അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് പുതിയ ഹമ്മര്‍ ഇലക്ട്രിക് പിക്ക്അപ്പ് എസ്.യു.വി. ഏപ്രില്‍ മൂന്നിന് അവതരിപ്പിക്കും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വാഹനത്തിന്റെ അവതരണം പലവട്ടം മുടങ്ങിയിരുന്നു. ഇലക്ട്രിക് പിക്ക്അപ്പ് ആയി ആദ്യമെത്തുന്ന ഈ വാഹനം പിന്നീട് എസ്.യു.വിയായുമെത്തുമെന്നാണ് റിപ്പോർട്ട്. ഏകദേശം 1.12 ലക്ഷം ഡോളറാണ് (82 ലക്ഷം രൂപ) ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.
ഫോര്‍ഡിന്റെ ഇലക്ട്രിക് വാഹനമായ എഫ്-150, ടെസ്ലയുടെ സൈബര്‍ ട്രക്ക് എന്നിവ ആയിരിക്കും ഹമ്മര്‍ ഇലക്ട്രിക് പിക്ക്അപ്പിന്റെ പ്രധാന എതിരാളികൾ. ഹമ്മര്‍ ഇലക്ട്രിക്കിന്റെ രൂപകൽപ്പന, സവിശേഷതകൾ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ മുമ്പ് തന്നെ ടീസര്‍ വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. പരീക്ഷണവേളയില്‍ 560 കിലോ മീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് ലഭിച്ചിരുന്നതെന്നാണ് സൂചന. 800 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 മൈല്‍ സഞ്ചരിക്കാമെന്നും കമ്പനി അറിയിച്ചു.
കേവലം മൂന്ന് സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കും. ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മോട്ടോറുകള്‍ ചേര്‍ന്ന് 1000 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കും. അകത്തളത്തിൽ 13.4 ഇഞ്ച് ഡയഗോണല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ആകര്‍ഷകമായ സീറ്റുകള്‍ ഒരുങ്ങുന്നു.






