
തൃശൂര്‍: തൃശൂര്‍ പൂരം ആചാരങ്ങളനുസരിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. 45 വയസു കഴിഞ്ഞവര്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ വേദികളിലേക്കു പ്രവേശിപ്പിക്കൂ. 45 വയസിനു താഴേയുള്ളവര്‍ 72 മണിക്കൂറിനു മുമ്പെങ്കിലും കോവിഡ് നെഗറ്റീവാണെന്ന ആര്.ടി.പി.സി.ആര്. പരിശോധനാരേഖ നല്‍കണം. 10 വയസിനു താഴേയുള്ളവര്ക്കു പൂരത്തിലേക്കു പ്രവേശനമില്ല.
പൂരത്തിനു പ്രൗഢി കുറയ്ക്കില്ലെന്നും എല്ലാ ചടങ്ങുകളും സാധാരണപോലെ നടത്തുമെന്നൂം ദേവസ്വങ്ങളും അധികൃതരും വ്യക്തമാക്കി. വെടിക്കെട്ട്, കുടമാറ്റം അടക്കമുള്ള ചടങ്ങുകളും നടത്തും.
ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സാന്നിധ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണു തീരുമാനം. പാസുകള്‍ നല്‍കാനായി ദേവസ്വങ്ങള്‍ ആവശ്യത്തിനു കൗണ്ടറുകള്‍ സജ്ജമാക്കും. പൂരപ്പറമ്പിലേക്കു നിയന്ത്രണമില്ലാതെ ആള്‍ക്കൂട്ടത്തെ കടത്തിവിടുന്നതു പ്രായോഗികമല്ലെന്ന് ഉന്നതതല യോഗത്തിനു ശേഷം ദേവസ്വങ്ങള്‍ക്കു വേണ്ടി പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് പൂരം നടത്തുന്ന കാര്യത്തില്‍ യോജിപ്പാണെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരാകും രേഖകള്‍ പരിശോധിക്കുക. ആള്‍ക്കൂട്ട നിയന്ത്രണത്തിനു പോലീസുമായി ചേര്‍ന്ന് നടപടികളെടുക്കും. തേക്കിന്‍കാട് മൈതാനത്തേക്കുള്ള 19 ഉപറോഡുകളിലും ചെക്പോയിന്റുണ്ടാകും. നഗരത്തിലേക്കുള്ള പ്രധാന റോഡുകളും അടയ്ക്കും.
പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, കലക്ടര്‍ എസ്. ഷാനവാസ്, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ. സതീഷ് മേനോന്, സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖര മേനോന്, സെക്രട്ടറി എം. രവികുമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ ആര്.ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.
സാമൂഹിക അകലം പാലിച്ചു ചടങ്ങുകള്‍ നടത്താമെന്നായിരുന്നു യോഗത്തിലുയര്‍ന്ന ആദ്യനിര്‍ദേശം. എന്നാല്‍ ഇതു പ്രായോഗികമാകില്ലെന്നു വിലയിരുത്തി. തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. പൂരം പ്രദര്‍ശനത്തില്‍ സാമൂഹിക അകലം പാലിച്ചാണ് ആളുകളെ പ്രവേശിപ്പിക്കുക.
പിന്തുണയുമായി കോര്പ്പറേഷന്
തൃശൂര്‍: പൂരം സുഗമമായി നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്കാന് തൃശൂര്‍ കോര്പ്പറേഷന് തീരുമാനിച്ചു. പൊതുമരാമത്ത്, വൈദ്യുതി, കുടിവെള്ളം എന്നീ മേഖലകളില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. വൈദ്യുതി അധികമായി വേണ്ട സ്ഥലങ്ങളില്‍ പ്രത്യേക ക്രമീകരണം ചെയ്ും. യ
ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. ഷാജന്, ഷീബ ബാബു, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വാക്സിന് കൂടുതല്‍ വേണം: എം.പി.
തൃശൂര്‍: തൃശൂര്‍പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതല്‍ കോവിഡ് വാക്സിന് അനുവദിക്കണമെന്നു ടി.എന്‍. പ്രതാപന് എം.പി. പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ടൂറിസം ഭൂപടത്തില്‍ പ്രധാന ആകര്‍ഷണമായ പൂരത്തിനു വന്‍തോതില്‍ ജനക്കൂട്ടം എത്തുമെന്നതും പരിഗണിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.





