
കാലിഫോര്‍ണിയ : കോവിഡ് എല്ലാ മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. വിനോദ സഞ്ചാര മേഖലയും കോവിഡില്‍ മോശം അവസ്ഥയിലൂടെയായിരുന്നു കടന്നു പോയത്. വിനോദസഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന പലരേയും ഇത് ബാധിച്ചു. ഇപ്പോള്‍ വിനോദ സഞ്ചാര മേഖല പതുക്കെ പഴയ നിലയിലേക്ക് വരാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ വിനോദസഞ്ചാര മേഖലയെ കൈ പിടിച്ചുയര്‍ത്താന്‍ കാലിഫോര്‍ണിയയിലെ ഒരു ചെറിയ ഗ്രാമവും ഒരു മാര്‍ഗം കണ്ടുപിടിച്ചിരിയ്ക്കുകയാണ്
തങ്ങളുടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് 100 ഡോളര്‍ നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്. സാന്റ മരിയ വാലി പരിപാടി സന്ദര്‍ശിക്കുന്നവര്‍ക്കാണ് നൂറ് ഡോളര്‍ വാഗ്ദാനം ചെയ്യുന്നത്. ഇവിടെ ഏതെങ്കിലും ഒരു ഹോട്ടലില്‍ ഏറ്റവും കുറഞ്ഞത് രണ്ട് രാത്രികളില്‍ എങ്കിലും താമസിക്കാന്‍ തയ്യാറാകുന്ന വിനോദ സഞ്ചാരികള്‍ക്ക് 100 ഡോളറിന്റെ വൗച്ചറുകള്‍ നല്‍കും.
ഇത് ഇവിടെയുള്ള വൈന്‍ കേന്ദ്രങ്ങളിലും ബ്രൂവറികളും റസ്റ്റോറന്റുകളിലും ഉപയോഗിക്കാന്‍ കഴിയും. വ്യാഴാഴ്ചയാണ് പ്രദേശത്തെ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ഈ പദ്ധതി ആരംഭിച്ചത്. മാര്‍ച്ച് 31 വരെ ഈ പദ്ധതി നീണ്ടു നില്ക്കും.
സാന്റ മരിയ താഴ്വര സന്ദര്‍ശിക്കാന്‍ എത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി ഓഫറുകളാണെന്ന് സാന്റ മരിയ വാലി സന്ദര്‍ശക ബ്യൂറോ ഡയറക്ടര്‍ ജെനിഫര്‍ ഹാരിസന് സിഎന്‍എന്നിനോട് പറഞ്ഞു. '' ഇവിടെ മനോഹരമായ ബീച്ചുകളുണ്ട്. കൂടാതെ, ഹോട്ടലുകളും വീഞ്ഞ് ഉണ്ടാക്കുന്ന സ്ഥലങ്ങളും ഉണ്ട്. കോവിഡ് കാലത്തെ തുടര്‍ന്ന് എല്ലാവരും സാമ്പത്തികമായ ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് ബജറ്റ് ട്രാവലേഴ്സിന് ധൈര്യമായി ഇങ്ങോട്ടേക്ക് വരാം. കാലിഫോര്‍ണിയയിലെ മറ്റ് കേന്ദ്രങ്ങള്‍ പോലെ ഈ വിനോദ സഞ്ചാര കേന്ദ്രവും സുരക്ഷിതമാണ്.
അത്ര വലിയ തിരക്കില്ലാത്ത സ്ഥലമായതിനാല്‍ സാമൂഹ്യ അകലം പാലിച്ച് ഇവിടെ കഴിയാം. സുരക്ഷിതത്തോടെ സാന്റ മരിയ വാലിയിലെത്തി സന്ദര്‍ശിച്ച് പോകാന്‍ കഴിയും. വൈനുകള്‍ രുചിച്ചു നോക്കാവുന്ന കേന്ദ്രങ്ങള്‍ ഉണ്ട്. അവിടെയെല്ലാം സന്ദര്‍ശിക്കാവുന്നതാണ്.
പുറത്തുള്ള ഒരുപാട് സ്ഥലങ്ങളുണ്ട്. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സന്ദര്‍ശിക്കാവുന്നതാണ്. ആരോഗ്യകരവും സുരക്ഷിതവുമായ പ്രോട്ടോക്കോളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് '' - ഹാരിസന് പറയുന്നു.






