
കൊച്ചി: ജസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിനു നേരെ പ്രതിഷേധം. ജസ്നയുടെ തീരോധാനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റീസ് വി.ഷെര്‍സിയുടെ കാറിനു നേര്‍ക്കാണ് രാവിലെ ജസ്നയുടെ നാട്ടുകാരന് കരിഓയില്‍ ഒഴിഞ്ഞത്. പ്രധാന കവാടത്തിലൂടെ കാര്‍ ഹൈക്കോടതി വളപ്പിലേക്ക് കയറുന്നതിനിടെയായിരുന്നു പ്രതിഷേധം.
സംഭവത്തില്‍ കോട്ടയം എരുമേലി സ്വദേശിയായ ആര്.രഘുനാഥന് നായരെ സുരക്ഷാവിഭാഗം പിടികൂടി പോലീസിന് കൈമാറി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ജസ്നയെ കാണാതായിട്ട് മൂന്ന് വര്‍ഷം തികയുന്ന ദിവസമാണ് ഇന്ന്. രാവിലെ മുതല്‍ രഘുനാഥന് നായര്‍ കോടതിക്കു മുന്നില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധിക്കുന്നുണ്ടായിരുന്നു. കാര്‍ ഗേറ്റ് കടക്കുന്നതിനിടെ വേഗത കുറച്ചപ്പോഴായിരുന്നു കരിഓയില്‍ ഒഴിച്ചത്. രഘുനാഥന് നായര്‍ തനിച്ചായിരുന്നോ പ്രതിഷേധത്തിന് എത്തിയതെന്ന് വ്യക്തമായിട്ടില്ല.
'ജസ്നയുടെ തിരോധാനം- ഒളിച്ചോട്ടമോ ലവ് ജിഹാദോ അല്ല. കൊലപാതകം ആണ്' എന്നെഴുതിയ പോസ്റ്ററും ഇയാള്‍ കൊണ്ടുവന്നിരുന്നു. ജസ്നയെ കുറിച്ച് നിരവധി വിവരങ്ങള്‍ താന്‍ പോലീസിന് നല്‍കിയിരുന്നുവെന്നും എന്നാല്‍ അവര്‍ അത് സ്വീകരിച്ചില്ലെന്നും രഘുനാഥന് നായര്‍ പറയുന്നു.
അതേസമയം, രഘുനാഥന് നായര്‍ക്ക് ജസ്നയുടെ ബന്ധുക്കളുമായോ ജസ്നയുമായോ ഒരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് ചെറിയ മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചു. ജസ്നയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണെന്നും അത് ആരാണെന്ന് തനിക്കറിയാമെന്നും അവര്‍ തന്റെ ബന്ധുക്കളാണെന്നുമാണ് ഇയാള്‍ പറയുന്നത്.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ആളാണ് രഘുനാഥന് നായരെന്ന് ജസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ചാനല്‍ ചര്‍ച്ചകളിലും ഇയാള്‍ തനിക്കെതിരെ വിഷമകരമായ പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരുന്നു. തന്റെ വീട്ടില്‍ നാലു കിലോമീറ്റര്‍ അകലെയുള്ളയാളാണെന്ന് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തേയും അപമാനിച്ചിരുന്നു. മാനസികമായി നല്ല നിലയിലുള്ള ആളാണെന്ന് കരുതുന്നില്ലെന്നും ജസ്നയുടെ പിതാവ് പറഞ്ഞു.






