
ന്യൂഡല്‍ഹി: സെലിബ്രിട്ടികളുടെ വിമര്‍ശനവും പ്രതികരണവും തുടരുമ്പോള്‍ കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് സലിംകുമാറും ബാബുആന്റണിയും തെലുങ്ക് നടന് സിദ്ധാര്‍ത്ഥും. കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്ത വിഷയമാണെന്നും അതിന് വിദേശികള്‍ അഭിപ്രായം പറയേണ്ടതില്ലെന്ന സച്ചിന് തെന്‍ഡുല്‍ക്കറിന്റെയും ബോളിവുഡ് നടി കങ്കണയുടേയും വിവിധ ക്രിക്കറ്റ് താരങ്ങളുടെയും നിലപാടിനെ തള്ളിയാണ് സലിംകുമാറും സിദ്ധാര്‍ത്ഥും രംഗത്ത് വന്നിരിക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി ബാബു ആന്റണിയും സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് വന്നു.
അമേരിക്കയില്‍ കറുത്തവംശജനായ ജോര്‍ജ്ജ് ഫ്ളോയിഡ് വംശീയവെറിയ്ക്ക് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാന്‍ ഇന്ത്യാക്കാര്‍ക്ക് അവകാശം ഉണ്ടെങ്കില്‍ ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ അഭിപ്രായം പറയാന്‍ അമേരിക്കക്കാര്‍ക്കും അവകാശം ഉണ്ടെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം. ഒരേ താളത്തിലും ഒരേ ട്യൂണിലും സമൂഹത്തിലെ സമുന്നതരായ ഒരുകൂട്ടം ആള്ക്കാര് പെട്ടെന്ന് ഒരുമിച്ച് അഭിപ്രായം പറയുന്നതിനെയാണ് പ്രോപ്പഗണ്ട എന്ന് പറയുന്നതെന്നും ഹീറോകളെ തെരഞ്ഞെടുക്കുമ്പോള്‍ അത് വിവേകത്തോടെയും ബുദ്ധിയോടെയും വേണമെന്നും അല്ലെങ്കില്‍ അവര്‍ ഉയരത്തില്‍ നിന്നും വീഴുന്നത് കാണേണ്ടി വരുമെന്നുമാണ് ഇന്ത്യയിലെ മിക്ക വിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ വ്യക്തമാക്കാറുള്ള സിദ്ധാര്‍ത്ഥിന്റെ നിലപാട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കര്‍ഷകര്‍ക്കുള്ള പിന്തുണ സലിംകുമാറും ബാബുആന്റണിയും വ്യക്തമാക്കിയിട്ടുമുണ്ട്.
സലിംകുമാറിന്റെ പോസ്റ്റ്
''അമേരിക്കയില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു വെളുത്തവന് തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോര്‍ജ് ഫ്ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തില്‍ നമ്മള് ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞില്ല.
പകരം ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കന്‍ പോലീസ് മേധാവി മുട്ടുകാലില്‍ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മള് കണ്ടു. അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള് ഭാരതീയര്‍ക്ക് നഷ്ടപെട്ടത്. പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വര്‍ഗ്ഗ വരമ്പുകളില്ല, വര്‍ണ്ണ വരമ്പുകളില്ല. എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം.''
ട്വിറ്ററിലൂടെ സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
‘‘നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ അവര്‍ ഉയരത്തില്‍ നിന്ന് വീഴുന്നത് കാണേണ്ടി വരും. വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് .. അത്രയുമുണ്ടായിരുന്നെങ്കില്‍ ഇവര്‍ രക്ഷപ്പെട്ടേനെ. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലര്‍ പെട്ടെന്ന് ഒരേ ശബ്ദത്തിലും താളത്തിലും പാടാനും ഒരേ പാതയില്‍ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാന്‍ഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാന്‍ഡ ഏതെന്ന് തിരിച്ചറിയുക.’’
നാടിന്റെ നിലനില്‍പ്പ് കര്‍ഷകരിലും കൃഷിയിലും
'ഏതൊരു നാടിന്റെയും നിലനില്‍പ്പിന്റെ അടിസ്ഥാനം യഥാര്‍ഥ കര്‍ഷകരും അവരുടെ കൃഷിയുമാണ്', എന്ന ഒറ്റ വാചകത്തിലാണ് ബാബു ആന്റണിയുടെ പ്രതികരണം. കര്‍ഷകസമരത്തില്‍ ഇന്റര്‍നെറ്റ് അവകാശം നിഷേധിച്ച നടപടിയെ വിമര്‍ശിച്ച് അമേരിക്കന്‍ ഗായിക റിഹാനയും ഗ്രേറ്റാ തുംഗ്ബര്ഗും രംഗത്ത വന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇന്ത്യയുടെ പരമാധികാരത്തില്‍ പുറത്തു നിന്നുള്ളവര്‍ കാഴ്ചക്കാര്‍ മാത്രമാണെന്ന് പ്രതികരിച്ച് സച്ചിന് തെന്‍ഡുല്‍ക്കറും ക്രിക്കറ്റ് താരങ്ങളും വന്നതോടെയാണ് വന്‍ വിവാദമായി മാറിയത്.






