കഴിഞ്ഞ വര്‍ഷമാണ് ജനറല്‍ മോട്ടോഴ്സ് ട്രക്ക് കമ്പനി (ജിഎംസി) ഓള് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് അനാവരണം ചെയ്ത് ഹമ്മര്‍ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിച്ചത്. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കള്‍ ഇപ്പോൾ ഹമ്മര്‍ ഇവി പിക്കപ്പ് ട്രക്കിന്റെ എസ്യുവി വേര്‍ഷന്‍ അനാവരണം ചെയ്തിരിക്കുന്നു. രണ്ട് വര്‍ഷം കഴിഞ്ഞായിരിക്കും ജിഎംസി ഹമ്മര്‍ ഇവി എസ്യുവി നിര്‍മിച്ചുതുടങ്ങുന്നത്.
ഹമ്മര്‍ ഇവി എസ്യുവി ജനറല്‍ മോട്ടോഴ്സിന്റെ പുതു തലമുറ അള്‍ട്ടിയം പ്ലാറ്റ്ഫോമിലാണ് നിര്‍മിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഇവി2, ഇവി2എക്സ്, ഇവി3എക്സ്, എഡിഷന് 1 എന്നീ നാല് വേര്‍ഷനുകളില്‍ ലഭിക്കും. ആദ്യം എത്തുന്നത് എഡിഷന് 1 എന്ന ഫുള്ളി ലോഡഡ് വേര്ഷനായിരിക്കുമെന്നും 2023 തുടക്കത്തില്‍ വില്‍പ്പന തുടങ്ങുമെന്നും ആണ് റിപ്പോർട്ട്. മറ്റ് വകഭേദങ്ങള്‍ അധികം വൈകാതെ വിപണിയിലെത്തും. ഹമ്മര്‍ ഇവി പിക്കപ്പ് ട്രക്കിനുശേഷം ഹമ്മര്‍ ഇവി എസ്യുവി ഒരു പുതിയ അധ്യായമാണെന്ന് ജിഎംസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡങ്കന്‍ ആല്‍ഡ്രെഡ് പറഞ്ഞു.
ജിഎംസി ഹമ്മര്‍ ഇവി എസ്യുവിയുടെ എഡിഷന് 1 വേരിയന്റിന് 1,05,995 യുഎസ് ഡോളറായിരിക്കും വില. ഇവി2എക്സ്, ഇവി3എക്സ് വകഭേദങ്ങള്‍ക്ക് യഥാക്രമം 89,995 ഡോളറും 99,995 ഡോളറും വില വരും. 2023ൽ രണ്ട് വേര്‍ഷനുകളും വിപണിയിലെത്തും. 2024 ഓടെ വിപണിയിലെത്തുന്ന ഇവി2 വകഭേദത്തിന് 79,995 ഡോളറാണ് വില. ബേസ് വേര്‍ഷന്‍ ഒഴികെ മറ്റ് വകഭേദങ്ങള്‍ക്ക് ഓഫ്റോഡ് പാക്കേജ് ലഭ്യമായിരിക്കുമെന്നാണ് റിപ്പോർട്ട്. 482 കിലോമീറ്റര്‍ വരെ ഹൈ പവേര്‍ഡ്, ഫുള്ളി ലോഡഡ് വേര്‍ഷനില്‍ സഞ്ചരിക്കാന്‍ കഴിയും. എഡിഷന് 1 വേര്‍ഷന്‍ 818 ബിഎച്ച്പി വരെ കരുത്ത് പുറപ്പെടുവിക്കും.






