ന്യൂഡല്‍ഹി: രണ്ടാം ഘട്ട കോവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ വാക്സിന് നിരക്ക് സംബന്ധിച്ച് ധാരണയായി. 250 രൂപ നിരക്കില്‍ സ്വകാര്യ ആശപത്രികളില്‍ ഈടാക്കുക എന്നാണ് വിവരം. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടന്‍ പ്രഖ്യാപനം നടത്തും. വാക്സിന് നിര്‍മ്മാതക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.
സ്വകാര്യ ആശുപത്രികളില്‍ വാക്സിന് 250 രൂപയായിരിക്കും ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. രാജ്യത്തെല്ലായിടത്തും ഈ നിരക്ക് തന്നെയായിരിക്കും ഈടാക്കുക. അതേസമയം 60 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന് നല്‍കുക.
സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന് രാജ്യത്തുടനീളം സൗജന്യ നിരക്കിലാണ് ലഭ്യമാക്കുക. കേരളത്തില്‍ വാക്സിന് സൗജന്യമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. അറുപത് വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും രണ്ടാം ഘട്ടത്തില്‍ വാക്സിന് ലഭിക്കും. രാജ്യത്ത് 60 വയസ്സിനു മുകളിലുള്ളവര്‍ പത്തു കോടിയിലധികം വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍.






