
ഉജ്ജയിനിയിലെ ഗായിക...
ഉര്‍വശിയെന്നൊരു മാളവിക...
സ്വയം മറന്ന് പാടുകയാണ് എസ്. പി. ശ്രീകുമാര്‍. പാട്ടിനൊപ്പം ചുവടുവച്ചുകൊണ്ട് ഭാര്യയും അഭിനേത്രിയുമായ സ്നേഹയും ഒപ്പമുണ്ട്. ഒരു വര്‍ഷം പിന്നിടുന്ന ദാമ്പത്യം പാട്ടും നൃത്തവുമൊക്കെയായി ആഘോഷമാക്കുകയാണ് ഇവര്‍. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ഒഴിവുവേളകള്‍ യാത്രകളും ആഘോഷങ്ങളുമായി ഉത്സവമാക്കുകയാണ് ഈ ദമ്പതികള്‍. ചിരിപ്പിച്ചും സ്വയം പൊട്ടിച്ചിരിച്ചും സന്തോഷം നല്കുന്ന മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഈ താരദമ്പതികളുടെ വിശേഷങ്ങളിലൂടെ.
ലോലിതനും മണ്ഡോദരിയും ജീവിതത്തില്‍ ഒരുമിക്കാന്‍ തീരുമാനിക്കുന്നത്?
സ്നേഹ: ഒന്‍പത് വര്‍ഷത്തിലേറെ പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. മറിമായത്തില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ പരസ്പരം അറിയാം. മറിമായത്തിലെ അഭിനേതാക്കളെല്ലാം ഒരു കുടുംബം പോലെയാണ്. എല്ലാവരും പരസ്പരം എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അവര്‍ക്കറിയാവുന്നതാണ്. ഞാനും ശ്രീയും പരസ്പരം മനസിലാക്കിയിട്ടുള്ളതുകൊണ്ട് ഒരുമിച്ച് ജീവിച്ചാല്‍ നന്നായി മുന്നോട്ട് പോകുമെന്ന് തോന്നി. അങ്ങനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്.
ശ്രീകുമാര്‍: ഒരുപാടു കാലമായി അറിയുന്നവര്‍ ആയതിനാല്‍ എന്നെ മനസിലാക്കാന്‍ സ്നേഹയ്ക്ക് കഴിയും എന്നു തോന്നി. വിശ്വാസമല്ല, അതൊരു യാഥാര്‍ത്ഥ്യമാണ്.
രണ്ടുപേരും സെലിബ്രിറ്റികളാണെങ്കിലും വിവാഹം ലളിതമായിരുന്നല്ലോ?
ശ്രീകുമാര്‍: ലളിതമായ വിവാഹം മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.
സ്നേഹ: സത്യം പറഞ്ഞാല്‍, രണ്ടുപേര്‍ക്കും രജിസ്റ്റര്‍ മാര്യേജ് ആയിരുന്നു താല്പര്യം. അത്രയേ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാല്‍, വിവാഹം എന്നു പറയുമ്പോള്‍ നമ്മള് പരിഗണിക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ടല്ലോ! നമ്മുടെ മാതാപിതാക്കളുടെ സന്തോഷം... അതും കാണണമല്ലോ! അവര്‍ക്ക് അമ്പലത്തില്‍ വച്ച് താലികെട്ട് നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചെറിയ രീതിയില്‍ വീട്ടുകാര്‍ മാത്രമായി ഒരു ചടങ്ങ്. അത്രമാത്രമേ ഞങ്ങളും ഉദ്ദേശിച്ചുള്ളൂ.
ആദ്യം പ്രണയം തുറന്നു പറഞ്ഞതാര്?
ശ്രീകുമാര്‍: സാധാരണ സംഭവിക്കാറുള്ള പോലെ വളരെ സിസ്റ്റമാറ്റിക്കായി പ്രൊപ്പോസലോ അങ്ങനെയൊന്നും സംഭവിച്ചതല്ല. ഞങ്ങള്‍ ഒന്നിച്ചു പ്രോഗ്രാം ചെയ്തിരുന്നവരാണ്. എല്ലാം അറിയുന്ന രണ്ടുപേര്‍ ആയതുകൊണ്ട് അത് എപ്പോഴോ സംഭവിച്ചു പോയ കാര്യമാണ്. ഏത് ദിവസമാണ് ഇഷ്ടമാണ് എന്നു പറഞ്ഞതെന്നു പറയാന്‍ അറിയില്ല.
ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും?
സ്നേഹ: മറിമായത്തിന്റെ ആദ്യത്തെ എപ്പിസോഡ് ഷൂട്ട് ചെയ്തത് എന്റെ വീട്ടിലാണ്. ആദ്യത്തെ എപ്പിസോഡില്‍ മണികണ്ഠന് പട്ടാമ്പി, വിനോദ് കോവൂര്‍ എന്നിവരൊക്കെയാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ എപ്പിസോഡിലാണ് രചന ചേച്ചിയും ശ്രീയും മുസ്തഫയുമൊക്കെ വരുന്നത്. അന്നാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. എല്ലാവരോടും കമ്പനിയാകുന്ന ആളല്ല ശ്രീ. ആദ്യത്തെ രണ്ടു മൂന്നുമാസം കാണുമ്പോള്‍ ചിരിക്കുമെന്നല്ലാതെ എന്നോടും രചന ചേച്ചിയോടുമൊന്നും ശ്രീ സംസാരിക്കാറില്ലായിരുന്നു. ഒരു വര്‍ഷമൊക്കെ ആയപ്പോഴാണ് നല്ല കമ്പനിയായത്.
കോമഡി റോളുകള്‍ അനായാസം കൈകാര്യം ചെയ്യുന്നുണ്ടല്ലോ? ജീവിതത്തിലും അങ്ങനെയാണോ?
സ്നേഹ: വളരെ സീരിയസായി ജീവിതത്തെ കാണുന്നവരാണ് ഞങ്ങള്‍. പിന്നെയും ഞാനാണ് കുറച്ച് കുസൃതികളൊക്കെ ഒപ്പിക്കുന്നത്. ശ്രീ പെട്ടെന്ന് ഓപ്പണാകുന്ന ആളല്ല. വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളൂ. ഞാനങ്ങനെയല്ല, ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്. ഒരുപാട് സുഹൃത്തുക്കളുമെനിക്കുണ്ട്. ശ്രീ പൊതുവെ കോമഡിയായി സംസാരിക്കുന്ന ആളല്ല, സന്തോഷകരമായ സമയങ്ങളില്‍ മാക്സിമം അടിപൊളിയാക്കാറുണ്ട്.
ശ്രീകുമാര്‍: വളരെ പെട്ടെന്ന് കമ്പനിയാകില്ലെങ്കിലും അടുപ്പമുള്ളവരോട് ഞാന്‍ നല്ല കമ്പനിയാണ്. അത്രയും അടുപ്പമുള്ളവര്‍ ഒരുമിച്ച് കൂടിയാല്‍ പാട്ടും അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഡാന്‍സുമൊക്കെയായി രസകരമായി സമയം ചെലവിടും.
ശ്രീകുമാറിന്റെ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന സ്നേഹയുടെ വീഡിയോ വൈറലായിരുന്നു, പാട്ടും നൃത്തവും കൂടി ചേര്‍ന്ന പുതിയ ജീവിതത്തെ കുറിച്ച്?
സ്നേഹ: ശ്രീ നന്നായി പാടും. ഞാന്‍ കുട്ടിക്കാലം മുതല്‍ നൃത്തം ചെയ്യുന്നതാണ്. ശ്രീയുടെ പാട്ടിനൊപ്പം ചുവട് വയ്ക്കണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. കല്യാണത്തിനുശേഷം കമ്മിറ്റ് ചെയ്ത വര്‍ക്കുകള്‍ തീര്‍ക്കുന്നതിനിടയില്‍ ഒരുമിച്ച് വളരെ കുറച്ച് സമയമേ കിട്ടിയിരുന്നുള്ളു. ലോക്ഡൗണ്‍ സമയത്താണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഫ്രീ ടൈം കിട്ടുന്നത്. ആ സമയത്ത് വീട്ടില്‍ വെറുതെയിരിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാരണം കുറേ നാളുകളായി എന്നും രാവിലെ ആറര, ഏഴ് മണിയോടെ ഷൂട്ടിന് പോകുന്നു, വൈകിട്ട് തിരിച്ചെത്തുന്നു അങ്ങനത്തെ തിരക്കുള്ള ഷെഡ്യൂളുള്ള ജീവിതമായിരുന്നു എന്റേത്. അതൊന്നുമില്ലാതെ വെറുതെ ഇരിക്കേണ്ടി വന്നപ്പോള്‍ ശ്രീയെ ശല്യം ചെയ്യാന്‍ തുടങ്ങി. അങ്ങനെ ശ്രീ പാട്ട് പാടി, ഞാന്‍ നൃത്തം ചെയ്യാന്‍ തുടങ്ങുന്നത്. അങ്ങനെ ഇരിക്കെയാണ് ഉജ്ജയിനിയിലെ ഗായിക എന്ന പാട്ട് ശ്രീ പാടികേട്ടാല്‍ കൊള്ളാമെന്ന് എന്റെ ചേട്ടന് പറയുന്നത്. ശ്രീ ആ പാട്ട് പാടിയപ്പോള്‍ ഞാന്‍ അതിനൊപ്പം നൃത്തം ചെയ്തു. ആ വീഡിയോ ചേട്ടന് അയച്ചു കൊടുത്തു, പിന്നെ അത് ഫാമിലി ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. പിന്നീട് ഫേസ്ബുക്കില്‍ വൈറലായി. അതിനുശേഷമാണ് വീണ്ടും വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. സ്ഥിരമായി വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന ഞങ്ങള്‍ വെറുതെ ഇരിക്കാന്‍ തുടങ്ങിയപ്പോഴുള്ള മാനസിക ബുദ്ധിമുട്ട് മറികടക്കാനാണ് വീഡിയോ ചെയ്യാന്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാട്ടും നൃത്തവും.
സ്നേഹ ശ്രീകുമാറില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍? സ്നേഹയില്‍ ശ്രീകുമാര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍?
സ്നേഹ: എന്തു കാര്യവും ശ്രീയോട് ഓപ്പണായി പറയാം. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിന്റെ കാര്യത്തിലും ശ്രീയുടെ ഫുള്‍ സപ്പോര്‍ട്ടുണ്ടാകും. ഞാന്‍ പലപ്പോഴും മടിപിടിച്ചിരിക്കും. ആരെങ്കിലുമൊക്കെ നിര്‍ബന്ധിച്ച് പുറകെ നടന്നാല്‍ മാത്രമേ പ്രാക്ടീസ് ചെയ്യൂ. അച്ഛനും അമ്മയും ചേച്ചിയുമൊക്കെ നിര്‍ബന്ധിച്ചിട്ടാണ് കഥകളിയും ഓട്ടന്തുള്ളലുമൊക്കെ പഠിച്ചത്. ഇപ്പോള്‍ ശ്രീയാണ് പ്രാക്ടീസ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്.
ശ്രീകുമാര്‍: സ്നേഹയും വളരെ സപ്പോര്‍ട്ടീവാണ്. ഒഴിവുള്ള സമയങ്ങളില്‍ പാട്ട് പാടാനും ഓടക്കുഴലും ഗിറ്റാറും വായിക്കാനുമാണ് എനിക്കിഷ്ടം. വലിയ ടെന്‍ഷന്‍ തരുന്ന കാര്യങ്ങളൊന്നും ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍. സ്നേഹ ഒരുതരത്തിലുള്ള ടെന്‍ഷനും തരാറില്ല. വീട്ടിലെ കാര്യങ്ങള്‍ പോലും സ്വയം ഏറ്റെടുത്ത് ചെയ്യും. മെന്റലി ഒരുപാട് സപ്പോര്‍ട്ട് ചെയ്യാറുണ്ട്. അതാണ് ഞങ്ങളുടെ കെമിസ്ട്രിയുടെ സീക്രട്ട്.
10 വര്‍ഷങ്ങള്‍ പിന്നിടുന്ന മറിമായത്തിന് വീണ്ടുമൊരു അവാര്‍ഡ് കൂടി ലഭിച്ചു. മറിമായം സമ്മാനിച്ച നല്ല ഓര്‍മ്മകള്‍?
ശ്രീകുമാര്‍: സംസ്ഥാന അവാര്‍ഡടക്കം പത്തോളം അംഗീകാരങ്ങള്‍ മറിമായത്തിന് കിട്ടിയിട്ടുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ എപ്പിസോഡുകളേ ടെലികാസ്റ്റ് ചെയ്യുന്നുള്ളൂ. എന്നിട്ടുപോലും ആ പ്രോഗ്രാം 10 വര്‍ഷം പിന്നിടുന്നു എന്നതില്‍ ഞങ്ങളെല്ലാവരും ഹാപ്പിയാണ്.
സ്നേഹ: എന്റെ ആദ്യത്തെ ടെലിവിഷന്‍ ഷോയാണ് മറിമായം. അതിലെ അഭിനേതാക്കള്‍ക്ക് ഈ പ്രോഗ്രാം കൊടുത്ത ഫെയിം വളരെ വലുതാണ്. മമ്മൂക്ക മറിമായത്തെ കുറിച്ച് സംസാരിക്കുമായിരുന്നു എന്ന് വിനോദ് കോവൂര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സിനെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്തത് കണ്ടിട്ട് നിയാസേട്ടന് ( നിയാസ് ബക്കര്‍) മമ്മൂക്ക മെസേജ് അയച്ചിരുന്നു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ സംവിധായകരും നല്ല അഭിപ്രായം പറയാറുണ്ട്. എത്ര കണ്ടാലും മടുക്കില്ല, നല്ല അഭിനേതാക്കളാണ് എന്നൊക്കെ വലിയ സംവിധായകര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. മറിമായത്തില്‍ എത്തപ്പെട്ടു എന്നത് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ അനുഗ്രഹമാണ്. അതിലെ ടീം വര്‍ക്കാണ് ഹൈലൈറ്റ്. അഭിനേതാക്കള്‍ തമ്മിലുള്ള കെമിസ്ട്രിയും എടുത്ത് പറയേണ്ടതാണ്. അണിയറ പ്രവര്‍ത്തകരും വളരെ ആക്ടീവാണ്. ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ഞങ്ങളെല്ലാവരും സ്ക്രിപ്റ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. ഒരുപാട് എഫര്‍ട്ട് എടുത്ത് ചെയ്യുന്ന പ്രോഗ്രാമാണത്. ആ ടീം വര്‍ക്കാണ് മറിമായത്തിന്റെ വിജയം.
ചക്കപ്പഴത്തിന്റെ വിശേഷങ്ങള്‍?
ശ്രീകുമാര്‍: വലിയൊരു ഗ്യാപ്പിന് ശേഷമാണ് ചക്കപ്പഴത്തില്‍ ജോയ്ന് ചെയ്യുന്നത്. മറിമായത്തിന്റെ ആദ്യ സംവിധായകനായിരുന്ന ഉണ്ണികൃഷ്ണന് സാറാണ് ചക്കപ്പഴത്തിന്റെ സംവിധായകന്. ചക്കപ്പഴത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം വിളിച്ചപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു. വളരെ കുറച്ചു എപ്പിസോഡുകള്‍കൊണ്ടുതന്നെ ചക്കപ്പഴം ഹിറ്റായി. പ്രേക്ഷകരുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണുള്ളത്. അവിടെയും വളരെ കംഫര്‍ട്ടബിളായ അന്തരീക്ഷമാണ്. മറിമായത്തിന് മുമ്പ് ഉണ്ണിസാര്‍ ചെയ്ത ചിരികടകം എന്ന പ്രോഗ്രാമിലും ഞാന്‍ അഭിനയിച്ചിരുന്നു. വര്‍ഷങ്ങളായി സാറുമായി പരിചയമുണ്ട്. പാട്ടിനോടും ഡാന്സിനോടുമുള്ള എന്റെ ഇഷ്ടം കൂടി പരിഗണിച്ചാണ് എന്റെ റോള്‍ ഡെവലപ്പ് ചെയ്യുന്നത്. ഒരു നടന്റെ എല്ലാ കഴിവുകളും ഉപയോഗിക്കാനുള്ള അവസരം ചക്കപ്പഴത്തിലൂടെ കിട്ടുന്നുണ്ട്. അതിന്റെ സന്തോഷവും മനസിലുണ്ട്.
അശ്വതി അശോക്