
മിങ്ക് തിമിംഗലങ്ങളെ കൂട്ടമായി വേട്ടയാടുന്നതിനെതിരെ ആഗോളതലത്തിലുള്ള എതിർപ്പുകളെ അവഗണിച്ചുകൊണ്ട് വാണിജ്യാവശ്യങ്ങൾക്കായി തിമിംഗലങ്ങളെ കൂട്ടമായി വേട്ടയാടി കൊല്ലാനുള്ള തീരുമാനം അറിയിച്ച് നോർവെ സർക്കാർ. ഈ വർഷം വേട്ടയാടി കൊല്ലാനുള്ള തിമിംഗലങ്ങളുടെ എണ്ണം 1278 ആയി നിജപ്പെടുത്തിയിരിക്കുന്നതായാണ് സർക്കാരിന്റെ അറിയിപ്പ്.
മിങ്ക് തിമിംഗലങ്ങളുടെ മാംസത്തിന് ആവശ്യക്കാർ ഏറിവരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് നോർവെയുടെ ഫിഷറീസ് വകുപ്പ് മന്ത്രിയായ ഓഡ് എമിൽ പറയുന്നു.
കഴിഞ്ഞവർഷം ഏപ്രിൽ ആദ്യം മുതൽ സെപ്റ്റംബർ അവസാനം വരെയാണ് നോർവേയിൽ തിമിംഗല വേട്ട നീണ്ടു നിന്നത്. ഈ കാലയളവിനുള്ളിൽ 500നു മുകളിൽ തിമിംഗലങ്ങളെ കൊന്നൊടുക്കി.
2019ൽ 429 തിമിംഗലങ്ങളെയാണ് വേട്ടയാടിയത്.
അതേസമയം മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആനിമൽ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ സർവേ പ്രകാരം നോർവെയിലെ ജനങ്ങളിൽ നാലു ശതമാനം മാത്രമാണ് സ്ഥിരമായി തിമിംഗല മാംസം ഭക്ഷണത്തിനുപയോഗിക്കുന്നത്.
കഴിഞ്ഞവർഷം തിമിംഗലവേട്ടയ്ക്കുള്ള നിയന്ത്രണങ്ങളിലും നോർവേ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ബോട്ടുകൾ വേട്ടയാടലിനായി മുന്നോട്ടുവരണമെന്ന ഉദ്ദേശത്തോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്.






