
സ്കള്‍കാന്‍ഡി ഡൈം ട്രൂ വയര്‍ലെസ് ഇയര്‍ബഡ്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2,249 രൂപയാണ് വില. വിയര്‍പ്പും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപിഎക്സ്4 റേറ്റിംഗ് പ്രത്യേകതയാണ്. ചെറിയ സ്റ്റെം നല്‍കിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്കള്‍കാന്‍ഡി ഇന്ത്യ വെബ്സൈറ്റില്‍നിന്ന് വാങ്ങാവുന്നതാണ്. ഏപ്രില്‍ നാലിന് ഡെലിവറി ആരംഭിക്കും. സുരക്ഷിതമായ നോയ്സ് ഐസൊലേറ്റിംഗ് ഫിറ്റ് ലഭിച്ചു. ഡാര്‍ക്ക് ബ്ലൂ/ഗ്രീന്‍, ലൈറ്റ് ഗ്രേ/ബ്ലൂ, ട്രൂ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ബഡുകള്‍ ലഭിക്കും.
സ്കള്‍കാന്‍ഡി ഡൈം ട്രൂ വയര്‍ലെസ് ഇയര്‍ബഡ്സ് 6 എംഎം ഡ്രൈവറുകള്‍ ലഭിച്ചിട്ടുണ്ട് . ഫ്രീക്വന്‍സി റെസ്പോണ്‍സ് റേഞ്ച് 20 ഹെര്‍ട്സ് മുതല്‍ 20,000 ഹെര്‍ട്സ് വരെയാണ്. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 നല്കി. പെയര്‍ ചെയ്ത ഫോണ്‍ പുറത്തെടുക്കാതെ തന്നെ ശബ്ദം നിയന്ത്രിക്കുന്നതിനും ട്രാക്കുകള്‍ മാറ്റുന്നതിനും കോളുകള്‍ സ്വീകരിക്കുന്നതിനും സാധിക്കും. പ്രത്യേകം പ്രത്യേകം ഉപയോഗിക്കുന്നതിന് ഓരോ ഇയര്‍ബഡിലും മൈക്രോഫോണ്‍ ലഭിച്ചു. ഫിസിക്കല്‍ ബട്ടണുകള്‍ ഓരോ ഇയര്‍ബഡിലും ഉണ്ട്.
ഇയര്‍ബഡുകള്‍ക്ക് 32 ഗ്രാമാണ് ഭാരം. 20 എംഎഎച്ച് ബാറ്ററിയാണ് ഓരോ ഇയര്‍ബഡിലും നല്‍കിയിരിക്കുന്നത്. കോംപാക്റ്റ് വലുപ്പമുള്ള ചാര്‍ജിംഗ് കൂടില്‍ 150 എംഎഎച്ച് ബാറ്ററി നല്കി. 3.5 മണിക്കൂര്‍ വരെ ഇയര്‍ബഡുകള്‍ പ്രവര്‍ത്തിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 8.5 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് കേസിലെ ബാറ്ററി എന്നാണ് റിപ്പോർട്ട്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാം. ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി കൂടില്‍ മൈക്രോ യുഎസ്ബി പോര്‍ട്ട് ഉണ്ട്.






