
തനിക്കെതിരേ സാമൂഹികനീതി വകുപ്പിന്റേതായി പറയുന്ന റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് തെരുവോരം മുരുകന്. വകുപ്പിന്റെ ജില്ലാ തലഒാഫീസിലെ ചിലരുടെ അഴിമതിക്കഥകള്‍ പുറത്താകും എന്നായപ്പോള്‍ തെരുവുവെളിച്ചത്തിനും തനിയ്ക്കുമെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ മാത്രമാണ് ഇതെന്നും മുരുകന് പറഞ്ഞു. മംഗളം ഒാണ്‍ലൈനുമായി നടത്തിയ അഭിമുഖത്തില്‍ ആരോപണങ്ങള്‍ക്കു മറുപടി പറയുന്നു മുരുകന്.
മുരുകന്റെ വാക്കുകള്‍.....
സാമൂഹ്യ നീതിവകുപ്പിലെ അഡീഷണല്‍ ഡയറക്ടറായ കെ. കെ. വിനയനും ആശാഭവന് സൂപ്രണ്ടായ ജോണ്‍ കോശിയും ചേര്‍ന്നു നടത്തുന്ന അഴിമതിക്കഥകള്‍ പുറത്താകും എന്നായപ്പോള്‍ തെരുവ് വെളിച്ചത്തിനും എനിയ്ക്കുമെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങളാണ് അടിസ്ഥാന രഹിതമായ ഈ ആരോപണങ്ങള്‍. മുന്‍പ് പലപ്പോഴായി എന്നോട് പണം ആവശ്യപ്പെടുകയും അത് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പക സൂക്ഷിയ്ക്കുകയും ചെയ്തിട്ടുള്ള ഇവര്‍ ഇപ്പോള്‍ മോശമായ കളികളുമായി ഇറങ്ങിയിരിയ്കുകയാണ്.
ഇരുപത്തൊന്നു വയസ്സുള്ള യുവതിയെ അനധികൃതമായി പാര്‍പ്പിച്ചു എന്ന ആരോപണം തെറ്റാണ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടരുടെ നിര്‍ദ്ദേശം അനുസരിച്ച് പോലീസിന്റെ കത്തുമായി വരുന്ന ഒരാളെ സ്ഥാപനത്തിന് ഏറ്റെടുക്കാനും പാര്‍പ്പിയ്ക്കാനും അവകാശമുണ്ട്. അത്തരത്തില്‍ എറണാകുളം ചീഫ് മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ പ്രത്യേക കത്തുമായി വന്ന യുവതിയാണ് അവര്‍. അങ്ങനെ തികച്ചും നിയമപരമായി പാര്‍പ്പിച്ചു വരവേയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള എന്നോടുപോലും പറയാതെ സ്ഥാപനത്തില്‍ വന്നു പ്രത്യേക കത്ത് നല്കി ആ യുവതിയെ മറ്റൊരിടത്തേയ്ക്ക് മാറ്റി പാര്‍പ്പിയ്ക്കാന്‍ സാമൂഹിക വകുപ്പു ഒാഫീസര്‍ നിര്‍ദ്ദേശം തന്നതും അതനുസരിച്ച് മാറ്റി പാര്‍പ്പിച്ചതും.
ഇനി ഒരു പതിമൂന്നു ലക്ഷം രൂപയുടെ ആരോപണം
ഈ തുക ഇന്നേവരെ എന്റെ കയ്യില്‍ കിട്ടിയിട്ടില്ല. ഈ വര്‍ഷം ഇന്നേവരെ എനിയ്ക്ക് ലഭിച്ചത് വെറും മൂന്നു ലക്ഷത്തി മുപ്പത്തിനാലായിരം രൂപ മാത്രമാണ്. അത് കൂടാതെ ഞാന്‍ ചിലവാക്കിയതിന്റെ കണക്ക് കൊടുത്തതനുസരിച്ച് സര്‍ക്കാര്‍ അടുത്ത ഗഡു അനുവദിച്ചിട്ടുണ്ട്. അല്ലാതെ എനിയ്ക്ക് ഈ പതിമൂന്നു ലക്ഷം കിട്ടിയിട്ടില്ല.
മറ്റു അനാഥാലയങ്ങള്‍ക്ക് ഇത്രയും ഫണ്ട് ലഭിയ്ക്കുന്നില്ല എന്ന രീതിയിലുള്ള ആരോപണവും അടിസ്ഥാന രഹിതമാണ്. മറ്റ് സ്ഥാപനങ്ങള്‍ പോലെയല്ല ഇത്. ആരെങ്കിലും ഏല്‍പ്പിയ്ക്കുന്ന അനാഥരെ പുനരധിവസിപ്പിയ്ക്കുന്ന സ്ഥലമല്ല ഇത്. തെരുവില്‍ അലയുന്ന, പീടികത്തിണ്ണയില്‍ ഉറങ്ങുന്ന മാനസികരോഗികളായ അനാഥരെ കണ്ടെത്തി, കണ്ടെത്തുക എന്ന വാക്ക് ശ്രദ്ധിയ്ക്കുക, അതുപോലെ ബാലവേലയുമായി ബന്ധപ്പെട്ട കുട്ടികള്‍, ഇവരെയൊക്കെ കണ്ടെത്തി പുന:രധിവസിപ്പിക്കുക. ഇതാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇത്രയും കാര്യങ്ങള്‍ വേറൊരു അനാഥാലയവും ചെയ്യുന്നില്ല.
ഇനി ഇവിടെ വരുന്ന ചിലവുകള്‍ കേട്ടോളൂ
ഒരു ജനറല്‍ സെക്രട്ടറി, അത് ഞാന്‍ തന്നെ ശമ്പളം പതിനായിരം. സോഷ്യല്‍ വര്‍ക്കര്‍ ശമ്പളം പതിനായിരം തന്നെ. മാനേജര്‍ പതിനായിരം, കുക്ക് എണ്ണായിരം, കെയര്‍ ഗിവര്‍ എണ്ണായിരം ഇത്രയുമാണ് സ്ഥാപനത്തിലെ സ്റ്റാഫ്. അപ്പോള്‍ തന്നെ വര്‍ഷം അഞ്ചര ലക്ഷത്തോളം വരും. അയ്യായിരം കറണ്ട് ബില്‍. ഉടുതുണിയ്ക്ക് മറുതുണിയില്ലാത്തവര്‍ക്ക് അടിവസ്ത്രം മുതല്‍ വാങ്ങണം. ആയിരം രൂപ അതിനു വേണ്ടി ഒരാള്‍ക്ക് അനുവദിയ്ക്കും. അത് ഇതുവരെ ഉപയോഗിയ്ക്കാന്‍ ഈ ഒാഫീസര്‍ അനുവദിച്ചിട്ടില്ല.
പിന്നെ ഈ കെട്ടിടം സ്വന്തമാക്കാന്‍ ഞാന്‍ ശ്രമിയ്ക്കുന്നു എന്ന ആരോപണം. ഈ കെട്ടിടം എനിയ്ക്കായി തരണം എന്ന ആവശ്യവുമായി ഇന്നേവരെ രേഖാമൂലം ഞാന്‍ ഒരിയ്ക്കല്‍പ്പോലും വകുപ്പിനെ സമീപിച്ചിട്ടില്ല. ഉണ്ട് എന്ന് ഇവര്‍ തെളിയിയ്ക്കട്ടെ. വെറുതെ ആരോപണം ഉന്നയിക്കാതെ തെളിവ് ഹാജരാകട്ടെ.
പിന്നെ പറഞ്ഞ കള്ളാ സീല്‍. എനിക്കറിയില്ല ഇങ്ങനെയൊരു കാര്യം.
പിന്നെ ഇയാള്‍ പറഞ്ഞ ആരോപണം ശരിയാണെങ്കില്‍ ഞാന്‍ സമര്‍പ്പിയ്ക്കുന്ന കണക്കിന്മേല് സര്‍ക്കാര്‍ എന്നോട് വിശദീകരണം ചോദിയ്ക്കേണ്ടതല്ലേ?ചോദിച്ചിട്ടില്ല. പകരം അംഗീകരിച്ച് എനിയ്ക്ക് രണ്ടാം ഗഡു അനുവദിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.
ഇയാള്‍ക്ക് ഈ സ്ഥാപനത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ആക്ഷേപമുണ്ടെങ്കില്‍ അത് വകുപ്പില്‍ നല്കട്ടെ. അത്തരത്തില്‍ ഒരു പരാതിയും ഇയാള്‍ നല്‍കിയിട്ടില്ല. എന്നിട്ട് അഴിമതി പുറത്താകും എന്നായപ്പോള്‍ മാധ്യമങ്ങളില്‍ ആരോപണവുമായി വന്നിരിയ്ക്കുന്നതാണ്.
ഇനി ഇയാള്‍ക്ക് എന്നോട് ശത്രുത ഉണ്ടാകാനുള്ള പശ്ചാത്തലം ഒന്നു പരിശോധിയ്ക്കാം.
രാഷ്ട്രപതിയുടെ പുരസ്ക്കാരം കിട്ടിയപ്പോള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എന്താണ് ആവശ്യം എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചതില്‍ നിന്നുമാണ് തെരുവില്‍ നിന്ന് രക്ഷിയ്ക്കുന്നവരെ പുനരധിവസിപ്പിയ്ക്കാന്‍ ഒരു സ്ഥലം വേണം എന്ന ആവശ്യം ഉന്നയിയ്ക്കുന്നത്. 2012ല്‍ അപേക്ഷ രേഖാമൂലം എഴുതിക്കൊടുത്തു. ഒരു പ്രോജക്റ്റ് ആയി പരിഗണിച്ചുകൊണ്ട് സര്‍ക്കാര്‍ ഇതിനെക്കുറിച്ച് പഠനം നടത്തി. അങ്ങനെയാണ്2013 മേയ് പതിനാറിന് തെരുവോര പ്രവര്‍ത്തക അസോസിയേഷന്റെ നേതൃത്വത്തില്‍ തെരുവുവെളിച്ചം എന്ന സ്ഥാപനം തുടങ്ങുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു എന്‍ ജി ഒയും സര്‍ക്കാരും തമ്മില്‍ പാര്ട്ട്ണര്ഷിപ്പുപോലെ ഒരു സാമൂഹ്യ സ്ഥാപനം ആരംഭിയ്ക്കുന്നത്.
ഞാന്‍ ഒരു സാധാരണക്കാരനാണ്. ആളുകളെ തെരുവില്‍ നിന്നെടുക്കുക, അവരെ വൃത്തിയാക്കി എവിടെങ്കിലും സുരക്ഷിതസ്ഥാനത്ത് എത്തിയ്ക്കുക എന്നതിനപ്പുറം ഒരു സ്ഥാപനത്തിന്റെ അഡ് മിനിസ്ട്രേഷന് ഒന്നും നമുക്കറിയില്ല. എല്ലാ മാസവും ബില്‍ പാസാക്കാന്‍ അയക്കണമെന്ന് അറിയില്ലായിരുന്നു.
ആ സമയത്താണ് പ്രമോഷന് ആയിട്ട് കെ കെ വിനയന് സമൂഹ്യനീതിവകുപ്പില് ജില്ലാ ഓഫീസര്‍ ആയിട്ട് വരുന്നത്. ഇദ്ദേഹത്തിനു നേരത്തെതന്നെ ഈ ആശയത്തോടും സ്ഥാപനത്തോടും താല്പര്യമില്ല. ആദ്യമായി ഞാന്‍ ഇദ്ദേഹത്തെ കാണുമ്പോള്‍ പറഞ്ഞത് സര്‍ക്കാരിന്റെ കെട്ടിടമായാതുകൊണ്ട് ബില്‍ ഒക്കെ കിട്ടാന്‍, താമസമാണ്, അതുകൊണ്ട് ഇതൊഴിഞ്ഞു കൊടുത്താല്‍ വാടകയ്ക്ക് വേറെ കെട്ടിടം എടുക്കാം. വര്‍ഷാവര്‍ഷം ഗ്രാന്റ് പൈസയായിട്ടു വാങ്ങിച്ച് തരാം എന്നൊക്കെ. പക്ഷെ അന്ന് ഞാന്‍ പറഞ്ഞത് ഇത് നമ്മള് തമ്മിലുള്ള എഗ്രിമെന്റ് അല്ലല്ലോ, നമ്മള് അല്ലല്ലോ തീരുമാനിയ്ക്കേണ്ടത് എന്നാണ്. മാത്രമല്ല ഞാന്‍ ഈ വിവരം അപ്പോള്‍ത്തന്നെ തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ട്ടരെ വിളിച്ച് പറയുകയും ചെയ്തു. അദ്ദേഹം അവിടുന്ന് വിനയനെ വിളിച്ച് ഈ കാര്യത്തില്‍ ഡിപ്പാര്‍ട്ട് മെന്റ് നിങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലല്ലോ എന്ന് ശാസിയ്ക്കുകയും ചെയ്തു. അന്നുമുതല്‍ എന്നോടും ഈ സ്ഥാപനത്തോടും വിനയന് പകയാണ്.
അന്നുമുതല്‍ ബില്‍ പാസാക്കി കിട്ടുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇദ്ദേഹം ഉടക്കു വയ്ക്കലാണ്. മുരുകന് കിടന്നോടട്ടെ. ബില്‍ പാസാക്കണ്ട എന്നാണു ഇദ്ദേഹം കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്ന നിര്‍ദ്ദേശം. സാധാരണ പത്തും ഇരുപതും കൊല്ലം സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു സൂപ്രണ്ട് പദവിയില്‍ ഒക്കെ എത്തുമ്പോള്‍ മാത്രം കിട്ടുന്ന ഇത്തരം ഒരു സ്ഥാപനത്തിന്റെ മേല്‍നോട്ടം ഓട്ടോ ഓടിച്ചു നടന്ന തെരുവ് ചെറുക്കന് കിട്ടുന്നതിന്റെ ഒരു ചൊരുക്ക് ആയിരിയ്ക്കാം.
കൃത്യമായി പൈസ കിട്ടാതായപ്പോള്‍ ഞാന്‍ കലക്ട്ടര്‍ക്കും ഡയറക്ട്ടര്ക്കും പരാതി നല്കി. അവരുടെ മുന്നില്‍വച്ച് ഞാന്‍ കേള്‍ക്കെയാണ് ഇദ്ദേഹം പറഞ്ഞത് ഇങ്ങനെയൊരു സ്ഥാപനം അധികപ്പറ്റും അധികച്ചിലവുമാണ് എന്ന്. ആശാഭവന്, സ്നേഹ ഭവന്, ഡോണ്‍ ബോസ്ക്കോ പോലെയുള്ള സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ ഇതിനു പ്രസക്തിയില്ല എന്ന്. എന്നാല്‍ ഡയറക്ട്ടര്‍ അന്ന് ബ്യൂറോക്രസി കളിയ്ക്കരുത് ഇദ്ദേഹത്തിനു താക്കീത് നല്കി,. മുരുകന് ചെയ്യുന്നത് എനിയ്ക്കോ തനിയ്ക്കോ ചെയ്യാന്‍ പറ്റുന്നതല്ല. അഡ് മിനിസ്ട്രെഷനില് പോരായ്മകള്‍ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത് പരിഹരിയ്ക്കണം എന്ന്. അങ്ങനെ വീണ്ടും പകയായി.പതിനാറു മാസം സ്ഥാപനം ഓടിയതിന്റെ പൈസ അങ്ങനെ പതിനെട്ടു മാസം കൊണ്ട് തന്നു തീര്‍ത്തു. പിന്നീടാണ് ഈ സ്ഥാപനത്തില്‍ വരുന്ന കാശിന്റെ കണക്കുകള്‍ ബോധിപ്പിയ്ക്കണം എന്ന ആവശ്യവുമായി വരുന്നത്.
ഒരാള്‍ക്ക് മരുന്നുകള്‍ക്കായി മാസം നൂറു രൂപയാണ് അനുവദിയ്ക്കുന്നത്. ഒരാളെ തെരുവില്‍ നിന്നുകിട്ടുമ്പോള്‍ അയാളുടെ അവസ്ഥ വളരെ ദയനീയമായിരിയ്ക്കും. അവര്‍ക്ക് അടിവസ്ത്രം തൊട്ടുള്ള കാര്യങ്ങള്‍ നമ്മള് വാങ്ങേണ്ടി വരും. മുണ്ട്, ഷര്‍ട്ട്, തോര്‍ത്ത് എല്ലാം വേണം. ആ അവസ്ഥ മനസ്സിലായതുകൊണ്ട് അങ്ങനെ ഒരാള്‍ക്ക് രണ്ടു ജോഡി വസ്ത്രം വാങ്ങാന്‍ ആയിരം രൂപ സര്‍ക്കാര്‍ പാസാക്കിത്തന്നു..
പക്ഷെ പുറത്തുനിന്നു വാങ്ങിച്ച ഡ്രസ്സിന്റെ ബില്ലുകള്‍ വിനയന് കട്ട് ചെയ്തു. അയാള്‍ മുന്നോട്ടു വച്ച വ്യവസ്ഥ ഇതൊക്കെയായിരുന്നു. ഖാദിയുടെ കടകളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങണം. വാങ്ങിയവര്‍ക്ക് അറിയാം. ഖാദിയില്‍ ഒരു മുണ്ടിനു മുന്നൂറു രൂപയാണ്. അടിവസ്ത്രം ഇല്ല ,സ്ത്രീകള്‍ക്ക് ഉള്ള നൈറ്റി ഇല്ല. പക്ഷെ പുറത്ത് നിന്ന് വാങ്ങിച്ചാല്‍ ഇയാള്‍ ബില്‍ പാസാക്കി തരുകയുമില്ല. പക്ഷെ നിവൃത്തികേട് കൊണ്ട് വാങ്ങിച്ചു.
സര്‍ക്കാരിന്റെ കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈക്കോ മാര്ക്കറ്റ്എന്നിവിടങ്ങളില് നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളൂ. മത്സ്യം വാങ്ങാന്‍ പാടില്ല. ഇതൊന്നും ഈ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങാന്‍ പ്യൂണ്‍ ഒന്നുമില്ല. എന്നിട്ടും ഈ വ്യവസ്ഥകള്‍ അനുസരിച്ച് തന്നെയാണ് നീങ്ങിയത്. ഇരുപത് അന്തേവാസികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കുള്ള ഇരുപതിനായിരം രൂപ അനുവദിച്ച് തരും. പക്ഷെ ഇരുപതിനായിരത്തിന് സാധനങ്ങള്‍ വാങ്ങിച്ച് ബില്‍ കൊടുത്താലേ ആ പൈസ അനുവദിച്ച് കിട്ടൂ. ഞാന്‍ ഒരു ഓട്ടോ റിക്ഷ ഡ്രൈവര്‍ ആണ്. എനിയ്ക്ക് എന്റെതായ പരിമിതികള്‍ ഉണ്ട്. തെരുവോര പ്രവര്‍ത്തക അസോസിയേഷന്റെ ഒക്കെ സഹകരണത്തോടെയാണ് മുന്നോട്ടു നീങ്ങുന്നത്.
വലിയ പദവികളില്‍ ഓഫീസിലെ സുഖസൗകര്യങ്ങളില്‍ ഇരിയ്ക്കുമ്പോള്‍ ഇവരെപ്പോലെയുള്ളവര്‍ക്ക് അറിയില്ല, പിച്ചക്കാരന്റെയും തെരുവ് തെണ്ടിയുടെയും ഒന്നും വേദന. എല്ലാ പാര്‍ട്ടിയിലെയും യൂണിയനുകള്‍ക്ക് പണം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എന്നെ ഇവിടുന്നു മാറ്റാമെന്ന് നീ വിചാരിക്കണ്ട എന്ന് എന്നോട് പറഞ്ഞിട്ടുണ്ട് അയാള്‍. സ്വാധീനത്തിന്റെ ധൈര്യത്തിലാണ് ഈ കളിയെല്ലാം.
പെട്ടിക്കടകള്ക്കുവരെ ചുളുവില്‍ ലൈസന്‍സ് അനുവദിച്ചു കൊടുക്കും ഇയാള്‍. പല അനാഥാലയങ്ങള്‍ക്കും കാശ് അനുവദിച്ച് കൊടുക്കുന്നതിന് കമ്മീഷന് കിട്ടുന്നുണ്ട് ഇയാള്‍ക്ക്. അങ്ങനെ അയാള്‍ക്ക് പറ്റുന്ന ഒരു സ്ഥാപനത്തെ ഇവിടെ വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് എന്നെ ഓടിയ്ക്കാനുള്ള വഴികള്‍ നോക്കുന്നത്.
എന്നോട് ഒരിയ്ക്കല്‍ ഇയാള്‍ അന്‍പതിനായിരം രൂപയുടെ രസീത് ആവശ്യപ്പെട്ടു. കാശ് തരാതെ. അങ്ങനെയൊക്കെ നടക്കാറുള്ളതാണ് എന്നാണു പറയുന്നത്. എല്ലാവരും അഡ്ജസ്റ്റ് ചെയ്യുമത്രേ. എന്റെ ചോദ്യം ഇതുപോലെ ഇയാള്‍ എത്രയോ അനാഥാലയങ്ങളില്‍ നിന്ന് രസീത് വാങ്ങിയിട്ടുണ്ടാവാം. ഇതുപയോഗിച്ച് ഇയാള്‍ എത്ര ടാക്സ് വെട്ടിയ്ക്കുന്നുണ്ട് എന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും.
ഞാന്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് സംഭാവന വാങ്ങുന്നതിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ വന്നിരുന്നു. എന്റെ ഓരോ പൈസയ്ക്കും കണക്കുണ്ട്. കൃത്യമായി ടാക്സ് അടയ്ക്കുന്ന ഒരു പൌരനാണ് ഞാന്‍, ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് വാങ്ങുന്ന ഓരോ സാധനത്തിന്റെയും ബില്‍ സമര്‍പ്പിച്ചാണ് പണം കൈപ്പറ്റുന്നത്. പിന്നെ സംഭാവന. ഒന്നാമത് സംഭാവന നല്കുന്ന പലരും തങ്ങളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നു ആവശ്യപ്പെടാറുണ്ട്. പക്ഷെ കണക്ക് ബാങ്കില്‍ നിന്ന് നോക്കാമല്ലോ. എനിയ്ക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ തെളിയിയ്ക്കട്ടെ. അവിടെയും ഇവിടെയും ആരോപണങ്ങള്‍ പറയുന്നു എന്നല്ലാതെ ഇതുവരെ രേഖാമൂലം എന്നെക്കുറിച്ച് ഒരു പരാതി ഇയാള്‍ നല്‍കിയിട്ടില്ല.അങ്ങനെയുണ്ടെങ്കില്‍ അത് തെളിയിയ്ക്കട്ടെ.
ഈ ഉദ്യോഗസ്ഥന്റെ ഒരു കീഴ് ജീവനക്കാരന്റെ പെന്ഷന് പേപ്പര്‍ ശരിയാക്കി കൊടുക്കാന്‍ അയ്യായിരം രൂപ ഇയാള്‍ കൈക്കൂലി വാങ്ങി. ഇയാള്‍ക്ക് നാണമില്ലേ സ്വന്തം ഡിപ്പാര്‍ട്ടുമെന്റിനെ ഇത്രയും കാലം സേവിച്ച ഒരു കീഴ് ഉദ്യോഗസ്ഥനോട് ഇങ്ങനെയൊക്കെ പെരുമാറാന്‍. സമാനമായ പരാതി കൊടുക്കാന്‍ തയ്യാറായി നിരവധി ആളുകള്‍ ഉണ്ട്. മറ്റൊരു ജീവനക്കാരിയുടെ ട്രാവല്‍ അലവന്‍സ് ആറുമാസമായിട്ട് ഇയാള്‍ തടഞ്ഞു വച്ചിരിയ്ക്കുകയാണ്. പലരുടെയും പ്രമോഷന് വേണ്ടിയുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ കൈക്കൂലി ആവശ്യപ്പെട്ടു വെറുതെ താമസിപ്പിയ്ക്കുന്നു.
ഇയാള്‍ക്ക് എന്നെക്കുറിച്ച് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ ഗവണ്മന്റ് അന്വേഷണം നടത്തട്ടെ. അനുവദിച്ച ഫണ്ട് ഞാന്‍ എന്ത് ചെയ്യുന്നു എന്നൊക്കെ. പക്ഷെ ഈ സ്ഥാനത്ത് ഇരുന്ന സമയങ്ങളില്‍ കെ കെ വിനയന് എന്ന ഈ ഉദ്യോഗസ്ഥന് നടത്തിയ സാമ്പത്തിക ഇടപാടും പരിശോധിയ്ക്കണം.
ഞാന്‍ ഈ സ്ഥാപന നടത്തിപ്പ് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന രണ്ടായിരം രൂപ വാടകക്കുടിശ്ശിഖ പോലും കയ്യില്‍ നിന്ന് എടുത്താണ് അടച്ചത്. എഗ്രിമെന്റില്‍ അത് പറഞ്ഞിട്ടില്ല എന്ന കാരണത്താല്‍ അനുവദിച്ചില്ല. ജീവനക്കാരുടെ ശമ്പളം ഒന്നും കിട്ടിയില്ല അന്ന്. ഈ ഒരാള്‍ വിചാരിച്ചാല്‍,ഒരു റിപ്പോര്‍ട്ട് സത്യസന്ധമായി നല്കിയിരുന്നേല്, അത് നിസ്സാരമായി ലഭിയ്ക്കാമായിരുന്നു.
ഞാന്‍ വ്യക്തിപരമായ നേട്ടത്തിനല്ല ഇൗ സ്ഥാപനം നടത്തുന്നത്. വഴിയില്‍ കണ്ടെടുക്കുന്ന ആളുകളെ ജഡ്ജിമാരുടെ മുന്നിലാണ് ഓര്‍ഡര്‍ കിട്ടാന്‍ ഹാജരാക്കുന്നത്. വേറെയും അനഥാലയങ്ങള് ഇവിടുണ്ടല്ലോ..നൂറിലധികം ഓര്‍ഡര്‍ വാങ്ങിച്ച വേറെ ഏതേലും സ്ഥാപനമുണ്ടോ എന്ന് അന്വേഷിച്ച് നോക്കൂ. കേന്ദ്ര ഒാഫീസ് നന്നായി സഹകരിയ്ക്കുന്നുണ്ട്. പക്ഷെ എറണാകുളത്ത് ഈ ഉദ്യോഗസ്ഥന് കാരണമാണ് എല്ലാ തടസ്സങ്ങളും.
നാല് ജില്ലകളുടെ റീജിയണല്‍ ചുമതലയുള്ള പദവി ലഭിച്ചിട്ടും അഡീഷണല്‍ ആയി എറണാകുളം ജില്ലാ ഓഫീസറുടെ താഴ്ന്ന പദവികൂടി ചോദിച്ച് വാങ്ങി കൈകാര്യം ചെയ്യണമെങ്കില്‍ അതിന്റെ ഗുണം ഈ ജില്ലയില്‍ നിന്നും ആ പദവിയില്‍ നിന്നും കിട്ടിയിട്ടല്ലേ? രണ്ടുപേര്‍ വഹിയ്ക്കേണ്ട ചുമതല ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നു ഇപ്പോഴും.
ഇയാള്‍ അടുത്തിടെ പുതിയ വാഹനം വാങ്ങിച്ചിട്ടുണ്ട്. ഫാന്‍സി നമ്പര്‍ സ്വന്തമാക്കി. അത് റെഡി ക്യാഷ് ആണോ അതോ ലോണ്‍ ആണോ? മുച്ചക്ര വാഹന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇയാളുടെ അഴിമതിയെ സംബന്ധിയ്ക്കുന്ന വിവരങ്ങള്‍ ആരാഞ്ഞ് നല്കിയ വിവരാവകാശ രേഖ തടഞ്ഞു വച്ചിരിയ്ക്കുന്നതാര്?
ഇതുമാത്രമൊന്നുമല്ല.നിരവധി പരാതികള്‍ ഇയാളെ സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ്ലും പുറത്തുമുണ്ട്. ബില്ലുകള്‍ മാറാന്‍,പ്രോമോഷന്റെ റിവ്യൂ റിപ്പോര്‍ട്ടുകള്‍ തുടങ്ങി എല്ലാത്തിലും ഇയാള്‍ കള്ളക്കളികള്‍ നടത്തുന്നുണ്ട്.