
ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു. പൊതുവെ സമാധാനപരമായിരുന്നുവെങ്കിലും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എതിര് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്നും, അതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി കമല്‍ ഹാസന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
സംസ്ഥാനത്ത് ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണിത്. കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മയൂര ജയകുമാര്‍, മഹിധേ മോര്‍ച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസന് എന്നിവരാണ് കമലിന്റെ എതിരാളികള്‍.
ഒരുമണിവരെ 39.61 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പ് വച്ച് നോക്കുമ്പോള്‍ ഒരു ശതമാനം കുറവാണിത്. വിരുദുനഗര്‍ ജില്ലയില്‍ 41.79 ശതമാനവും, തിരുനെല്‍വേലിയില്‍ 32.29 ശതമാനവും, ചെന്നൈയില്‍ 37.16 ശതമാനവും രേഖപ്പെടുത്തി.
വിരുദുനഗര്‍ ജില്ലയില്‍ ഏത് ചിഹ്നത്തില്‍ കുത്തിയാലും താമരയ്ക്ക് വോട്ട് ലഭിക്കുന്നതായി പരാതി ഉണ്ടായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. കോയമ്പത്തൂര്‍ തൊണ്ടാമുത്തൂരില്‍ അണ്ണാ ഡിഎംകെ ബിജെപി- ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലിസെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.






