
ഏത് ധൂസര സങ്കല്പ്പങ്ങളില് വളര്‍ന്നാലും
ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര് ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും
മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും...
കാലമെത്ര കഴിഞ്ഞാലും കണികൊന്നയും കൈനീട്ടവുമെല്ലാം മലയാളികള്‍ക്കെന്നും ഗൃഹാതുരമായ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. കാലമെത്ര പുരോഗമിച്ചാലും ലോകത്തിന്റെ ഏത് കോണിലായാലും മലയാളികളുടെ മനസിലുണ്ടാകും കണികൊന്നയുടെ നിറവും കൈനീട്ടത്തിന്റെ ഓര്‍മ്മകളും. കൊന്നപ്പൂവും കണിവെള്ളരിയും പഴവര്‍ഗങ്ങളുമെല്ലാം ചേര്‍ത്ത് കൃഷ്ണ വിഗ്രഹത്തിന് മു മ്പിലൊരുക്കുന്ന കണിയും കൈനീട്ടത്തിനായുള്ള കാത്തിരിപ്പും മധുരമുള്ള ഓര്‍മ്മകളായി മ ലയാളികളുടെ മനസിലെന്നുമുണ്ടാകും. വി ഷുവിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് മിനിസ്ക്രീന്‍ താരങ്ങളായ മീര അനിലും അശ്വതി ശ്രീകാന്തും.
ചൈനീസ് മുഖമുള്ള കൃഷ്ണന്
കണിക്കൊന്ന പൂക്കളും കണിവെള്ളരിയും വാല്കണ്ണാടിയുമൊക്കെയായി തനതായ രീതിയില്‍ കണിയൊരുക്കിയും നാടന്‍ സദ്യയൊരുക്കിയും വിവാഹശേഷമുള്ള ആദ്യത്തെ വിഷു കെങ്കേമമാക്കുകയാണ് അവതാരക മീര അനില്‍. തിരുവനന്തപുരത്തിന്റെ തിരക്കുകളില്‍ റെഡിമെയ്ഡ് ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് നാട്ടിന് പുറത്തിന്റെ നന്മകളിലാണ് മീരയുടെ ഇത്തവണത്തെ വിഷു.
വിഷുക്കണിയും കൈനീട്ടവും
വിവാഹശേഷമുള്ള ആദ്യ വിഷുവായതിനാല്‍ ഭര്‍ത്താവ് കൈനീട്ടമായി എന്തു തരും എന്നറിയാനുള്ള കാത്തിരിപ്പിലാണ്. മധുരപ്രിയനായതുകൊണ്ടുതന്നെ വിഷ്ണുവേട്ടന് സദ്യയ്ക്കൊപ്പം അടിപൊളിയൊരു പായസവും വച്ചു കൊടുക്കണമെന്ന് വിചാരിക്കുന്നു.
കഴിഞ്ഞ വര്‍ഷമൊക്കെ ഞങ്ങളുടേതൊരു റെഡിമെയ്ഡ് വിഷുവായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി കണിവയ്ക്കാനുള്ള സാധനങ്ങളെല്ലാമുള്ള ഒരു കിറ്റ് വാങ്ങി, ഹോട്ടലില്‍ നിന്ന് ഓഡര്‍ ചെയ്ത് വരുത്തിയ സദ്യ കഴിക്കുന്നതായിരുന്നു പതിവ്.
ഇത്തവണ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും. ധാരാളം കൃഷിയൊക്കെയുള്ള ഒരു നാട്ടിന്‍പുറത്താണ് വിഷ്ണുവേട്ടന്റെ വീട്. കണിവയ്ക്കാനായി ഉള്ളവയൊക്കെ പറ മ്പില്‍ നിന്നുതന്നെ കിട്ടും. ഏത് വീട്ടിലെ പറമ്പിലാണോ കൊന്നയും മാങ്ങയുമൊക്കെ ഉള്ളത് അത് എല്ലാവരും ചേര്‍ന്ന്് ആഘോഷമായി പറിച്ചുകൊണ്ടുവന്ന് വിഷുവൊരു ഉത്സവമാക്കി മാറ്റുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ആ സന്തോഷം ഇത്തവണ നേരില്‍ ആസ്വദിക്കാനുള്ള തയാറെടുപ്പിലാണ്.
പിടിച്ചു വാങ്ങിയ കൈനീട്ടം
കുഞ്ഞുനാളില്‍ വിഷുക്കാലത്തിനായുള്ള കാത്തിരിപ്പിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. കണിയും സദ്യയുമൊക്കെയുണ്ടെങ്കിലും കൈനീട്ടമാണ് ഹൈലൈറ്റ്. അന്നൊക്കെ ഏറ്റവും കൂടുതല്‍ പണം കൈയില്‍ കിട്ടുന്നത് അന്നാണ്. ആദ്യമായി 500 രൂപയുടെ നോട്ട് എനിക്ക് കിട്ടുന്നത് വിഷുദിനത്തില്‍ കൈനീട്ടമായാണ്.
വീട്ടില്‍ നിന്ന് കിട്ടാനുള്ളത് കിട്ടിയാല്‍ പിന്നെ ബന്ധുക്കളുടെ വീടുകളില്‍ കളക്ഷനെടുക്കുക എന്നതാണ് പ്രധാനം. ആ ഒരു ദിവസം കിട്ടുന്ന പണമാണ് അടുത്ത ഒരു വര്‍ഷംവരെയുള്ള പോക്കറ്റ്മണി.
വിഷുവിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ചിരിയോടെ ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. ഏകദേശം 12 വയസൊക്കെ ഉള്ള സമയത്ത് വിഷുവിന് അച്ഛനും അമ്മയും അമ്മാവന്മാരുമെല്ലാവരും കൂടി ഏകദേശം 3500 രൂപയോളം കൈനീട്ടം തന്നു. അതിനുശേഷം ഒരു ബന്ധുവീട്ടില്‍ കൂടി പോകാനുണ്ട്. അവിടെ നിന്ന് 500 രൂപ കൂടി കിട്ടിയാല്‍ 4000 രൂപയാകുമല്ലോ എന്ന സന്തോഷത്തോടെ ആ വീട്ടില്‍ ചെന്നിറങ്ങിയ ഞാന്‍ കാണുന്നത് എന്നേക്കാള്‍ പ്രായം കുറഞ്ഞ കുറേ കുട്ടികളെയാണ്. അന്നുവരെ അത്രയും കുട്ടികളെ ബന്ധുവീടുകളിലൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല. ഞാനവരേക്കാള്‍ മൂത്തതായതുകൊണ്ടുതന്നെ കൈയിലിരിക്കുന്ന പണത്തില്‍ നിന്ന് ആ കുട്ടികള്‍ക്ക് കൈനീട്ടം കൊടുക്കാന്‍ അമ്മ ആവശ്യപ്പെട്ടു. മനസില്ലാ മനസോടെയാണെങ്കിലും ഞാനവര്‍ക്ക് കൈനീട്ടം കൊടുത്തു. അതോടെ കൈയിലെ പണം ഏകദേശം കാലിയായിരുന്നു. തോറ്റുകൊടുക്കാന്‍ ഞാന്‍ തയാറായിരുന്നില്ല. എങ്ങനെയെങ്കിലും ആ പണം തിരികെ വാങ്ങണമെന്നായി ചിന്ത.
അമ്മയുടെയും അച്ഛന്റെയും കണ്ണുവെട്ടിച്ച് ആ കുട്ടികളെ ഭീഷണിപ്പെടുത്തിയും ചെറിയ തല്ലുകൊടുത്തുമൊക്കെ കുറച്ച് പണം ഞാന്‍ കൈക്കലാക്കി. എന്നാലും രണ്ടു മൂന്ന് വിരുതന്മാര് പണം നല്‍കാതെ പറ്റിച്ചു. ആദ്യമായിട്ടായിരിക്കും ഒരാള്‍ കൊടുത്ത കൈനീട്ടം തിരികെ പിടിച്ചു മേടിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് അവരും ഞാനുമൊക്കെ വളര്‍ന്നു. എങ്കിലും ഇന്നും അവരെ കാണുമ്പോള്‍ ആ മുഖത്ത് ചെറിയൊരു പുച്ഛമില്ലേ എന്ന് എനിക്ക് തോന്നാതിരുന്നില്ല.
കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിഷുവിന് പാചകത്തില്‍ ഒരു കൈ നോക്കാമെന്ന് വിചാരിച്ച് അവസാനം അവിയലില്ലാതെ സദ്യ കഴിക്കേണ്ടി വന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. അമ്മയൊക്കെ വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നതിനിടയില്‍ അവിയലുണ്ടാക്കുന്ന ജോലി ഞാനേറ്റെടുത്തു. പക്ഷേ പച്ചക്കറി എടുത്തപ്പോള്‍ അതുവച്ച് വിഷുതല്ല് നടത്താനാണ് ഞങ്ങള്‍ക്ക് തോന്നിയത്. പച്ചക്കറിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു കളിച്ച് അവസാനമാണ് തിരിച്ചറിയുന്നത് അവിയലിനുള്ള പച്ചക്കറിയാണ് ഞങ്ങള്‍ ആയുധമാക്കിയതെന്ന്. അന്ന് അവിയലില്ലാതെ സദ്യ കഴിക്കേണ്ടി വന്നു.
ചെന്നൈയിലെ വിഷു
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലൊക്കേഷനിലാണ് വിഷു ആഘോഷിച്ചിരുന്നത്. ഒരു വിഷുദിനത്തിലാണ് ഞാന്‍ ആദ്യമായി വിക്രംസാറിന്റെ ഇന്റര്‍വ്യൂ ചെയ്യുന്നത്. കന്തസ്വാമി എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ചെന്നൈയിലെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി സാറിനെ നേരിട്ടു കാണുന്നത്. ഇന്നുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും മൂല്യമേറിയ കൈനീട്ടമായിരുന്നു അത്.
വിഷു സ്പെഷ്യല്‍ അഭിമുഖമായതുകൊണ്ട് സെറ്റുസാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവും ചൂടി മലയാളി മങ്കയായിട്ടാണ് ഞാന്‍ ചെന്നത്. ആ വേഷത്തില്‍ കണ്ടതും ഇന്ന് ഓണമല്ലല്ലോ പിന്നെ എന്താണ് ഈ വേഷമെന്നാണ് ആദ്യം അദ്ദേഹം ചോദിച്ചത്. വിഷു ദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്നതുകൊണ്ടാണ് ഈ വേഷമെന്നും വിഷുവിന്റെ പ്രാധാന്യമെന്താണെന്നുമൊക്കെ ഞാന്‍ വിശദീകരിച്ചു.
കൈനീട്ടത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ കൈയില്‍ പണമൊന്നുമില്ല, അതുകൊണ്ട് അദ്ദേഹത്തിന് കൈനീട്ടം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രോഗ്രാമിനിടയില്‍ പണം കൈയില്‍ കരുതുന്ന പതിവില്ലാത്തതിനാല്‍ അവിടെ ഉണ്ടായിരുന്ന ഒരാളുടെ കൈയില്‍ നിന്ന് നൂറുരൂപ വാങ്ങി നല്കി. നൂറു രൂപ വേണ്ട ഒരു രൂപയുടെ നാണയം മതിയെന്നായി അദ്ദേഹം. കഷ്ടകാലത്തിന് എനിക്കൊപ്പം വന്നവരില്‍ ആരുടെയും കൈയില്‍ ഒരു രൂപയുടെ നാണയം ഇല്ലായിരുന്നു. പിന്നെ ലൊക്കേഷനിലെ ഒരു പ്രൊഡക്ഷന്‍ ബോയിയുടെ കൈയില്‍ നിന്ന് നാണയം വാങ്ങി കൈനീട്ടം നല്കി. മനസിന് ഇന്നും സന്തോഷം തരുന്ന അനുഭവമാണത്.
പിന്നീട് നാലു വര്‍ഷത്തിനുശേഷം വിക്രം സാറിന്റെ മകന് അഭിനയിച്ച ആദിത്യ വര്‍മ്മ എന്ന ചിത്രത്തിന്റെ പ്രമോഷന് കേരളത്തിലെത്തിയപ്പോഴാണ് വീണ്ടും അദ്ദേഹത്തേയും മകനേയും ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചത്. ഇതാണ് എനിക്ക് ഒരു രൂപ കൈനീട്ടം നല്കിയ കുട്ടി എന്നു പറഞ്ഞ് ധ്രുവിന് എന്നെ പരിചയപ്പെടുത്തി. സാര്‍ എന്നെ ഓര്‍ത്തിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. മാത്രമല്ല അന്ന് എനിക്ക് നല്കിയ കൈനീ ട്ടം ഞാന്‍ തിരികെ തരുന്നു എന്ന് പറഞ്ഞ് ഒരു നാണയം സമ്മാനിച്ചു. ഇന്നും ആ നാണയം ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
മറ്റൊരു വിഷുക്കാലത്താണ് ബാഹുബലി റിലീസാകുന്നത്. ആ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പ്രഭാസ് കേരളത്തില്‍ വന്നതാകട്ടെ വിഷു ദിനത്തിലും. കൊച്ചി ലേ മെറീഡിയന് ഹോട്ടലിന്റെ പരിസരം മുഴുവന്‍ അന്ന് പെണ്‍കുട്ടികളെ കൊണ്ട് നിറഞ്ഞു. വിഷുവായതിനാല്‍ പ്രഭാസ് കൈനീട്ടമായി ഫ്ളൈയിങ് കിസ് നല്കിയപ്പോള് അത് ചാടിപ്പിടിക്കാന്‍ പെണ്‍കുട്ടിക ള്‍ കാണിച്ച ആവേശം ഞാനിന്നുമോര്‍ക്കുന്നു.
ഇന്ന് നഗരങ്ങളില്‍ ആഘോഷങ്ങളെല്ലാം ഡിജിറ്റലായി. മാത്രമല്ല ചാനലുകള്‍ ആഘോഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഏറ്റവും പുതിയ സിനിമകള്‍ കാണിച്ചുകൊണ്ട് പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുകയാണവര്‍.
കോമഡി സ്റ്റാര്‍സിലെ വിഷു
കോമഡി സ്റ്റാര്‍സ് ഷൂട്ടിനിടയില്‍ എല്ലാവരുമൊരുമിച്ചാണ് വിശേഷദിവസങ്ങള്‍ ആഘോഷിക്കുന്നത്. ജഗദീഷേട്ടന്റെ വകയായി കൈനീട്ടത്തിന് പുറമേ നല്ലൊരു പാട്ടുമുണ്ടാകും. റിമി ടോമിയുണ്ടെങ്കില് ഡ്രൈവ് പോകും. റിമി നന്നായി ഡ്രൈവ് ചെയ്യും. ഷൂട്ടിനുശേഷം ഞങ്ങളൊരുമിച്ച് പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്നയൊക്കെ കണ്ട് നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ചെറിയ വഴികളിലൂടെയൊക്കെ ഒന്നു കറങ്ങും.
ആഘോഷങ്ങള്‍ ഏതായാലും അതിന് തിരികൊളുത്തുന്നത് ജഗദീഷേട്ടനാണ്, വിഷുവിന് ആദ്യത്തെ പടക്കം പൊട്ടിക്കുന്നതും ചേട്ടനാണ്. ഒരിക്കല്‍ പൂത്തിരി കത്തിക്കുന്നതിനിടയില്‍ തിരി കത്തി ജഗദീഷേട്ടന്റെ ഡ്രസില്‍ വീണു. മുഖത്തും ഡ്രസിലുമൊക്കെ കരിയായി. അതോടെ ലൊക്കേഷനില്‍ പടക്കം വേണ്ട എന്നായി ജഗദീഷേട്ടന്. ഇപ്പോള്‍ പടക്കമില്ലാതെയാണ് ഞങ്ങളുടെ ആഘോഷം.
നല്ല പാതിയുടെ കൈനീട്ടവും കാത്ത്
മേടമാസപ്പുലരി എന്നും മലയാളിക്ക് സമൃദ്ധിയുടെ ഭാവിയിലേക്കുള്ള കണികാണലാണ്. പൊള്ളുന്ന സൂര്യന്റെ തീക്ഷ്ണതയില്‍ കര്‍ണികാരം എന്ന സ്വര്ണക്കലവറയുടെ പൊന്നിന്കാഴ്ച കണിയായി ഒരുക്കി പ്രകൃതിയും സന്തോഷവതിയാകുന്ന കാലം. ഗ്രാമത്തിന്റെ വിശുദ്ധിയില്‍ നിന്ന് പ്രവാസത്തിലേക്കും നഗരത്തിന്റെ തിരക്കുകളിലേക്കും ജീവിതം പറിച്ചു നട്ടെങ്കിലും കണിയൊരുക്കിയും കൈനീട്ടം നല്‍കിയും നാടിന്റെ നന്മകളെ സ്നേഹിക്കുകയാണ് ഈ താരം. വിഷുവിന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ മനസില്‍ സൂക്ഷിക്കുമ്പോഴും മകള്‍ക്കായി കണിയും കൈനീട്ടവും ഒരുക്കാനുള്ള തിരക്കിലാണ് അശ്വതി ശ്രീകാന്ത്.
കൈനീട്ടം
ഇത്തവണത്തെ വിഷുവിന് മുമ്പ് തന്നെ കൈനീട്ടം കിട്ടി കഴിഞ്ഞു. കുറച്ചു മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഞങ്ങളുടെ മൂത്ത മകള്‍ പത്മയ്ക്ക് കൂട്ടായി കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തുകയാണ്. ആ വരവറിയിച്ച ശേഷമുള്ള ആദ്യ വിഷുവാണിത്. അടുത്ത വര്‍ഷം കുഞ്ഞും ഞങ്ങള്‍ക്കൊപ്പമുണ്ടാകും. എന്നേക്കാളേറെ പത്മയാണ് പുതിയ അതിഥിയുടെ വരവിനായി കാത്തിരിക്കുന്നത്. ഈ വര്‍ഷം ഞങ്ങള്‍ക്ക് കിട്ടിയതും പത്മയ്ക്കും നല്‍കാവുന്നതുമായ ഏറ്റവും വലിയ കൈനീട്ടമിതാണ്.
കൊന്നപ്പൂക്കാലം
ഓണവും വിഷുവും ദീപാവലിയുമൊക്കെ തനിമ ചോരാതെ ആഘോഷമാക്കുന്ന ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. കുട്ടിക്കാലത്തൊക്കെ വിഷുവിനെ കളറാക്കിയിരുന്നത് പടക്കവും കൈനീട്ടവും അമ്മയൊരുക്കുന്ന കണിയുമൊക്കെയാണ്. അന്നൊക്കെ ഞങ്ങളുടെ വീടിന് പിറകിലായി ഒരു കൊന്നമരമുണ്ടായിരുന്നു.
വല്ലപ്പോഴുമൊക്കെയാണ് അത് പൂക്കുന്നത്, ഒന്നോ രണ്ടോ കുല പൂക്കളുണ്ടായാല്‍ ഉണ്ടായി എന്നു പറയാം. ആ മരത്തിലാണെങ്കില്‍ നിറയെ നീറുമുണ്ട്.
വിഷുവിന്റെ തലേദിവസം തോട്ടി കെട്ടി ആ മരത്തില്‍ നിന്ന് കണികൊന്ന പൊട്ടിക്കുന്നതും നീറിന്റെ കടികൊള്ളുന്നതുമൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ രസമുള്ള ഓര്‍മ്മകളാണ്. അച്ഛന് പ്രവാസിയായിരുന്നതുകൊണ്ട് മിക്ക വിഷുവിനും വീട്ടിലുണ്ടാകില്ല. വീട്ടില്‍ മുതിര്‍ന്ന ആണുങ്ങളാരുമില്ല എന്ന കാരണത്താല്‍ വീട്ടില്‍ പടക്കം പൊട്ടിക്കുന്നതിനൊക്കെ വിലക്കുകളുണ്ടായിരുന്നു. എങ്കിലും അടുത്ത വീട്ടിലെ കുട്ടികളുമായി ചേര്‍ന്ന് ഷെയറിട്ട് പടക്കം വാങ്ങും. അടുത്ത വീട്ടിലെ ചേട്ടന്മാരുടെ സഹായത്തോടെയാണ് പടക്കം പൊട്ടിക്കുന്നത്.
വിഷു ദിവസം കണിയൊരുക്കിയശേഷം അമ്മ വിളിച്ചെഴുന്നേല്‍പ്പിച്ച് കണി കാണിക്കും. വീട്ടില്‍ നിന്നുള്ള കൈനീട്ടം വാങ്ങിയശേഷം നേരം വെളുത്താല്‍ അടുത്ത വീടുകളിലും ബന്ധുവീടുകളിലുമൊക്കെ ചെന്നൊന്ന് തലകാണിക്കും. അവിടെ നിന്ന് കിട്ടാനുള്ള കൈനീട്ടം കൈയോടെ വാങ്ങണമല്ലോ. അന്നൊക്കെ അഞ്ചും പത്തുരൂപയെന്നൊക്കെ പറഞ്ഞാല്‍ വലിയ തുകയാണ്. കിട്ടുന്ന പണമൊക്കെ സൂക്ഷിച്ചു വയ്ക്കും. അതുകൊണ്ടാണ് ഉത്സവത്തിന് വളയും മാലയുമൊക്കെ വാങ്ങുന്നത്.
പിന്നെയുള്ളത് സദ്യയാണ്. പലനാടുകളിലും വിഷു സദ്യയില്‍ നോണ്‍വെജ് വിഭവങ്ങളുണ്ടാകും. ആ പതിവ് ഞങ്ങളുടെ നാട്ടിലില്ല. പായസമടക്കം നല്ലൊരു സദ്യ അമ്മയുടെ വകയായുണ്ടാകും. തലേദിവസം പൊട്ടിച്ച പടക്കങ്ങളില്‍ ഏതെങ്കിലും പൊട്ടാതെ കിടക്കുന്നുണ്ടെങ്കില്‍ അതെടുത്ത് പൊട്ടിക്കുന്നതാണ് അടുത്ത കലാപരിപാടി.
റെഡിമെയ്ഡ് വിഷു കിറ്റ്
ലോകത്തിന്റെ ഏത് കോണിലായാലും ആഘോഷങ്ങള്‍ പരമാവധി കളറാക്കണമെന്നതാണ് എന്റെ ആഗ്രഹം. വിവാഹശേഷമുള്ള ആദ്യ വിഷുവിന് ഞങ്ങള്‍ ഗള്‍ഫിലായിരുന്നു. കണിയൊരുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ചെറിയൊരു സദ്യയെങ്കിലുമൊരുക്കണമെന്ന് ആഗ്രഹിച്ച് ഞാന്‍ ചെന്ന് കയറിയതോ ഒരു സൂപ്പര്‍മാര്‍ക്കറ്റിലും. അവിടെ കണ്ട കാഴ്ച ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുമ്പിലിരിക്കുകയല്ലേ വിഷു കിറ്റ്.
കൊന്നപ്പൂവ്, വെള്ളരിക്ക, കൃഷ്ണന്റെ ഫോട്ടോ, എന്തിനേറെ പറയുന്നു ചെറിയൊരു വാല്‍ക്കണ്ണാടി വരെ അതിലുണ്ട്. മനസില്‍ ലഡു പൊട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. കിറ്റ് വാങ്ങി വന്ന് നിരത്തി വച്ചപ്പോഴല്ലേ രസം. അതിലുള്ള കൃഷ്ണന് ചൈനീസ് മുഖഛായയല്ലേ എന്നൊരു സംശയം. അവിടെ കിട്ടുന്നതില്‍ കൂടുതലും ചൈനീസ് ഉത്പന്നങ്ങളാണല്ലോ? പിന്നെ കൃഷ്ണന് ചൈനീസ് മുഖം വന്നതില്‍ അതിശയമില്ലല്ലോ. എങ്കിലും സി മ്പോളിക്കായി കണിയൊരുക്കി ആ വര്‍ഷവും ഞങ്ങള്‍ വിഷു അടിപൊളിയാക്കി.
മാതാപിതാക്കളില്‍ നിന്നും കൈനീട്ടം വാങ്ങിയും അമ്മയൊരുക്കിയ കണികണ്ടുമൊക്കെ നമ്മള് കുട്ടികളാണെന്ന് സ്വയം വിശ്വസിച്ചിരുന്ന കാലത്താണ് പത്മ ഞങ്ങള്‍ക്കിടയിലേക്ക് വരുന്നത്. അതോടെ ആഘോഷങ്ങളോട് കൗതുകമായി. ആവേശത്തോടെയാണ് കണിയൊരുക്കുന്നതും കുഞ്ഞിനെ കണികാണിക്കുന്നതുമൊക്കെ. തലേദിവസം പത്മയെ നേരത്തെ കിടത്തിയുറക്കി, കണിയൊരുക്കിയശേഷം അതിരാവിലെ എണീപ്പിച്ച് കണികാണിക്കുന്നതാണ് പതിവ്. ആദ്യമൊക്കെ ഉറക്കത്തില്‍ നിന്ന് വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നെങ്കിലും ഇപ്പോള്‍ കണികാണാനും കൈനീട്ടം വാങ്ങാനുമൊക്കെ വലിയ ഉത്സാഹമാണ്.
അശ്വതി അശോക്