
ന്യൂഡല്‍ഹി : ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയാലും അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കുമെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വിവാദ കാര്‍ഷിക നിയമങ്ങള്‍ മൂലം ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്കുള്ള ജനപിന്തുണ നഷ്ടമായി കഴിഞ്ഞു. സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടും, ആഭ്യന്തരമന്ത്രിയോടും സംസാരിച്ചിരുന്നു. കര്‍ഷകരുമായി ചര്‍ച്ച ചെയ്യണം. ഇങ്ങനെ പറയുന്നത് സര്‍ക്കാരിന് എതിരാണെങ്കില്‍ താന്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നും പറഞ്ഞതായി അദ്ദേഹം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
കര്‍ഷകരുടെ അവസ്ഥ വളരെ ദയനീയമാണ്. ജനങ്ങള്‍ ബിജെപി മന്ത്രിമാരെ മര്‍ദ്ദിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍, അതുകൊണ്ട് തന്നെ നിലവില്‍ അവര്‍ക്ക് ഗ്രാമങ്ങള്‍ വിട്ട് പുറത്ത് പോകാന്‍ കഴിയുന്നില്ലായെന്നും, കര്‍ഷകരെ വെറുംകയ്യോടെ മടക്കി അയയ്ക്കരുത്. സര്‍ക്കാര്‍ തുറന്ന മനസ്സോടെ അവരോട് സംസാരിക്കണമെന്നും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ അയിരുന്ന മാലികിനെ 370 ാം അനുച്ഛേദം റദ്ദാക്കിയ സമയം ഗോവയിലേക്ക് സ്ഥലം മാറ്റി. പിന്നീട് ഗോവന്‍ സര്‍ക്കാരുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് മേഘാലയിലേക്ക് മാറ്റി.






