
സൈബീരിയയിലെ ഉറാള്‍ മലനിരകളില്‍ സ്കൈയിംങ് ട്രക്കിങ്ങിന് പോയ ഒമ്പത് ഹൈക്കര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ദുരൂഹതകളുടെ ചുരുളഴിയുകയാണ്. 1959-ല്‍ നടന്ന ഈ സംഭവത്തില്‍ അന്ന് ലഭിച്ച മൃതദേഹങ്ങളില്‍ മൂന്നെണ്ണം അര്‍ധനഗ്നമായ നിലയിലായിരുന്നു.
അന്യഗ്രഹജീവികളോ രഹസ്യ ആയുധ പരീക്ഷണങ്ങളോ ഒക്കെയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു അന്ന് വ്യാപകമായി പ്രചരിച്ചത്. യതിയുടേയും അന്യഗ്രഹ ജീവികളുടേയും ആക്രമണത്തിന് ഇരയാവുകയായിരുന്നു ഇവരെന്ന പ്രചാരണവും ശക്തമായിരുന്നു.
സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ട്രക്കിങ് സംഘത്തിന്റെ മരണത്തിന്റെ പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്തത്. 1959 ജനുവരി 27നാണ് ഈ സംഘം 14 ദിവസം നീണ്ട ക്രോസ് കണ്ട്രി സ്കൈയിംങിന് തുടക്കം കുറിച്ചത്. ഫെബ്രുവരി ഒന്നിന് അര്‍ധരാത്രിയായിരുന്നു അപകടം സംഭവിച്ചത്.
അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ടെന്റിന്റെ അവശിഷ്ടങ്ങളും അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. നാല് പേരുടെ മൃതദേഹങ്ങള്‍ ഒരിക്കലും കണ്ടെത്താന്‍ സാധിച്ചതുമില്ല. രണ്ട് മൃതദേഹങ്ങളുടെ നാവും കണ്ണുകളും നഷ്ടമായ നിലയിലായിരുന്നു. മറ്റു ചിലരുടെ തലയോട്ടിയിലും വാരിയെല്ലുകളിലും പൊട്ടലുകളും ഉണ്ടായിരുന്നു.
മരണ കാരണം മഞ്ഞുപാളി വീണതാണെന്ന് പറയുന്നത്. മലയുടെ ചെരുവില്‍ മഞ്ഞില്‍ കുഴിയെടുത്ത് നിരപ്പാക്കിയായിരുന്നു ഇവര്‍ രാത്രി തങ്ങാന്‍ വേണ്ട ടെന്റ് നിര്‍മിച്ചത്. സ്ലാബ് മഞ്ഞുവീഴ്ച്ച എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇവരുടെ മരണത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. സഞ്ചാരികള്‍ ചരിവുള്ള പ്രദേശത്ത് കുഴിയെടുത്ത് ടെന്റ് അടിച്ചതും ആഞ്ഞ് വീശിയ കറ്റബാറ്റിക് കാറ്റും ഇതിന്റെ ആക്കം കൂട്ടി. മണിക്കൂറില്‍ 220 മൈല്‍ വേഗം വരെ ഈ സമയം മഞ്ഞു വീഴ്ച്ചക്കുണ്ടാകും. ആദ്യ മൂന്നു സെക്കന്റില്‍ മണിക്കൂറില്‍ 20 മൈല്‍ വേഗം കൈവരിക്കുന്ന മഞ്ഞ് വീഴ്ച്ച ആറു സെക്കന്റിനകം തന്നെ 80 മൈല്‍ വേഗത്തിലേക്ക് മാറുകയും ചെയ്യും.
നിരവധി കാരണങ്ങള്‍ ഈ സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. നിരവധി പുസ്തകങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും സിനിമകള്‍ക്കും കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കും വരെ ഈ സംഭവം പ്രേരണയായിട്ടുണ്ട്. ഡിസ്കവറി ചാനലില്‍ വന്ന റഷ്യന്‍ യതി, ദ കില്ലര്‍ ലൈവ്സ് എന്ന ടിവി പരിപാടിയും ഈ ദുരന്തത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.
കൊടും തണുപ്പിലും മൃതദേഹങ്ങള്‍ പലതും ടെന്റില്‍ നിന്നും ഒരു മൈല്‍ വരെ ദൂരത്തിലായിരുന്നു. ചില മൃതദേഹങ്ങളാകട്ടെ അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു.






