
സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് - 2 മൂലമുണ്ടാകുന്ന ഒരു വൈറസ് പകര്‍ച്ചവ്യാധി രോഗമാണ് കേവിഡ് - 19 പാന്‍ഡെമിക്. 2019 ഡിസംബറിലാണ് ചൈനയിലെ വുഹാനിലാണ് രോഗം ആദ്യം കണ്ടെത്തിയത്.
കോവിഡ് - 19 ന് കാരണമാകുന്ന വൈറസ് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്നു എന്നതാണ് പ്രത്യേകത. എങ്കിലും ലഭ്യമായ തെളിവുകള്‍ അനുസരിച്ച് പ്രധാനമായും പ്രായമുള്ളവരിലും (അതായത് 60 വയസിനു മുകളില്‍ പ്രായമുള്ളവാര്) ആരോഗ്യപരമായ അസ്വസ്ഥതയുള്ളവരിലും (ഹൃദയ സംബന്ധമായ അസുഖം, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗം, കാന്‍സര്‍ എന്നിവപോലുള്ള) കോവിഡ് - 19 പിടിപെടാനും സങ്കീര്ണമാകാനുമുള്ള സാധ്യത കൂടുതലാണ്. പ്രതേ്യകിച്ച് 40 വയസ് മുകളില്‍ പ്രായമുള്ളവരില്‍.
കോവിഡും പ്രമേഹവും
കോവിഡ് - 19 നിലവില്‍ പ്രമേഹത്തിന് കാരണമാകുമോ എന്നതിന് തെളിവുകളൊന്നുമില്ല. മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹമുള്ളവര്‍ക്ക് കോവിഡ് - 19 പിടിപെടാന്‍ സാധ്യത കൂടതലുണ്ടോ എന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ അത് സങ്കീ ര്ണമാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, രോഗിയുടെ ആരോഗ്യസ്ഥിതി (ഉദാഹരണത്തിന്, പ്രമേഹവും ഹൃദ്രോഗവും) കോവിഡില്‍ നിന്ന് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രായമായവരില്‍
പ്രായമായവര്‍ക്ക് രോഗബാധയുണ്ടായാല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊതുവേ, ഏതെങ്കിലും വൈറസ് ബാധിക്കുമ്പോള്‍ പ്രമേഹമുള്ളവര്‍ക്ക് കൂടുതല്‍ കഠിനമായ ലക്ഷണങ്ങളും സങ്കീര്‍ണതകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹമുള്ളവരില്‍ വൈറല്‍ അണുബാധ വീക്കം (ഇന്ഫ്ളമേഷന്) അല്ലെങ്കില്‍ ആന്തരിക വീക്കം (ഇന്റേണല്‍ സ്വല്ലിംഗ്) വര്‍ധിപ്പിക്കും. പ്രമേഹം നിയന്ത്രിച്ചാല്‍ കോവിഡ് -19 ന്റെ സങ്കീര്‍ണതകള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.
സങ്കീര്‍ണമാകുന്നത് എപ്പോള്‍
ഏതെങ്കിലും തരത്തിലുള്ള പ്രമേഹം, ടൈപ്പ് 1, ടൈപ്പ് 2 അല്ലെങ്കില്‍ ജസ്റ്റേഷണല്‍ ഡയബറ്റിസ് എന്നിവയുള്ളവര്‍ക്ക് കോവിഡ് - 19 ല്‍ നിന്നുള്ള കഠിനമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
കോവിഡ് -19 ഉള്ളവരില്‍ പ്രമേഹത്തിന്റെ സാന്നിധ്യവും മോശമായി കൈകാര്യം ചെയ്യപ്പെടുന്ന ഗ്ലൂക്കോസിന്റെ അളവും മരണനിരക്ക് വര്‍ധിപ്പിക്കുന്നതിനും ആശുപത്രി വാസം ദീര്‍ഘിപ്പിക്കുന്നതിനും കാരണമാകും. അവര്‍ക്ക് കഴിയുമെങ്കില്‍ വീട്ടില്‍ ഇരുന്നു ജോലി ചെയ്യല്‍, സുരക്ഷിതമായ ശാരീരികവും സാമൂഹികവുമായ അകലം പാലിക്കല്‍, ശരിയായ കൈകഴുകല്‍ (എസ്.എം.എസ്) എന്നിവപോലുള്ള മതിയായ മുന്‍കരുതലുകള്‍ എടുക്കുന്നതിനുപുറമെ, പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 'നിയന്ത്രിത പരിധിയില്‍' നിലനിര്‍ത്താന്‍ പരമാവധി ശ്രദ്ധിക്കണം.
പ്രമേഹം ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നു. പ്രമേഹ കോവിഡ് രോഗികളില്‍ മരണനിരക്ക് ഏകദേശം 7 ശതമാനമാണ്. (സാധാരണ കോവിഡ് രോഗികളില്‍ 0.5 ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ്) കൊറോണ വൈറസ് അണുബാധ അപകടകരമാണ്, പക്ഷേ നാം അതിനെ ഭയപ്പെടരുത്.
പ്രമേഹ ബാധിരുടെ ശ്രദ്ധയ്ക്ക്
1. പ്രമേഹ രോഗികള്‍ക്ക് ശ്വാസകോശ സംബന്ധമായ അണുബാധക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ന്യൂമോകോക്കല്‍, ഇന്‍ഫ്ലുവന്‍സ എന്നിവ പോലുള്ള രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ എടുക്കാവുന്നതാണ്.
2. പ്രമേഹ രോഗികള്‍ അവരുടെ പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയവ പരിപാലിക്കാന്‍ കൂടുതല്‍ സമയംചെലവഴിക്കണം.
3. രക്തത്തിലെ പഞ്ചസാര നിര്‍ണ്ണയിക്കല്‍ കൂടുതല്‍ കര്‍ശനമായി ശ്രദ്ധിക്കേണ്ടതാണ്.
4. മരുന്നും ഇന്‍സുലിന്‍ ഡോസുകളും ഡോക്ടറോട് ചോദിച്ചു മാറ്റുവാന്‍ ശ്രദ്ധിക്കുക. (ഫോണിലോ, ടെലിമെഡിസിനലോ ഡോക്ടറെ ബന്ധപ്പെടാം)
5. കോവിഡ് ബാധമൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്തണം.
7. വിശ്രമം ഉറപ്പുവരുത്തുക (ഏകദേശം 6 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക)
8. മനസില്‍ സന്തോഷം നിറയ്ക്കുക. പോസിറ്റീവായി തുടരാന്‍ ശ്രമിക്കുക.
9. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോയാല്‍ (ഹൈപ്പോഗ്ലൈസീമിയ) അത് പരിഹരിക്കാന്‍ മധുര പദാര്‍ഥങ്ങള്‍ കരുതിവെക്കുക.
10. വേദനസംഹാരികള്‍ ഒഴിവാക്കുക.
11. ധാരാളം വെള്ളം കുടിക്കുക.
12. രക്തസമ്മര്‍ദം കുറയ്ക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടെ നിര്‍ദേശിച്ച പ്രകാരം എല്ലാ മരുന്നുകളും കഴിക്കുക.
ശ്രദ്ധയോടെയുള്ള കാല്‍വെയ്പുകള്‍ കൊണ്ട് കോവിഡിനെ നമുക്ക് പ്രതിരോധിക്കാം.
ഡോ. ജിത്തു