
ബാറ്ററി ലൈഫ് ലാഭിക്കാൻ ഫോണിലെ 5ജി ഓഫ് ചെയ്താല്‍ മതിയെന്ന് നിര്‍ദേശവുമായി ടെലികോം കമ്പനി വെറൈസണ്‍. 5ജി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 4500 കോടിയോളം ഡോളര്‍ നിക്ഷേപിച്ച ടെലികോം കമ്പനിയായ വെറൈസണില്നിന്നുള്ള ഈ നിര്‍ദേശം ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുകയാണ്.
സാധാരണയുള്ളതിനേക്കാള്‍ പെട്ടെന്ന് ഫോണിലെ ബാറ്ററി ചാര്‍ജ് തീരുന്നുണ്ടെങ്കില്‍ ഫോണിലെ എല്‍ടിഇ (LTE) ഓണ്‍ ചെയ്യുകയാണ് ഏക മാര്‍ഗം എന്നാണ് വെറൈസണ്‍ പറയുന്നത്. അമേരിക്കയിലെ പ്രധാന ടെലികോം സേവനദാതാക്കളില്‍ ഒന്നാണ് വെറൈസണ്‍. 5ജി കൂടുതല്‍ സ്ഥലങ്ങളിലേക്ക് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്നാണ് റിപ്പോർട്ട്.
വെറൈസണ്‍ ഈ ട്വീറ്റിലൂടെ 5ജിയ്ക്ക് പ്രചാരം നല്കാന് ശ്രമിക്കുന്നതിനിടെ '5ജി ഓഫ് ചെയ്യുക' എന്ന് ഉപയോക്താക്കളോട് പറയാതിരിക്കാന്‍ ജാഗ്രത പാലിക്കുകയാണ്. ഫോണുകള്‍ക്ക് 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാനായി കൂടുതല്‍ ഊര്‍ജം ആവിശ്യമാണ്. 4ജി ഫോണുകളില്‍ ബാറ്ററി ചാര്‍ജ് ലാഭിക്കാന്‍ എല്‍ടിഇ കണക്റ്റിവിറ്റി ഓഫ് ചെയ്യാറുണ്ട്, അതുകൊണ്ടുതന്നെ 5ജി ഫോണുകളിലും ചാര്‍ജ് ലാഭിക്കാന്‍ ഇതുതന്നെയാണ് ചെയ്യേണ്ടത്.






