മലയാളിയുടെ 'മദ്യജീവിതം' - ജയസൂര്യയുടെ തകര്‍പ്പന്‍ പകര്‍ന്നാട്ടം- Vellam Movie Review
Authored by മാനസ് എ. | Last updated: 23 Jan 2021, 12:47 PM | 2 min read
യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ മുരളിയായി, മലയാളി മദ്യപന്റെ എല്ലാ മാനറിസങ്ങളേയും മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച ജയസൂര്യ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
മദ്യപാനിയുടെ ജീവിതം മലയാളിക്ക് ഒട്ടും അന്യമല്ല, മലയാള സിനിമയ്ക്കും. ലഹരിയുടെ നിലയില്ലാക്കയങ്ങളിലേയ്ക്ക് മുങ്ങിത്താണു പോകുന്ന ജീവിതത്തെ തിരികെപ്പിടിക്കാന്‍ നീട്ടിയ നിരവധി കൈകള്‍ നിസഹായതയോടെ വിട്ടുകളഞ്ഞവരാണ് നാം. മദ്യം അത്രമേല്‍ മലയാളിയുടെ വ്യക്തിജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും മാറ്റി മറിച്ചിട്ടുണ്ട്.
'വെള്ളം' എന്നത് മലയാൡ് അമിത മദ്യപാനിയുടെ വിളിപ്പോരാണ്. നാട്ടിന്‍പുറത്തെ സാധാരക്കാരനായ, നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നില്‍ നില്ക്കുന്ന മുരളിയെന്ന മുഴുക്കുടിയന്റെ കഥയാണ് ജയസൂര്യ നായകനാകുന്ന പ്രജേഷ് സെന്നിന്റെ 'വെള്ളം' എന്ന സിനിമ. കോവിഡ് പശ്ചാത്തലത്തില്‍ വീണ്ടും തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ ആദ്യം റീലീസ്സിനെത്തിയ മലയാള ചിത്രംകൂടിയാണ് 'വെള്ളം'.
ഫുട്ബോളര് വി.പി. സത്യന്റെ ജീവിതം പറഞ്ഞ, ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ക്യാപ്റ്റനുശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ മുരളിയായി, മലയാളി മദ്യപന്റെ എല്ലാ മാനറിസങ്ങളേയും മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച ജയസൂര്യ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
മദ്യം കാര്‍ന്നു തുടങ്ങിയ ജീവിതം പതിയെപ്പതിയെ മുരളിക്ക് കൈവിട്ടു പോകുകയാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അയാള്‍ വേണ്ടാത്തവനായി. മദ്യത്തിനുവേണ്ടി, അതിനുള്ള പണത്തിനുവേണ്ടി എന്തും ചെയ്യും എന്ന മാനസികാവസ്ഥയിലേയ്ക്കെത്തുന്നു അയാള്‍. തുടര്‍ന്ന് എല്ലാ അമിതമദ്യപരേയും പോലെ അയാള്‍ നേരിടേണ്ടിവരുന്ന ഒറ്റപ്പെടലും പ്രതിസന്ധികളുമാണ് സിനിമയുടെ വിഷയം. അയാള്‍ക്കറിയാം താന്‍ പോകുന്നത് നാശത്തിലേയ്ക്കാണെന്ന്. പക്ഷേ തിരിച്ചു വരാനാകുന്നില്ല. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് സിനിമ.
പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച 'വെള്ളം' ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിന്റെ മനോഹാരിത മുഴുവന ഒപ്പിയെടുത്തിട്ടുണ്ട് റോബി വര്‍ഗീസിന്റെ ക്യാമറ . എഡിറ്റിങ് ബിജിത്ത് ബാല.
ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്കര്‍, ബേബി ശ്രീലക്ഷ്മി തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും അണി നിരക്കുന്നു. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന മികച്ച ഒരു ചിത്രം തന്നെയാണ് പ്രജേഷ് സെന്നിന്റെ 'വെള്ളം'.