
മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത മുഖമാണ് ജ്യോതി കൃഷ്ണയുടേത്. ബോംബെ മാര്‍ച്ച്, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി, ഞാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ജ്യോതി. വിവാഹശേഷം കുടുംബവുമൊത്ത് ദുബായില്‍ ജീവിക്കുന്ന ഈ കലാകാരി അഭിനയരംഗത്തേക്ക് മടങ്ങിവരാന്‍ കാത്തിരിക്കുകയാണ്. തന്റെ പുതിയ ജീവിതത്തെക്കുറിച്ചും സിനിമയിലെ പുത്തന്‍ പ്രതീക്ഷകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ജ്യോതി കൃഷ്ണ...
സിനിമയൊക്കെ മാറ്റിനിര്‍ത്തി കുടുംബത്തിനൊപ്പമാണല്ലോ. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
സിനിമയെ മാറ്റി നിര്‍ത്തിയിട്ടൊന്നുമില്ല. എല്ലാവരേയും പോലെ തന്നെ വിവാഹശേഷം ജീവിതമൊന്നു സെറ്റാകാന്‍ കുറച്ച് സമയം എടുത്തു എന്നേയുളളൂ. കുഞ്ഞുങ്ങളൊക്കെയാകുമ്പോള് അവരുടെ കൂടെ അമ്മമാര്‍ ഉണ്ടാവണം. ഇതിനിടയില്‍ സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായതുകൊണ്ട് എപ്പോഴാണ് അഭിനയത്തിലേക്ക് തിരിച്ചുവരുന്നതെന്ന് പലരും ചോദിക്കാറുണ്ട്. തിരിച്ചുവരവിന് വഴിയൊരുക്കുന്ന നല്ല സിനിമയ്ക്കായി കാത്തിരിക്കുകയാണ് ഞാനും.
അഭിനയ രംഗത്ത് വന്ന സമയത്ത് ആവശ്യമില്ലാത്ത കുറച്ച് സിനിമകള്‍ ചെയ്തു. അതെല്ലാം എന്റെ കരിയറിനെ ദോഷമായി ബാധിച്ചു. കിട്ടേണ്ട പല അവസരങ്ങളും നഷ്ടപ്പെട്ടു എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരുമ്പോള്‍ നമുക്കായിട്ട് ഒരു സ്പേസ് അവിടെ ഉണ്ടാവണം. അത്തരമൊരു സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്. പിന്നെ കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കുന്ന സമയവും പ്രധാനപ്പെട്ടതുതന്നെയാണല്ലോ. മനസിലുണ്ടായിരുന്ന സാങ്കല്‍പ്പിക ലോകമേയല്ല ജീവിതമെന്നത് വലിയ തിരിച്ചറിവാണ്. എനിക്ക് കുട്ടിക്കളിയും പക്വതയില്ലായ്മയും ഒക്കെയുണ്ടായിരുന്നു. ജീവിതത്തെ വളരെ നിസ്സാരമായി കണ്ടിരുന്ന വ്യക്തിയായിരുന്നു. ഇതൊക്കെ എത്ര ഗൗരവമുളള കാര്യമാണെന്ന് വിവാഹം കഴിഞ്ഞപ്പോഴാണ് മനസിലായത്. അതൊരു വലിയ മാറ്റം തന്നെയായിരുന്നു.
ദുബായ് ജീവിതം എങ്ങനെ ആസ്വദിക്കുന്നു?
വളരെ കംഫര്‍ട്ടബിളായുള്ള ലൈഫാണ് ഇവിടുത്തേത്. മുന്‍പ് ഒരു അഞ്ച് മാസക്കാലം ദുബായ് എഫ് എമ്മില്‍ ജോലി ചെയ്തിരുന്നു. ആ സമയത്ത് ഓഫീസ് കഴിഞ്ഞാല്‍ വീട്, വീട് കഴിഞ്ഞാല്‍ ഓഫീസ് അങ്ങനെയായിരുന്നു. അവധി കിട്ടുന്ന വെള്ളിയാഴ്ച ഉച്ചവരെ കിടന്നുറങ്ങും. പുറത്ത് പോകണം എന്നൊരു ചിന്തയേയില്ല. ദുബായ് ജീവിതം ആസ്വദിക്കുക എന്നൊന്നൊന്നുണ്ടായിട്ടേയില്ല. സാധാരണ ഇവിടെ ജോലിചെയ്യുന്ന ആളുകളെപ്പോലെ ബുര്‍ജ് ഖലീഫ, പാം ജുമാര ഇതെല്ലാം കാണുക എന്നതിലപ്പുറം ദുബായ് എന്താണെന്ന് അറിയാന്‍ ശ്രമിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് അരുണിനൊപ്പം വന്ന ശേഷമാണ് ദുബായ് നഗരത്തെ അടുത്തറിയുന്നത്. ഇപ്പോളിവിടെ പോകാത്ത സ്ഥലങ്ങളില്ല. ജീവിതം വളരെയധികം മാറി.
ഒറ്റ മോളാണ് ഞാന്‍. എന്റെ ചെറുപ്പത്തിലേ അച്ഛന് മരിച്ചു. ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ വരുമാനത്തിലാണ് വീട് നടന്നുകൊണ്ടിരുന്നത്. അതിന്റെ പരിമിതികളില്‍ നിന്നായിരുന്നു ഞാനും അമ്മയും ജീവിച്ചത്. അതുകൊണ്ടുതന്നെ ആര്ഭാടങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. വിവാഹശേഷം അരുണ്‍ എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തു. ഇന്ന് ആഗ്രഹിച്ചതുപോലെ ഒരു ജീവിതം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്. ദൈവത്തിന് നന്ദി.
അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് എപ്പോഴാണ്?
നേരത്തെ പറഞ്ഞതുപോലെ എനിക്ക് ഒരുപാട് നല്ല സിനിമകള്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രം. ആ സിനിമകളിലും ആളുകള്‍ അറിയുന്ന ചിത്രങ്ങള്‍ കുറവ്. സത്യസന്ധമായി ചെയ്യാന്‍ അറിയാവുന്നത് സിനിമയും അഭിനയവും ഒക്കെയാണ്. ഓഫീസ് ജോലിയാണെങ്കില്‍ എനിക്ക് പെട്ടെന്ന് മടുക്കും. അതില്‍ വിജയിക്കാനും പറ്റില്ല. ശരിക്കും പറഞ്ഞാല്‍ ആദ്യ സമയത്ത് ഹീറോയിന് ആകണം എന്നായിരുന്നു. ഇനി അത് നോക്കുന്നില്ല. നല്ല ക്യാരക്ടര്‍ റോളുകള്‍ വന്നാല്‍ ചെയ്യണം. മോന് ഒന്നര വയസു കഴിഞ്ഞു. ഇനി കുറച്ച് ഫ്രീയാകാം.
കുഞ്ഞുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച്? എങ്ങനെയാണ് കുഞ്ഞിനൊപ്പം സമയം ചെലവഴിക്കുന്നത്.?
ഞാനൊരു പ്രൗഡ് മം ആണെന്ന് പറയാന്‍ കഴിയും. ദ്രുവ് നെ മൂന്നാം മാസം മുതല്‍ ഞാന്‍ തന്നെയാണ് നോക്കുന്നത്. ഡെലിവറി ദുബായില്ത്തന്നെയായിരുന്നു. ഒന്നര മാസം അമ്മ കൂടെയുണ്ടായിരുന്നു. അതിന് ശേഷം ഞങ്ങള്‍ നാട്ടിലേക്ക് വന്നു. അവന് മൂന്ന് മാസമായപ്പോള്‍ ഞങ്ങള്‍ തിരികെ ദുബായിലേക്ക് പോന്നു. പിന്നെ മോന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെയാണ് ചെയ്തത്. ഞങ്ങളുടെ ഫ്ളാറ്റില്‍ എനിക്കൊരു സുഹൃത്തുണ്ട്. കല്‍പ്പന. ഒരു തമിഴ് ഫാമിലി. രണ്ട് കുഞ്ഞുങ്ങളാണ് അവള്‍ക്ക്. എന്റെ മോനും അവളുടെ മോനും തമ്മില്‍ 4 മാസത്തിന്റെ വ്യത്യാസമേയുള്ളൂ. നീ തനിച്ച് നോക്കൂ, ഞാനുണ്ട് നിന്നെ സഹായിക്കാന്‍ എന്നുപറഞ്ഞ് അവളാണ് എനിക്ക് എല്ലാ മോട്ടിവേഷനും തന്നത്.
നാട്ടിലൊക്കെ കൂട്ടുകുടുംബ വ്യവസ്ഥിതി ഉള്ളതുകൊണ്ടാണ് സഹായത്തിന് ഒരുപാട് പേരെ കിട്ടും. പുറം രാജ്യത്തുള്ളവരുടെ കാര്യങ്ങള്‍ നോക്കൂ. എല്ലാവരും ഒറ്റയ്ക്കാണ് അവരുടെ കാര്യങ്ങള്‍ ചെയ്യുന്നത്. ഇപ്പോള്‍ അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും ഞാന്‍ തന്നെയാണ് എന്റെ മകനെ നോക്കുന്നതെന്ന്.
മോന് നല്ല സപ്പോര്ട്ടീവായുള്ള കുട്ടിയാണ്. എന്നെ ഒരുപാടൊന്നും ബുദ്ധിമുട്ടിക്കാറില്ല. അവന്റെ കൂടെയുളള എല്ലാ നിമിഷങ്ങളും ഞാന്‍ ആസ്വദിക്കുകയാണ്. എത്ര പെട്ടെന്നാണ് ഒന്നര വയസായതെന്ന് ഓര്‍ക്കാറുണ്ട്. ഇപ്പോഴവന് കുഞ്ഞിപ്പല്ലൊക്കെ മുളച്ചു. പല്ല് തേക്കാന്‍ തുടങ്ങി. അവന്റെ കൂടെ സമയം പോകുന്നതേ അറിയുന്നില്ല.
നൃത്തം പ്രാക്ടീസ് ചെയ്യാന്‍ സമയം കണ്ടെത്തുന്നുണ്ടോ?
ഞാന്‍ പെട്ടെന്ന് വണ്ണം വയ്ക്കുന്ന ടൈപ്പാണ്. വിവാഹത്തിന് മുന്‍പ് യോഗയൊക്കെ ചെയ്ത് വണ്ണം കുറച്ചിരുന്നു. ഡെലിവറി കഴിഞ്ഞപ്പോള്‍ വീണ്ടും പഴയതുപോലെയായി. അത് കുറയ്ക്കാനുള്ള സമയം ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് സത്യം. ചെറിയ രീതിയില്‍ യോഗ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും ശരിയാകുന്നില്ല. അതുകൊണ്ട് ഡാന്‍സ് പ്രാക്ടീസ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. മനസ്സ് വച്ചാലെ എല്ലാം നന്നായി ചെയ്യാനാവൂ. മോനെയും കൊണ്ട് ഇതൊന്നും ഇപ്പോ നടക്കില്ല. നാട്ടില്‍ വരുമ്പോള്‍ വേണം ശരിയാക്കിയെടുക്കാന്‍.
ദുബായ് ജീവിതത്തിനിടയില്‍ യാത്രകള്‍ ആസ്വദിക്കാറുണ്ടോ?
എല്ലാ ആഴ്ച അവസാനവും യാത്രകള്‍ പോകാറുണ്ട്. വീട്ടില്‍ ഇരിക്കുന്ന പരിപാടി ഇല്ല. മോന് വന്നശേഷമാണ് അതിനൊരു കുറവ് വന്നത്. ഇവിടെ ഇപ്പോഴും ലോക്ക്ഡൗണ്‍ ഉള്ളതുകൊണ്ട് അബുദാബിയിലേക്കൊന്നും പോകാന്‍ പറ്റില്ല.
ഞാനും അരുണും ഹണിമൂണ്‍ പോയത് യൂറോപ്പിലായിരുന്നു. ഒരു മാസംകൊണ്ട് എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. സിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, റോം, കൊയേഷ്യ, സ്ളോവേനിയ, ജര്‍മനി, ഓസ്ട്രിയ അങ്ങനെ. അതൊരു വലിയ എക്സപീരിയന്സായിരുന്നു. ജീവിതത്തില്‍ ഒരിക്കലും നടക്കുമെന്ന് കരുതിയ കാര്യമല്ല. റോമില്‍ പോയപ്പോഴാണ് ഏറ്റവും ആശ്ചര്യം തോന്നിയത്. വത്തിക്കാന്‍ കൊളാസിയോ, മൈക്കില്‍ ആഞ്ജലോ പെയിന്റിംഗ് അതൊക്കെ അതിശയകരമായി തോന്നി.
മോന് ആറ് മാസം ഉള്ളപ്പോള്‍ അവനേയുംകൊണ്ട് നേപ്പാളില്‍ ഒരാഴ്ച ട്രിപ്പ് പോയി. അവന് വഴക്കുണ്ടാക്കുമോ എന്നെല്ലാം ചെറിയ ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല. അവിടെ ചെന്ന് ഒരു ബുളളറ്റ് എടുത്തു. ഹിമായം കാണാന്‍ കുറച്ച് ഉയരത്തില്‍ പോകണം അതിനാണ് ബുളളറ്റ് എടുത്തത്. കുറച്ച് റിസ്കായിരുന്നു. നല്ല തണുപ്പായിട്ടുകൂടി മോനും ഒരുകുഴപ്പവുമില്ലാതെയിരുന്നു. അങ്ങനത്തെ കുറേ നല്ല മൊമന്റ്സ് ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
വീടും വീട്ടിലെ രുചികളുമൊക്കെ ഓര്മ വരുമ്പോള്‍ സ്വയം പാചകമൊക്കെ നടത്താറുണ്ടോ?
പാചകം ഞാന്‍ തന്നെയാണ് ചെയ്യുന്നത്. അക്കാര്യത്തില്‍ എക്സ്പേര്‍ട്ട് ഒന്നുമല്ല. അമ്മമാരുടെ ടേസ്റ്റൊന്നും നമ്മള് ഉണ്ടാക്കിയാല്‍ കിട്ടില്ല. അരുണിന്റെ അമ്മ നന്നായി പാചകം ചെയ്യും. ഞാന്‍ ഞെട്ടിപോയിട്ടുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് അഞ്ച് വിഭവങ്ങളെങ്കിലും അമ്മ ഉണ്ടാക്കും. അങ്ങനെ ഭക്ഷണം കഴിച്ച് ശീലിച്ച ഒരാളെയാണ് ഞാന്‍ കല്യാണം കഴിച്ചത്. ആദ്യമൊക്കെ അതോര്‍ത്ത് നല്ല ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ അരുണ്‍ സപ്പോര്‍ട്ട് ചെയ്തു. എന്റെ നാട് തൃശൂരും അരുണിന്റേത് ആലപ്പുഴയുമാണ്. രണ്ടിടത്തേയും പാചക രീതികള്‍ വ്യത്യസ്തമാണ്. തൃശൂര്‍ സ്റ്റൈലില്‍ പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അരുണ്‍ പറഞ്ഞു എനിക്കിത് അത്ര ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ ഞാന്‍ അരുണിന്റെ ടേസെ്റ്റാക്കെ പഠിച്ചെടുത്തു. ഇപ്പോള്‍ തൃശൂര്‍ സ്റ്റൈലേ ഇല്ല. അരുണിന് കൂടുതലും വെജിറ്റേറിയനാണ് ഇഷ്ടം. ഞാന്‍ വന്ന ശേഷമാണ് നോണ്‍വെജ് കഴിച്ച് ശീലിക്കുന്നത്. എനിക്ക് തൃശൂരിലെ അമ്മയുടെ കറികളൊക്കെ കറി മിസ്സ് ചെയ്യാറുണ്ട്. അതുകൊണ്ട് നാട്ടില്‍ വരുമ്പോഴൊക്കെ അമ്മയുണ്ടാക്കുന്നത് കഴിക്കാന്‍ വലിയ ഇഷ്ടമാണ്.
അരുണിന്റെയും ജ്യോതിയുടേയും ഇഷ്ടഭക്ഷണം എന്താണ്?
നാടന്‍ വിഭവങ്ങളാണ് രണ്ട് പേര്‍ക്കും ഇഷ്ടം. അരുണിന് വെജിറ്റേറിയനാണെങ്കില്‍ എനിക്ക് ചോറും മീന്‍ കറിയും ഉണ്ടെങ്കില്‍ വേറൊന്നും വേണ്ട.
സാമൂഹിക പ്രസക്തിയുളള കാര്യങ്ങളില്‍ പ്രതികരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന വ്യക്തിയാണ്. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തുറന്നുപറച്ചിലുകള്‍ വേദനിപ്പിച്ചിട്ടുണ്ടോ?
പണ്ട് എന്തുകണ്ടാലും പ്രതികരിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. എഫ്. ബിയില്‍ പോസ്റ്റിടും, എന്റെ അഭിപ്രായങ്ങള്‍ ആരെയും നോക്കാതെ തുറന്നുപറയും. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നത് ഇതിലൊന്നും ഒരു കാര്യവും ഇല്ല. നമ്മള് പ്രതികരിച്ചതുകൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല. ഒന്നും നടന്നതുമില്ല. കുറേ ശത്രുക്കളുണ്ടാകും എന്നല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് ആ വക പരിപാടികളൊക്കെ നിര്‍ത്തി. കണ്ണൂര്‍ ഒന്നര വയസുളള കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ്. പക്ഷേ അപ്പോഴും കുറേ ആളുകള്‍ വന്ന് അപഹസിച്ചു. നിങ്ങളുടെ വിഷമം ഉള്ളില്‍ വച്ചാല്‍ മതിയായിരുന്നു. ആളുകളുടെ സിമ്പതി കിട്ടാനായിരുന്നു എന്നൊക്കെ പറഞ്ഞു. എനിക്കെന്തിനാ ആളുകളുടെ സിമ്പതി. ഒരു അമ്മയെന്ന രീതിയിലാണ് ഞാനതിനെ കണ്ടത്. അല്ലെങ്കില്‍ ഞാന്‍ ഏറ്റവും ക്രൂരയായ സ്ത്രീയാണെന്ന് പറയേണ്ടിവരും.
ആളുകള്‍ ഒരുപാട് മാറിക്കഴിഞ്ഞു. എന്തിലും നെഗറ്റീവായുള്ള കാര്യങ്ങളാണ് അവര്‍ തിരയുന്നത്. അതുകൊണ്ട് ഒരു കാര്യത്തിലും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്.
നാട്ടിലെ വിശേഷങ്ങള്‍ എന്തൊക്കെയാണ്?
നാട്ടില്‍ തൃശൂര്‍ എന്റെ അമ്മയുണ്ട്. അരുണിന്റെ ഫാമിലിയില്‍ അപ്പായും അമ്മായും തനിച്ചേയുളളൂ.
അരുണ്‍ എന്ന ഭര്‍ത്താവിനേയും അച്ഛനെയും കുറിച്ച്?
അരുണിന്റെ വരവ് എന്റെ ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങളില്‍ ഒന്നാണ്. എന്നെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുകയും കൂടെ നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ഭര്‍ത്താവെന്ന നിലയില്‍ 100 ശതമാനമൊന്നും പെര്‍ഫെക്ടല്ല. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യമുള്ളവര്‍. എന്നെക്കാള്‍ പക്വതയുളളയാളാണ്. ചില സമയത്ത് എനിക്ക് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിത്തരും. ഞാന്‍ അരുണിന്റെ കൂടെ സന്തോഷവതിയാണ്. പിന്നെ അച്ഛനെന്ന നിലക്ക് 90 ശതമാനം മാര്‍ക്ക് കൊടുക്കും. മോന്റെ കാര്യങ്ങള്‍ നോക്കും, രാത്രി വയറുവേദന എടുത്ത് കരയുമ്പോള്‍ എത്ര ഉറക്കത്തിലായാലും അവനെ എടുത്തുകൊണ്ട് നടക്കും. എനിക്ക് അതിശയം തോന്നിയിട്ടുണ്ട്, എന്റെ പല സുഹൃത്തുക്കളും പറയാറുണ്ട്, കുഞ്ഞുങ്ങളെ അവരുടെ ഭര്ത്താക്കന്മാര് തിരിഞ്ഞുനോക്കില്ല, കരഞ്ഞാലും അറിയാത്തപോലെ കിടക്കും എന്ന്. അരുണിന് അവന്റെ കാര്യങ്ങളെല്ലാം ഏറ്റവും ബെസ്റ്റായിരിക്കണം.