
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ബ്രോഡ്ബാന്റ് സേവനം ഉടൻ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. 2022 ഓടെ ഇന്ത്യയില്‍ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന് സ്റ്റാര്‍ലിങ്ക് വെബ്സൈറ്റ് സൂചിപ്പിക്കുന്നു. ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങള്‍ ഇതിനായി വിക്ഷേപിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി.
സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിക്കാന്‍ താല്പര്യമുള്ളവർക്ക് ഇപ്പോള്‍ അതിനായി റിസര്‍വ് ചെയ്യാം. റിസര്‍വേഷന്‍ നിരക്ക് 99 ഡോളറാണെന്നാണ് (ഏകദേശം 7240 രൂപ) റിപ്പോർട്ട്. നികുതികൾ ഒഴികെയുള്ള തുകയാണിത്. സ്റ്റാര്‍ലിങ്ക് സേവനം നല്കുന്ന ഉപകരണത്തിനുള്ള തുകയാണ് 99 ഡോളര്‍. www.starlink.com എന്ന വെബ്സൈറ്റിലൂടെയാണ് ഓർഡർ ചെയ്യാനാവുക.
റിസര്‍വ് ചെയ്യുന്നവരില്‍ ആദ്യമെത്തുന്നവരുടെ ക്രമത്തിലാണ് കണക്ഷന് നല്‍കുക എന്നും റിസര്‍വേഷന്‍ പിന്‍വലിക്കാനും നല്കിയ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യാനും സാധിക്കുമെന്നും റിപ്പോർട്ടുണ്ട്. സ്റ്റാര്‍ലിങ്ക് ഉപയോക്താക്കള്‍ക്ക് ഇതിനായി ഡിടിഎച്ച് സേവനത്തിന് സമാനമായ ഒരു ഡിഷ് ആന്റിനയും അനുബന്ധ ഉപകരണങ്ങളുമാണ് ആവശ്യമായി വരിക. തുടക്കത്തില്‍ വളരെ നിയന്ത്രിതമായാണ് സേവനം ലഭ്യമാക്കുക. നിലവില്‍ സെക്കന്റില്‍ 50 എംബി മുതല്‍ 150 എംബി വരെയാണ് സ്റ്റാര്‍ലിങ്ക് വേഗത വാഗ്ദാനം ചെയ്യുന്നത്. 300 എംബിപിഎസിലേക്ക് ഇത് ഉയര്‍ത്താനാകുമെന്ന് ഇലോണ്‍ മസ്ക് അടുത്തിടെ അവകാശപ്പെട്ടിരുന്നു.






