
സ് ത്രീകളെ സംബന്ധിച്ച് ഏറെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്ന സമയമാണ് ആര്‍ത്തവം. സ്ത്രീകളില്‍ ഉത്കണ്ഠ ഉളവാകുന്ന ആര്‍ത്തവസമയത്തെ ശരീരദുര്‍ഗന്ധം ആയുര്‍വേദത്തിലൂടെ പരിഹരിക്കാനാകും. ശരീരശുദ്ധിയുണ്ടെങ്കില്‍ അമിതവിയര്‍പ്പും ദുര്‍ഗന്ധവും ഒഴിവാക്കാനാകും. ദിനചര്യയിലും ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ത്തവസമയത്തെ ശരീരദുര്‍ഗന്ധം നിയന്ത്രിക്കാം.
ശരീരദുര്ഗന്ധത്തിനുള്ള കാരണങ്ങള്‍
വ്യക്തികളുടെ സാമൂഹിക ജീവിതത്തെ ബാധിക്കുന്ന പലവിധ രോഗങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ശരീരദുര്‍ഗന്ധം. ഓരോ വ്യക്തിക്കും അവരുടേതായ പ്രത്യേക ശരീരഗന്ധമുണ്ട്. അത് അമിതമോ അസഹനീയമോ ആകുമ്പോഴാണ് രോഗാവസ്ഥയായി പരിഗണിക്കുക. ശരീരദുര്ഗന്ധത്തിന്റെ അടിസ്്ഥാന കാരണം അമിത വിയര്‍പ്പാണ്.
സ്വേദഗ്രന്ഥികളായ അപ്പോക്രയിന് സ്വേദ ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന സ്വേദത്തില്‍ പ്രോട്ടീന്‍ അംശം കൂടുതലായിരിക്കും. ഈ പ്രോട്ടീന്‍ അംശത്തെ വിയര്‍പ്പു ഗ്രന്ഥികളില്‍ വസിക്കുന്ന ബാക്ടീരിയ വിഘടിപ്പിച്ച് പ്രപ്പയോണിക്് ആസിഡാക്കി മാറ്റുന്നു. ഇതാണ് ശരീരദുര്‍ഗന്ധത്തിന് പ്രധാന കാരണം. ഇതു കൂടാതെ ശരീരകോശങ്ങളിലെ ചില എന്‍സൈമുകളുടെ കുറവ് ശരീരത്തിന്റെ സ്വയം ദുര്‍ഗന്ധമകറ്റാനുള്ള കഴിവിനെ കുറയ്ക്കുന്നു. ഇത്തരം ആളുകളില്‍ ശരീരദുര്‍ഗന്ധം കൂടുതലായി അനുഭവപ്പെടും. ശരീരദുര്‍ഗന്ധം കൂടുതലായി അനുഭവപ്പെടുന്ന ശരീരഭാഗങ്ങളാണ് പാദങ്ങള്‍, ഗുഹ്യ ഭാഗം, കക്ഷം, തലയോട്ടി എന്നിവ.
കൗമാരപ്രായക്കാരിലും (ആണ്‍പെണ്‍ വ്യത്യാസമില്ലാതെ), സ്ത്രീകളില്‍ ആര്‍ത്തവകാലത്തും ആര്‍ത്തവവിരാമത്തോടനുബന്ധിച്ചും അമിത ശരീരദുര്‍ഗന്ധം ഉണ്ടാകാം. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് അധിക വിയര്‍പ്പിനും ശരീരദുര്‍ഗന്ധത്തിനും കാരണമാകുന്നത്്. ഗര്‍ഭിണികളില്‍ ബി. എം. ആര് അധികമാകുന്നതും ശരീരദുര്‍ഗന്ധം സാധാരണയിലും കൂടുതലാകാന്‍ ഇടയാക്കും.
ഇവ കൂടാതെ ചില രോഗാവസ്ഥകള്‍ കൊണ്ടും ശരീരദുര്‍ഗന്ധം അധികമായി ഉണ്ടാകാറുണ്ട്. തൈറോയിഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനവൈകല്യം, അമിതവണ്ണം, പ്രമേഹം, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയവ അമിത ശരീരദുര്ഗന്ധമുണ്ടാക്കും. ഇതോടൊപ്പം ചില മരുന്നുകളുടെ ഉപയോഗവും ശരീരദുര്‍ഗന്ധത്തിന് കാരണമാകാം. മുട്ട, മത്സ്യമാംസങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നവരില്‍ ശരീരദുര്ഗന്ധമുണ്ടാകാം.
എരിവ്, പുളി, മസാല തുടങ്ങിയവ കൂടുതലുള്ള ഭക്ഷണങ്ങള്‍ നിയന്ത്രണമില്ലാതെ കഴിക്കുന്നതും ശരീരദുര്ഗന്ധമുണ്ടാക്കും. ഇങ്ങനെ നിരവധി അനുബന്ധ കാരണങ്ങള്‍ക്കൊണ്ട് ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ അമിത ശരീരദുര്ഗന്ധമുണ്ടായേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആയുര്‍വേദം ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക്് പൂര്‍ണവിശ്രമമാണ് അനുശാസിക്കുന്നത്. വിശ്രമത്തിലൂടെ അമിത വിയര്‍പ്പ് തടയുന്നതിനും അതിലൂടെ ശരീരദുര്‍ഗന്ധം കുറയ്ക്കുന്നതിനും സാധിക്കും. ആര്‍ത്തവകാലത്ത് ശരീരം പൊതുവേ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഗുഹ്യഭാഗങ്ങള്‍. ആര്ത്തവരക്തസ്രാവമനുസരിച്ച് ശരീരശുചീകരണത്തിനും പ്രാധാന്യം നല്കേണ്ടതുണ്ട്്്. ഒരേ പാഡുകള്‍ അധികസമയം ഉപയോഗിക്കുന്നത് ബാക്ടീരിയയുടെ വര്‍ധനവിനും ദുര്‍ഗന്ധത്തിനും കാരണമാകും.
ദീര്‍ഘനേരം ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ഫംഗസ് ബാധയ്ക്കും അതുമൂലം ഗുഹ്യഭാഗത്തെ ചൊറിച്ചിലിനും ഇടയാക്കും. ഇവ ഒഴിവാക്കാന്‍ ആര്‍ത്തവസമയങ്ങളില്‍ വ്യക്തി ശുചിത്വം വളരെ ആവശ്യമാണ്. അതുകൊണ്ട് തന്നെ അമിതമായി രോമവളര്‍ച്ചയുള്ള ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്്.
കാല്പാദങ്ങള് കഴുകിത്തുടച്ച് എപ്പോഴും ഈര്‍പ്പരഹിതവും വൃത്തിയായും സൂക്ഷിക്കാന്‍ ശ്രമിക്കണം. സോക്സ്, ഷൂസ് എന്നിവ വൃത്തിയായി ഉപയോഗിക്കുക. ശരീരദുര്‍ഗന്ധം കൂടുതലുള്ളവര്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശീലിക്കുന്നത് നന്നായിരിക്കും. ഉപയോഗശേഷം അലക്കി വൃത്തിയാക്കിയ വസ്ത്രങ്ങള്‍ വെയിലത്തുണക്കി തേച്ച് ഉപയോഗിക്കുക.
പരിഹാരമുണ്ട്
ദിവസവും രണ്ടുനേരമുള്ള കുളി ആരോഗ്യത്തിന് അത്യുത്തമമാണ്. സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവ സമയത്തെ ശരീരശുദ്ധി വളരെ പ്രധാനമാണ്. അതുകൊണ്ട് രാവിലെയും വൈകുന്നേരവുമുള്ള കുളി നിര്‍ബന്ധമായും സ്ത്രീകള്‍ ആര്‍ത്തവകാലത്ത് ശീലിക്കണം. കുളിക്കാന്‍ നെല്ലിക്ക, രാമച്ചം തുടങ്ങിയവ ഇട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നത് നന്നായിരിക്കും. ത്രിഫലകഷായത്തില്‍ കക്ഷം, ഗുഹ്യഭാഗങ്ങള്‍ എന്നീ ശരീരഭാഗങ്ങള്‍ കഴുകുന്നത് ഫംഗസ് ബാധ തടയുന്നതിനും ശരീരദുര്‍ഗന്ധം ഒഴിവാക്കുന്നതിനും സഹായിക്കും.
കുളി കഴിഞ്ഞതിനുശേഷം ശരീരത്തിലെ ഈര്‍പ്പം നന്നായി തുടച്ചു മാറ്റുന്നതും, മുടിയില്‍ സുഗന്ധദ്രവ്യങ്ങളുടെ പുകയേല്പ്പിക്കുന്നതും നല്ലതാണ്. ആര്‍ത്തവത്തിനു മുന്‍പ് മൃദുവായി വയറിളക്കുന്നത് ശരീരദുര്‍ഗന്ധവും ശ്വാസദുര്ഗന്ധവും അകറ്റാന്‍ സഹായിക്കുന്നു.
ആര്‍ത്തവ സമയത്ത് ആഹാരത്തില്‍ നാരുകളുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുക. ധാരാളം ശുദ്ധജലം കുടിക്കുന്നത് ശരീരദുര്‍ഗന്ധം കുറയ്ക്കാന്‍ വളരെ ഗുണം ചെയ്യും. ആര്‍ത്തവസമയത്തെ മലമൂത്രാദി വേഗങ്ങളെ തടയാതിരിക്കുക. ആര്ത്തവകാലത്തൊഴികെ മിതമായ വ്യായാമത്തിലൂടെ ശരീരഭാരം ക്രമപ്പെടുത്തുക. വേണ്ടത്ര വിശ്രമവും ആവശ്യത്തിന് ഉറക്കവും ശീലിക്കുന്നതിലൂടെ ശരീരദുര്‍ഗന്ധം ഒഴിവാക്കാന്‍ സാധിക്കും.
ഏലാദി, വെളിച്ചെണ്ണ എന്നീ ഔഷധങ്ങള്‍ ശരീരത്തില്‍ പുരട്ടി ഏലാദി ഗണചൂര്ണ്ണം ഉപയോഗിച്ച് മെഴുക്ക് കഴുകി കളയുന്നത് ശരീരദുര്‍ഗന്ധം, ചൊറിച്ചില്‍ തുടങ്ങിയവയ്ക്ക് ശമനം ലഭിക്കുന്നതിന് ഉത്തമമാണ്. കൃത്രിമമായ ഡിഓഡറന്റുകള് കഴിവതും ഒഴിവാക്കുക. അവ പലപ്പോഴും അലര്‍ജി, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് കാരണമായേക്കാം. അസഹനീയമായ രീതിയില്‍ ശരീരദുര്‍ഗന്ധം അനുഭവപ്പെട്ടാല്‍ വൈദ്യ നിര്‍ദേശപ്രകാരം ഔഷധങ്ങളുപയോഗിച്ച് ചികിത്സ തേടേണ്ടതുണ്ട്.
കടപ്പാട്:
വിവിധ ആയുര്‍വേദഗ്രന്ഥങ്ങള്‍