
മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കുമുന്നില്‍ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് അല്‍ ഹിന്ദ്.
'ഇത് ഒരു ട്രെയിലര്‍ മാത്രമായിരുന്നു, വലിയത് ഇനി വരാനിരിക്കുന്നു" എന്ന ഭീഷണി സന്ദേശമാണ് ഇവര്‍ പുറത്ത് വിട്ടിരിക്കുന്നത്. ടെലഗ്രാം ആപ്പ് വഴിയാണ് സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തത്. ടെലിഗ്രാം ആപ്പിലെ സന്ദേശത്തില്‍ ജയ്ഷ്-ഉല്-ഹിന്ദ് ബിറ്റ്കോയിന് വഴി പണം ആവശ്യപ്പെട്ടിട്ടുണ്ട്.
സംഘടന ആവശ്യപ്പെട്ട പണം ബിറ്റ്കോയിനായി കൈമാറണമന്നും മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും അഭിസംബോധന ചെയ്ത സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഞങ്ങളെ തടയുക' എന്ന വെല്ലുവിളിയും അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ ഉയര്‍ത്തിയിട്ടുണ്ട്.
ദക്ഷിണ മുംബൈയില്‍ മുകേഷ് അംബാനിയുടെ ബഹുനില വസതിയായ ആന്റിലയില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെ കര്‍മൈക്കേല്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തിൽ നിന്ന് 20 ജലാറ്റിന്‍ സ്റ്റിക്കുകൾ കണ്ടെത്തിയിരുന്നു.






