
വാട്സാപ്പിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ച് സിഗ്നല്‍ മെസേജിങ് ആപ്ലിക്കേഷന്‍. ചാറ്റ് വാള് പേപ്പറുകള്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍ ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് പുതുതായി അവതരിപ്പിച്ചത്. സിഗ്നല്‍ ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ ഈ ഫീച്ചറുകൾ ലഭിക്കും.
പുതിയ ഫീച്ചറിൽ ഓരോ ചാറ്റിനും പ്രത്യേകം ചാറ്റ് വാള്‍പേപ്പറുകള്‍ നല്കാന് സാധിക്കും. പശ്ചാത്തലത്തിനനുസരിച്ച് മെസേജ് ബബിളിന്റെ നിറവും മാറ്റാൻ കഴിയും. ആനിമേറ്റഡ് സ്റ്റിക്കറുകളും പുതിയ അപ്ഡേറ്റിൽ ലഭ്യമാണ്. ഇതിന്റെ ഭാഗമായി പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പാക്കും അവതരിപ്പിച്ചിട്ടുണ്ട്.
വാട്സാപ്പ് പോളിസി നോട്ടിഫിക്കേഷന്‍ വിവാദത്തിലായതിന് ശേഷം നിരവധി പുതിയ അപ്ഡേറ്റുകളാണ് സിഗ്നലില്‍ വന്നത്. ഇതിൽ പ്രധാനമാണ് സ്റ്റാറ്റസ് അപ്ഡേറ്റ്. മാത്രമല്ല, ഗ്രൂപ്പ് കോളുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം അഞ്ചില്‍ നിന്ന് എട്ടായി ഉയര്‍ത്തുകയും ഗ്രൂപ്പുകളുടെ ലിങ്കുകള്‍ വഴി ആളുകളെ ചേര്‍ക്കാനുള്ള സംവിധാനവും സിഗ്നല്‍ അവതരിപ്പിച്ചിട്ടുണ്ട്. വാട്സാപ്പിന്റെ പുതിയ പോളിസി അപ്ഡേറ്റിലെ വ്യവസ്ഥകള്‍ വിവാദമായതോടെയാണ് സിഗ്നലിലേക്ക് ഉപയോക്താക്കളുടെ വരവ് വര്‍ധിച്ചത്.






