
പുകവലി കോളജ് കാംപസുകള്‍ കടന്ന് സ്കൂള്‍ വരാന്തകളില്‍ എത്തിയിരിക്കുന്നു. കേരളത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ പുകവലി ശീലം വര്‍ധിച്ചിരിക്കുന്നതായി സമീപകാല സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നു. മുക്കിലും മൂലയിലും 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന് ബോര്‍ഡു വച്ചിട്ടും ശ്വാസം കോശം സ്പോഞ്ച് പോലെയാണെന്ന് ഭയപ്പെടുത്തിയിട്ടും പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതില് പരാജയമായിരുന്നു ഫലം. എന്നാല്‍ ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിന്റെ സര്‍വവിധ പ്രവര്‍ത്തനങ്ങളെയും പുകവലി ബാധിക്കും.
പ്രമേഹത്തിലേക്ക് എളുപ്പവഴി
പ്രമേഹത്തിലേക്കു നയിക്കുന്ന കാരണങ്ങളില്‍ പ്രഥമ സ്ഥാനത്താണ് പുകവലി. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പുകവലിക്കുന്നവരില്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഇതിനു കാരണം. പ്രമേഹം നിയന്ത്രിക്കുന്നതില്‍ പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന് പ്രധാന പങ്കുണ്ട്. എന്നാല്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന രാസ പദാര്‍ഥങ്ങര്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം തടയുന്നു. മാത്രമല്ല ഇന്‍സുലിന്‍ എതിരെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളായ കാറ്റ് കൊളാമിന്സ്, ഗ്രോത്ത് ഹോര്‍മോണ്‍സ്, കോര്ടിസോള് എന്നിവയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.
അമിത രക്തസമ്മര്‍ദം
രക്തസമ്മര്‍ദത്തിന്റെ കാര്യത്തിലും കണക്കുകള്‍ വിഭിന്നമല്ല. പുകവലിക്കുന്നവരില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും നല്ല കൊളസ്ട്രോളിന്റെ അളവ് കുറയുന്നതായും കണ്ടുവരുന്നു. പുകവലി രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇത് കണ്ണുകളുടെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ ഗുരതരമായി ബാധിക്കും. രക്തത്തിന്റെ മന്ദഗതിയിലുള്ള പ്രവാഹം രക്തം കട്ടപിടിക്കുന്നതിനും, അതിനു സഹായകരമായ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. ഇതില്‍ പുകവലിക്കുള്ള പങ്ക് വളരെ വലുതാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മറ്റുള്ളവരെ അപേഷിച്ച് ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്.
രക്താതിസമ്മര്‍ദം, കൊളസ്ട്രോ ള്‍ എന്നിങ്ങനെയുള്ള ഹൃദ്രോഗ കാരണങ്ങള്‍ പ്രമേഹത്തിന്റെ സന്തത സഹചാരിയാണ്. മറ്റ് ഹൃദ്രോഗ കാരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലിയുള്ള പ്രമേഹബാധിതര്‍ക്ക് മൂന്നിരട്ടി ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പുകവലി കൊഴുപ്പ് വര്‍ധിപ്പിക്കുന്നു
പുകവലിക്കുന്നവര്‍ പറയുന്ന ഒരു ന്യായീകരണമാണ് പുകവലി ശരീരഭാരം കുറയ്ക്കുമെന്ന്. ഇത് വളരെ തെറ്റായ ഒരു കാഴ്ചപ്പാടാണ്. അരക്കെട്ടിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ പുകവലി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് പ്രമേഹ സങ്കീര്‍ണതകള്‍ പിന്നെയും വര്‍ധിപ്പിക്കും. പുകവലിക്കുന്ന പ്രമേഹ രോഗികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മരണനിരക്ക് രണ്ടിരട്ടിയോളം കൂടുതലാണ്. അതിനാല്‍ പ്രമേഹരോഗികള്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.
ശരീരത്തിന്റെ എല്ലാ അവയവങ്ങളേയും ബാധിക്കുന്ന രോഗമായതിനാല്‍ പ്രമേഹ രോഗം നിസാരമായി തള്ളിക്കളയരുത്. രക്ത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു. ചിട്ടകള്‍ കുത്യമായി പാലിക്കാതെ അശ്രദ്ധമായ ജീവിതശൈലി രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കും. കാലിലെ ഉണങ്ങാത്ത വ്രണം, വൃക്കസ്തംഭനം, കാലിലെ ചുട്ടു നീറ്റം, തരിപ്പ്, മരവിപ്പ്, സ്പര്‍ശനശേഷി നഷ്ടപ്പെടല്‍, ലൈംഗികശേഷി കുറയുക, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയും ഇതിന്റെ പ്രത്യാഘാതങ്ങള്‍തന്നെ.
പുകവലി നിര്‍ത്താന്‍
തുടര്‍ച്ചയായി പുകവലിക്കുന്നവര്‍ക്ക് പെട്ടെന്ന് നിര്‍ത്താന്‍ പറഞ്ഞാല്‍ അതിനു കഴിയണമെന്നില്ല. കാരണം അവര്‍ സിഗരറ്റിലും ബീഡിയിലും മറ്റും അടങ്ങിയിരിക്കുന്ന വിഷപദാര്‍ഥമായ നിക്കോട്ടിന് അടിമകളാണ്. സ്വയം നിയന്ത്രിച്ചിട്ടും പുകവലി നിര്ത്താന്കഴിയാത്തവര് കൗണ്‍സിലിങ്ങും ആവശ്യമെങ്കില്‍ മരുന്നുകളും ഉപയോഗിക്കണം.
കേരളത്തില്‍ അടുത്തിടെ പ്രമേഹ രോഗികള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേ വ്യക്തമാക്കുന്നത് 52 ശതമാനം രോഗികളും പുകവലി പ്രമേഹ തീവ്രത വര്‍ധിപ്പിക്കുമെന്ന് മനസിലാക്കിയവരാണെന്നാണ്. അപകടം മുന്‍കൂട്ടി മനസിലാക്കി കൊണ്ടുതന്നെ ജീവിതം എരിച്ചു തീര്‍ക്കുന്നവര്‍. കൃത്യവും ചിട്ടയുമാര്‍ന്ന ബോധവത്ക്കരണങ്ങളിലൂടെ കര്‍ശനമായ ആത്മനിയന്ത്രണത്തിലൂടെ പുകവലി പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഇന്നുതന്നെ തയാറെടുത്തു തുടങ്ങുക. ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂട്ടായ പ്രവര്‍ത്തനം ഇതിന് അവര്‍ക്ക് ആവശ്യമാണ്.