
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കാന്‍ തീരുമാനമെടുത്തതിനെച്ചൊല്ലി സമരസമിതിയില്‍ ഭിന്നത. കോണ്‍ഗ്രസിലെ ചില നേതാക്കളുമായി ഉണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ ഭാഗമാണിതെന്ന് സമിതി ജോയന്റ് കണ്‍വീനര്‍ എം. ബാലമുരളി.
തീരുമാനവുമായി മുന്നോട്ടുപോയാല്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചു ചില തുറന്നുപറച്ചില്‍ നടത്തുമെന്നും ബാലമുരളി പറഞ്ഞു. പാറശാലവരെ നടത്താന്‍ നിശ്ചയിച്ച് ആരംഭിച്ച ജാഥ തൃശൂരില്‍ എത്തിയപ്പോള്‍ അവസാനിപ്പിച്ചു. അവിടെ നിന്നാണ് ധര്‍മടത്ത് മത്സരിക്കുമെന്ന പ്രഖ്യാപനം വന്നത്. ഇത് സമരസമിതി ജോയന്റ് കണ്‍വീനര്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ല. ജാഥ ആരംഭിക്കും മുമ്പേ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും അത് വേണ്ടെന്ന നിലപാടാണ് എല്ലാവരും എടുത്തതെന്നും ബാലമുരളി പറഞ്ഞു.
നിലവിലെ തീരുമാനത്തിനു പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നതായും ബാലമുരളി ആരോപിച്ചു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണംമുതല്‍ സമരത്തിന്റെ ഭാഗമായതിനാല്‍ സമരസമിതിയില്‍ നിന്നു സ്വയം പുറത്തുപോകില്ല. അതേസമയം, സമിതിയില്‍ നിന്നും പുറത്താക്കിയതായാണ് പറഞ്ഞു കേട്ടതെന്നും ബാലമുരളി പറഞ്ഞു.
സി.പി.എം. ചാരന് സമരസമിതിയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അപഹാസ്യമാണെന്ന് വാളയാര്‍ നീതി സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാല്‍, കണ്‍വീനര്‍ വി.എം. മാര്സന്, രക്ഷാധികാരി സി.ആര്. നീലകണ്ഠന് എന്നിവര്‍ പറഞ്ഞു.
സമീപകാലത്തൊന്നും വാളയാര്‍ സമരങ്ങളില്‍ പങ്കെടുക്കാതെ ഒളിച്ചുകളിച്ച ബാലമുരളി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സി.പി.എം. വിമതനാണ്. ശക്തിപ്പെടുന്ന വാളയാര്‍ സമരത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സി.പി.എമ്മിന്റെ ചട്ടുകമായിനിന്നു ബാലമുരളി ചെയ്യുന്നത്. സമരസമിതിയുടെ ഒരു ഭാരവാഹിത്വവും ഇയാള്‍ക്കില്ലെന്നും നേതാക്കള്‍ തുറന്നടിച്ചു.






