
ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ ചര്‍ച്ചക്കൊടുവില്‍ ഡെപ്സാങ്, പട്രോളിങ് പോയിന്റ് 15, ഗോഗ്ര, ഡെംചോക് എന്നിവിടങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റത്തിന് തയ്യാറായി
ചൈന. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പത്താംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് തീരുമാനമായത്. ഗല്‍വാന്‍ താഴ്വരയില് നടന്ന ഏറ്റുമുട്ടലിനെതുടര്‍ന്ന് ഇരുരാജ്യങ്ങളും നിരവധി നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരികയാണ്. 13 മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു പത്താംവട്ട ചര്‍ച്ച.
സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളില്‍ നിന്നുളള സൈനിക പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തിയെന്നും എന്നാല്‍ ഡെപ്സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. ലഡാക്കിലെ സൈനിക പിന്മാറ്റത്തിന് ശേഷം നടന്ന ആദ്യവട്ട സൈനികതല ചര്‍ച്ചയായിരുന്നു ഇത്. ചര്‍ച്ചയില്‍ ലെഫ്. ജനറല്‍ പിജികെ മെനോന്‍, ഷിന്‍ജിയാങ് മിലിട്ടറി ചീഫ് മേജര്‍ ജനറല്‍ ലിയു നിന് എന്നിവര്‍ പങ്കെടുത്തു. ബെയ്ജിങ്ങിലും ന്യൂഡല്‍ഹിയിലും നടക്കുന്ന ഉന്നതതല ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
2013 മുതല്‍ ഡെപ്സാങ്ങിലെ പട്രോളിങ് പോയിന്റുകളില്‍ ഇന്ത്യന്‍ പട്രോളിങ് ചൈന തടഞ്ഞിരുന്നു. ഏറഅറവും കൂടുതല്‍ സൈനികതല ചര്‍ച്ചകള്‍ നടന്നിട്ടുള്ളതും ഈ പ്രദേശത്തെച്ചൊല്ലിയായിരുന്നു. പിന്നീട് 2020 ജൂണ്‍ 15-ന് ഗാല്‍വന്‍ താഴ്വരയില് ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ഉണ്ടായി. 20 ഇന്ത്യന്‍ സൈനികര്‍ അന്ന് വീരമൃത്യു വരിച്ചു. 45 ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.






