
തിരുവനന്തപുരം: കിഫ്ബി ഉപേക്ഷിക്കാൻ പാടില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. വലിയ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി ആവശ്യമാണെന്നും ജി സുധാകരൻ വ്യക്തമാക്കി. കിഫ്ബി നല്ലനിലയിൽ നടത്തിയാൽ നന്നാകുമെന്നും വിരമിച്ച ഉദ്യോഗസ്ഥനെ വെച്ച് കഴിഞ്ഞ അഞ്ചുവർഷം നടത്തിയ കളികൾ അന്വേഷിക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നായിരുന്നു ജി സുധാകരൻ്റെ ആവശ്യം. നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു ജി സുധാകരൻ്റെ പ്രതികരണം.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത് താൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ നിർമ്മിച്ച റോഡുകൾ ഇപ്പോഴും കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നുണ്ടെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, സൂക്ഷ്മതയോടെ പ്രവർത്തിച്ചാൽ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്നാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പറയുന്നത്. സംസ്ഥാന വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നുവെന്ന് ധവള പത്രത്തിൽ വ്യക്തമാക്കുന്നു.
കിഫ്ബി വലിയ പ്രതിസന്ധി നേരിടുന്നു. ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലാകും. കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5% വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ പ്രാദേശികമായ അസമത്വമുണ്ടെന്നും (കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20% അനുവദിച്ചു) റിപ്പോർട്ടിൽ പറയുന്നു.






