
തിരുവനന്തപുരം: ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ആറ്റുനോറ്റു കിട്ടിയ നേമം നിലനിര്‍ത്താന്‍ ബിജെപി ആരെ മത്സരിപ്പിക്കും? തെരഞ്ഞെടുപ്പ് തൊട്ടടുത്തു നില്‍ക്കേ മുന്നണിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. കേരളത്തില്‍ ബിജെപിയുടെ ഏക മണ്ഡലമായ തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കാന്‍ ബിജെപിയില്‍ മത്സരം പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും കുമ്മനം രാജശേഖരനും. സിറ്റിംഗ് എംഎല്‍എയായ ഒ രാജഗോപാല്‍ മത്സരരംഗത്ത് നിന്നും മാറുന്ന സാഹചര്യത്തില്‍ ഇവിടെ കരുത്തരായ സ്ഥാനാര്‍ത്ഥി വരണമെന്ന തന്ത്രമാണ് ബിജെപി സ്വീകരിക്കുന്നത്.
കേന്ദ്രമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനും മത്സരിക്കണമെന്ന പൊതുവികാരം കോര്‍കമ്മറ്റിയില്‍ ശക്തമാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍. കോര്‍കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം പൊതുസമ്മതരായ മികച്ച വ്യക്തിത്വങ്ങളായ 25 ശതമാനം പുതുമുഖങ്ങള്‍ക്കും അവസരം നല്‍കാനാണ് ബിജെപിയുടെ ഇത്തവണത്തെ തന്ത്രം. അതേസമയം സോളാര്‍കേസ് വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ മാറ്റി നിര്‍ത്തിയേക്കും നടനും എംപിയുമായ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും ഇവര്‍ മത്സരരംഗത്ത് എത്തുക.
പുതുമുഖങ്ങള്‍ക്ക് നല്കുന്ന അവസരങ്ങളില്‍ സീരിയന് നടന്മാരായ കൃഷ്ണകുമാറിനും വിവേക് ഗോപനും മത്സരിച്ചേക്കും. ഇടതു സര്‍ക്കാരിന്റെ കാലത്തെ വിവാദ നായകന് ജേക്കബ് തോമസിനേയും ടി.പി.സെന്‍കുമാറിനേയും ബിജെപി പരിഗണിച്ചേക്കും. വക്താവ് സന്ദീപ് വാര്യര്‍ക്ക് തൃശൂരായിരിക്കും അവസരം. നവാഗതരായ പ്രമീളാദേവിക്കും ജി. രാമന്‍നായര്‍ക്കും സീറ്റുണ്ടാകും. കോര്‍കമ്മറ്റിയില്‍ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരന് കഴക്കൂട്ടത്ത് മത്സരിച്ചേക്കുമെന്നാണ് വിവരം. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള വട്ടിയൂര്‍ക്കാവിലും പാലക്കാട്ടും കോര്‍കമ്മറ്റിയില്‍ നിന്നും തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വിവി രാജേഷിനും ശോഭാ സുരേന്ദ്രനേയും പരഗണിക്കാനാണ് നീക്കം.
ജനറല്‍സെക്രട്ടറിമാരില്‍ എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും പി.സുധീര്‍ ആറ്റിങ്ങലും ജോര്‍ജ് കുര്യന് കോട്ടയത്തും സി കൃഷ്ണകുമാര്‍ മലമ്പുഴയിലും മത്സരിക്കും. ഉപാധ്യക്ഷന്മാരില് എ.എന്‍ രാധാകൃഷ്ണന് മണലൂരിലും ശോഭാസുരേന്ദ്രന് പാലക്കാടും മത്സരിക്കും. സംസ്ഥാന സെക്രട്ടറി കെപി പ്രകാശ്ബാബു കുന്ദമംഗലത്തും എസ് സുരേഷ് കോവളത്തും സ്ഥാനാര്‍ഥിയാകും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍കൃഷ്ണന്‍ ബേപ്പൂരിലും മത്സരിക്കും.






