
കോഴിക്കോടുകാരിയായ അന്‍സിബ ഹസന്റെ ജീവിതം മാറ്റിമറിച്ചത് ദൃശ്യം എന്ന സിനിമയായിരുന്നു. ഇനി സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഇല്ലെന്ന് ഉറപ്പിച്ചിരിക്കുന്ന സമയത്താണ് ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിനായി വീണ്ടും ജീത്തുജോസഫിന്റെ ഫോണ്‍കോള്‍ അന്‍സിബയെ തേടിയെത്തുന്നത്. നാലു വര്‍ഷത്തിനുശേഷം വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തിയതിന്റെ സന്തോഷവും അന്‍സിബയുടെ മുഖത്തുണ്ട്. കൊച്ചിയിലെ ഫ്ളാറ്റിലിരുന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഈ താര സുന്ദരി.
ദൃശ്യം 2 വിലൂടെ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്?
സെക്കന്റ് പാര്‍ട്ട് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ എക്സൈറ്റഡായിരുന്നു. പക്ഷേ ആ സമയത്ത് കാസ്റ്റിങ്ങിനെക്കുറിച്ചൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. സിനിമയില്‍ ഞാനുണ്ടാകുമോ എന്നുപോലും അറിയില്ലായിരുന്നു. പിന്നീടാണ് ജീത്തുസാര്‍ വിളിച്ച് സിനിമയില്‍ ഞാനും ഭാഗമാണെന്ന് പറയുന്നത്. ലോക്ഡൗണിന്റെ സമയത്ത് വിളിച്ചിട്ട് അടുത്ത മാസം ഷൂട്ട് തുടങ്ങുമെന്ന് പറഞ്ഞപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. ലാലേട്ടന്റെ കുറേ സിനിമകള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ടായിരുന്നതുകൊണ്ട് അടുത്ത വര്‍ഷമേ ഷൂട്ട് തുടങ്ങൂ എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.
ചെറിയൊരു ബ്രേക്കിന് ശേഷമാണല്ലോ ക്യാമറക്ക് മുമ്പില്‍ വരുന്നത്?
ചെറിയ ടെന്‍ഷനുണ്ടായിരുന്നു. അത് സംവിധായകനോട് പറഞ്ഞപ്പോള്‍ മുമ്പ് ചെയ്ത കഥാപാത്രത്തിന്റെ തുടര്‍ച്ച തന്നെയാണല്ലോ പിന്നെന്തിനാണ് ടെന്‍ഷനെന്നാണ് ചോദിച്ചത്. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ അഞ്ജു എന്ന കഥാപാത്രത്തിന്റെ ഇപ്പോഴത്തെ വളര്ച്ചയെങ്ങനെയാണെന്ന് എനിക്ക് മനസിലായി. അതോടെ കോണ്‍ഫിഡന്‍സായി. പിന്നെ ലൊക്കേഷനിലെത്തി, എല്ലാവരേയും കണ്ടു. അവരില്‍ നിന്നൊക്കെ ഒരു പോസിറ്റീവ് വൈബ് കിട്ടിയപ്പോള്‍ ഞാന്‍ കൂളായി.
സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
കഴിഞ്ഞ നാലുവര്ഷങ്ങള്ക്കിടയില് പല സിനിമകളില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചിരുന്ന ഒരു കഥാപാത്രമോ ബാനറോ സംവിധായകനോ തേടിയെത്തിയില്ല. അതുകൊണ്ടാണ് സിനിമകളൊന്നും ചെയ്യാതിരുന്നത്.
കുറേ നാളുകളായി ആങ്കറിങ് ചെയ്യുന്നതല്ലാതെ സിനിമകളൊന്നും ചെയ്തിരുന്നില്ല. വെറുതെ എന്തിനാണ് വലിയ പ്രാധാന്യമൊന്നുമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുന്നത് എന്നു കരുതി. നല്ല അവസരങ്ങളൊന്നും തേടിയെത്താതിരുന്നപ്പോള് അഭിനയം നിര്‍ത്തിയതായിരുന്നു. ദൃശ്യം 2 വിലേക്ക് വിളിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ വീണ്ടും സിനിമയിലേക്കെത്തില്ലായിരുന്നു.
ഈ കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയല്ലേ?
കോയമ്പത്തൂരിലാണ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ചത്. പണ്ടുമുതലേ വേറൊരു സ്ഥലത്ത് പോയി പഠിക്കാനായിരുന്നു താല്പര്യം. ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണ് തമിഴ്നാട്. നമ്മുടെ കള്‍ച്ചറില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലാത്ത സാധാരണക്കാരാണ് അവിടെയും. അതുകൊണ്ട് അവിടുത്തെ പഠനവും ജീവിതവും ബുദ്ധിമുട്ടായിരുന്നില്ല.
പഠനത്തിന്റെ ഭാഗമായി ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നല്ലോ?
വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിക്കുന്ന സമയത്ത് കോഴ്സിന്റെ ഭാഗമായി ഒരു ഷോര്‍ട്ട്ഫിലിം ചെയ്യണമായിരുന്നു. മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്താലും മതിയായിരുന്നു. പക്ഷേ ഫ്രണ്ട്സൊക്കെ സഹായിക്കാനുള്ളതുകൊണ്ട് കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാമെന്ന് വിചാരിച്ചു. അങ്ങനെയാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള എ ലൈവ് സ്റ്റോറി ചെയ്യുന്നത്. കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ കുറച്ചുകൂടി കോണ്ഫിന്സായി.
പഠനം കഴിഞ്ഞശേഷം അഭിനയം നിര്‍ത്തി ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാമെന്നൊരു പ്ലാനും മനസിലുണ്ടായിരുന്നു. പക്ഷേ ആ ആഗ്രഹവും പിന്നത്തേക്ക് മാറ്റി വയ്ക്കേണ്ടി വന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം ടീമിനെ വീണ്ടും കണ്ടതിനെക്കുറിച്ച്?
ഈ നാല് വര്‍ഷങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. ലാലേട്ടനും മീനചേച്ചിയും നന്നായി മെലിഞ്ഞു. എസ്തര് കുറച്ചുകൂടി വലിയ കുട്ടിയായി. അതല്ലാതെ മാനസികമായി ആര്‍ക്കും വലിയ വ്യത്യാസമൊന്നുമില്ല.
അന്‍സിബയുടെ കരിയറില്‍ സംഭവിച്ച നേട്ടങ്ങളെല്ലാം തികച്ചും അപ്രതീക്ഷിതമായിരുന്നല്ലോ?
സിനിമയില്‍ മാത്രമല്ല, ജീവിതത്തിലായാലും എന്തുകാര്യം ചെയ്താലും ഹാര്‍ഡ് വര്‍ക്കിനൊപ്പം ഭാഗ്യവും വേണം. കഠിനാധ്വാനം, ആത്മവിശ്വാസം എല്ലാം ഉണ്ടെങ്കിലും ഭാഗ്യം കൂടിയുണ്ടെങ്കിലേ നമ്മള് വിചാരിച്ച പൊസിഷനില്‍ എത്താന്‍ കഴിയൂ. ഞാന്‍ വിചാരിച്ച രീതിയില്‍ എത്താന്‍ കഴിയാത്തത് ഭാഗ്യമില്ലാത്തതുകൊണ്ടാവാം.
പിന്നെ നമ്മുടെ ഉറച്ച തീരുമാനങ്ങളും സ്വാധീനിക്കുന്ന കാര്യം തന്നെയാണ്. കുറച്ചുകൂടി ബുദ്ധിപരമായി നീങ്ങിയാല്‍ കുറച്ചുകൂടി നല്ല രീതിയില്‍ മുന്നോട്ടുപോകാന്‍ കഴിയും. തുടക്കത്തില്‍ സിനിമയെക്കുറിച്ച് കൂടുതലായൊന്നും അറിയാത്തതുകൊണ്ട് പല അബദ്ധങ്ങളും സംഭവിക്കും. പരിചയക്കുറവുകൊണ്ടാണത്.
മാസ്ക് തന്ന പണികള്‍?
മാസ്ക് ഉപയോഗിക്കുന്നത് തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ശ്വാസം മുട്ടുന്നതുപോലെ തോന്നും, വിയര്‍ക്കും. ഇങ്ങനെ പല പ്രശ്നങ്ങളാണ്. ആദ്യ സമയങ്ങളിലൊക്കെ പുറത്തുപോകുമ്പോള്‍ മാസ്ക് വയ്ക്കാന്‍ മറക്കുമായിരുന്നെങ്കില്‍ പിന്നീട് മാസ്ക് മാറ്റാനാണ് മറക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് മാസ്ക് മാറ്റിയില്ലല്ലോ എന്ന് ഓര്‍ക്കുന്നത്. ഇപ്പോള്‍ എല്ലാവരും അതിനോട് അഡ്ജസ്റ്റഡായി.
2020 എന്ന വര്‍ഷം സമ്മാനിച്ച അനുഭവങ്ങള്‍?
മറ്റെല്ലാവരെപ്പോലെ ഈ കഴിഞ്ഞ വര്‍ഷം അടിപൊളിയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ആ പ്രതീക്ഷകളെല്ലാം കൊറോണ വിഴുങ്ങി. ഈ വര്‍ഷത്തില്‍ കൂടുതല്‍ സമയവും വീടിനുള്ളില്‍ തന്നെയായിരുന്നു. പലരീതിയില്‍ ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും ജീവിതത്തില്‍ വീണ്ടുമൊരു വഴിത്തിരിവ് കൊണ്ടുവന്ന വര്‍ഷം കൂടിയാണിത്.
പുതുവര്‍ഷ പ്രതീക്ഷകള്‍?
ഈ വര്‍ഷത്തില്‍ ജീവിതം പഴയതുപോലെയാകും എന്നാണ് വിശ്വസിക്കുന്നത്. മാസ്ക്കില്ലാതെ പുറത്തിറങ്ങാനും തിയേറ്ററില്‍ പോയി സിനിമ കാണാനും സ്കൂളും കോളേജുമൊക്കെ തുറന്ന് എല്ലാവര്ക്കും ക്ലാസുകളിലൊക്കെ പോകാനും കഴിയുമെന്നാണ് പ്രതീക്ഷ. പഴയപോലെ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാതെ വീടിനുള്ളിലിരുന്ന് പലരും ഡിപ്രസ്ഡാണ്. കുട്ടികള്‍ക്കാണ് കൂടുതല്‍ പ്രശ്നം. പുറത്ത് ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ലാപ്ടോപ്പിനും ടിവിയ്ക്കും മുമ്പിലിരുന്ന് സമയം കളയുകയാണ്.
ന്യൂഇയര്‍ റെസല്യൂഷന്‍?
മുമ്പൊക്കെ പുതുവര്‍ഷത്തില്‍ ചില തീരുമാനങ്ങളൊക്കെ എടുക്കുമായിരുന്നു. പക്ഷേ അതൊന്നും പാലിക്കാതെ വന്നപ്പോള്‍ ഇനി റെസല്യൂഷന്‍സ് ഒന്നും എടുക്കുന്നില്ല എന്ന് തീരുമാനിച്ചു. ആ തീരുമാനം മാത്രം കൃത്യമായി പാലിക്കുന്നുണ്ട്.
അശ്വതി അശോക്