
കറുത്ത ഫ്രെയിമുള്ള കണ്ണട വച്ച, എപ്പോഴും കലപില കൂട്ടുന്ന ജെസ്നയുടെ തിരിച്ചുവരവിനായി കാതോർക്കുകയാണ് ആ കുടുംബം.
കേരള പൊലീസിന്റെ ക്രൈംഫയലിൽ ജെസ്ന എന്ന പെൺകുട്ടിയുടെ തിരോധാനമെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ജെസ്നയുടെ തിരോധാനത്തിന് മാർച്ച് 22ന് മൂന്നു വർഷം തികയും....
പത്തനംതിട്ട കൊല്ലമുള സന്തോഷ്കവല കുന്നത്തു വീട്ടിൽ ജയിംസ് ജോസഫ്–ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെസ്നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. രാവിലെ മുണ്ടക്കയം പുഞ്ചവയലിലെ പിതൃ സഹോദരിയുടെ വീട്ടിലേക്കു പോയ ജെസ്ന എരുമേലി വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല.
ജെസ്നയെ തട്ടിക്കൊണ്ടു പോയതാണ്. അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം’... ജെസ്നയുടെ മൂത്ത സഹോദരി ജെഫി ജയിംസ് പറയുന്നു.ജെസ്നയെ ബാധിക്കുന്ന ഒരു പ്രശ്നവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒന്നാം വർഷ പരീക്ഷയിൽ 90% മാർക്കുണ്ടായിരുന്നു ജെസ്നയ്ക്ക്. അവളൊരിക്കലും ബസിൽ ഒറ്റയ്ക്കു സഞ്ചരിക്കാറില്ല. കൂട്ടുകാരികൾക്കൊപ്പം മാത്രമേ പോകുകയുള്ളൂവെന്നും ജെഫി പറയുന്നു.






