
വാട്സാപ്പ് വെബിലെ വീഡിയോ കോള്‍ സൗകര്യം ലഭ്യമാക്കിത്തുടങ്ങിയതായി റിപ്പോർട്ട്. വളരെ പതിയെ ആണ് ഈ സൗകര്യം ലഭ്യമാക്കിവരുന്നതെന്നാണ് സൂചന. അതുകൊണ്ടുതന്നെ, പല ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ഇപ്പോള്‍ ഉപയോഗിക്കാന്‍ സാധിച്ചെന്ന് വരില്ല. വെരിഫൈഡ് ട്വിറ്റര്‍ ഉപയോക്താവായ ഗിലെര്‍മോ ടോമോയോസ് വാട്സാപ്പ് വെബിലെ പുതിയ സൗകര്യത്തിന്റെ സ്ക്രീന്‍ഷോട്ട് ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഈ ഫീച്ചര്‍ അര്‍ജന്റീനയില്‍ ലഭ്യമാണെന്ന് ടോമോയോസ് പറയുന്നു. വീഡിയോ വോയ്സ് കോള്‍ ബട്ടനുകൾ വെബ് ആപ്പിന് മുകളിൽ സെര്‍ച്ച് ബട്ടന് സമീപത്തായാണ് നല്‍കിയിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഈ ബട്ടനുകള്‍ക്ക് സമീപത്തായി 'beta' എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ, ടോമോയോസിന്റെ ട്വീറ്റിലെ വിവരങ്ങള്‍ വാട്സാപ്പ് ഫാന്‍ വെബ്സൈറ്റായ വാബീറ്റാ ഇന്ഫോയും സ്ഥിരീകരിച്ചിട്ടുണ്ട്.






