
2013-ലാണ് പീറ്റ് ലൗ, കാൾ പേയ് എന്നിവർ ചേർന്ന് വൺപ്ലസ് ആരംഭിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഒക്ടോബറിൽ കാൾ പേയ് വൺപ്ലസ്സിൽ നിന്നും പടിയിറങ്ങി. ഇപ്പോൾ സ്വന്തം സംരംഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. തന്റെ പുത്തൻ സംരംഭത്തിന്റെ വിശദാംശങ്ങൾ കാൾ പേയ് പുറത്തുവിട്ടിട്ടുണ്ട്. കാൾ പേയ് പുതുതായി സ്ഥാപിച്ച കമ്പനിയുടെ പേര് Nothing (നതിങ്) എന്നാണ്.
പുതിയ സംരംഭത്തിനായി സീഡ് ഫൈനാൻസിങ് രീതിയിൽ 7 മില്യൺ അമേരിക്കൻ ഡോളർ (ഏകദേശം 51.4 കോടി രൂപ) കാൾ പേയ് സമാഹരിച്ചതായി ആണ് സൂചന. റിപ്പോർട്ട് പ്രകാരം ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നതിങ് ബ്രാൻഡിന്റെ സ്മാർട്ട് ഡിവൈസുകൾ ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ വിപണിയിലെത്തും.
"''ആളുകളും സാങ്കേതിക വിദ്യയും തമ്മിലുള്ള തടസ്സങ്ങൾ നീക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനും തടസ്സമില്ലാത്ത ഒരു ഡിജിറ്റൽ ഭാവി സൃഷ്ടിക്കുന്നതിനുമാണ് തങ്ങൾ ശ്രമിക്കുന്നത്" കാൾ പേയ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. "സാങ്കേതികവിദ്യയിൽ രസകരമായ എന്തെങ്കിലും സംഭവിച്ചിട്ട് കുറച്ച് കാലമായി. പുതിയ മാറ്റത്തിന്റെ സമയമാണിത്", കാൾ പേയ് കൂട്ടിച്ചേർത്തു.






