 ലക്ഷത്തിലേറെ വ്യൂ നേടി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന 'ഭാരത് കെ വീർ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നൽകും. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്.






