
പത്തനംതിട്ട: റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിനുള്ളിൽ അതിക്രമിച്ചു കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. സൂപ്പർമാർക്കറ്റ് ഉടമ ബീനയ്ക്കാണ് സാരമായി പരിക്കേറ്റത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മന്ദിരംപടിയിൽ ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം.
സൂപ്പർമാർക്കറ്റിന്റെ ചില്ല് തകർത്താണ് കാട്ടുപന്നി അകത്ത് കയറിയത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം പതിവായിരുന്നുവെങ്കിലും കടയ്ക്കുള്ളിൽ കയറി ആക്രമണം നടത്തുന്ന സംഭവം ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
രാവിലെ കട തുറന്ന് അൽപസമയത്തിനുള്ളിലാണ് സംഭവം നടന്നത്. സാധനങ്ങൾ ക്രമീകരിച്ചുകൊണ്ടിരുന്ന ബീനയുടെ നേരെ പാഞ്ഞെത്തിയ പന്നി തേറ്റകൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റു.
തുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബീനയെ പന്നി പിന്തുടർന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കാട്ടുപന്നി പിൻവാങ്ങി. പിന്നീട് പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പന്നിയെ വെടിവച്ച് കൊന്നു.






