
ജർമൻ ആഢംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ള്യു 3 സീരീസ് സെഡാൻ ശ്രേണി വിപുലീകരിച്ചു. കൂടുതൽ വീൽബേസുള്ള 3 സീരീസ് ഗ്രാൻ ലിമോസിൻ പതിപ്പ് ജനുവരിയിൽ ആണ് വിപണിയിലെത്തിച്ചത്. കൂടാതെ, ഏറ്റവും പവർഫുൾ ആയ പതിപ്പ് M340i കമ്പനി ഇപ്പോൾ വില്പനക്കെത്തിച്ചു. ബിഎംഡബ്ള്യു 3 സീരീസ് M340i-യ്ക്ക് 62.9 ലക്ഷം ആണ് എക്സ്-ഷോറൂം വില. ബിഎംഡബ്ള്യു ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ എം ഡിവിഷൻ കാറാണ് M340i എക്സ്ഡ്രൈവ്. ബിഎംഡബ്ള്യുവിന്റെ ഹൈപെർഫോമൻസ് വാഹനങ്ങള നിർമ്മിക്കുന്ന എം ഡിവിഷനാണ് ഇത് നിർമിച്ചിരിക്കുന്നത്.
സൺസെറ്റ് ഓറഞ്ച്, ദ്രാവിറ്റ് ഗ്രേ മെറ്റാലിക്, ടാൻസാനൈറ്റ് ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ വാങ്ങാവുന്ന ബിഎംഡബ്ള്യു M340i ലഭ്യമാണ്. ബിഎംഡബ്ള്യു M340i-യിൽ 387 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നിർമ്മിക്കുന്ന 3.0 ലിറ്റർ, ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. എക്സ്ഡ്രൈവ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവർ എത്തിക്കുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ഇതിൽ. ബിഎംഡബ്ള്യു M340i എക്സ്ഡ്രൈവിന് വെറും 4.4 സെക്കന്റ് മതി 100 kmph വേഗത കൈവരിക്കാൻ.
കൂടിയ പെർഫോമൻസിന് പിന്തുണയേകാൻ എം-സ്പെസിഫിക് സസ്പെൻഷൻ, എം സ്പോർട്ട് ഡിഫറൻഷ്യൽ, എം സ്പോർട്ട് ബ്രേക്കുകൾ, എം സ്പോർട്ട് എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവ M340i എക്സ്ഡ്രൈവിൽ നൽകിയിട്ടുണ്ട്. 18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന് ഉള്ളത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഐഡ്രൈവ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയിസ് കമാൻഡുകൾ, മൂന്ന്- സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ജെസ്റ്റർ കൺട്രോൾ, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്,ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ്, വയർലെസ് ചാർജിംഗ്, പാർക്കിംഗ് ക്യാമറ എന്നിവ നൽകിയിട്ടുണ്ട്.






