
കോഴിക്കോട്: വയര്‍ലെസിലൂടെ പോലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോഴിക്കോട് ഡിസിപിയോട് വിശദീകരണം തേടി. പൊലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ഹേമലതക്കെതിരെയാണ് പരാതി. ഡ്യൂട്ടിയില്‍ വീഴ്ച്ചവരുത്തി എന്നാരോപിച്ച് സബ് ഇന്‍സ്പെക്ടറോട് മോശമായി പെരുമാറി എന്നാണ് ഡിസിപിക്കെതിരായ ആരോപണം.
ഏപ്രില്‍ 13-ന് പോലീസ് ഉദ്യോഗസ്ഥര്‍ രാവിലെ പതിവായി നടത്തുന്ന വയര്‍ലെസ് മീറ്റിങ്ങിനിടെയാണ് ഡിസിപി എം. ഹേമലത കണ്ട്രോള് റൂം സബ് ഇന്‍സ്പെക്ടറെ കടുത്ത ഭാഷയില്‍ ശാസിച്ചത്. ഫ്ളൈയിംഗ് സ്ക്വാഡിന്റെ എല്ലാ വാഹനങ്ങളിലും എസ്ഐ തലത്തിലുളള ഉദ്യോഗസ്ഥന് വേണമെന്ന നിര്‍ദ്ദശം നടപ്പാക്കാത്തതാണ് ഡിസിപി വിമര്‍ശിക്കാന്‍ ഇടയാക്കിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയില്‍ പോയതിനാലാണ് ഇത് പാലിക്കാനാകാതിരുന്നതെന്നാണ് ഇന്‍സ്പെക്ടറുടെ വിശദീകരണം. വയര്‍ലെസ് മീറ്റിംഗിന്റെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥരും കേള്‍ക്കെ നിങ്ങള്‍ മൃഗങ്ങളാണോ? നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ തുടങ്ങി കടുത്ത ഭാഷയിലായിരുന്നു ഡിസിപിയുടെ വിമര്‍ശനം.
സംഭവത്തില്‍ പോലീസ് അസോസിയേഷന് പൊലീസ് കമ്മീഷണര്‍ എ. വി. ജോര്‍ജ്ജിന് പരാതി നല്‍കിയത്. പരാതിയിന്മേല് ഡിസിപിയോട് റിപ്പോര്‍ട്ട് തേടിയതായി കമ്മീഷണര്‍ അറിയിച്ചു. കണ്ട്രോള് റൂം ഫ്ലൈയിംഗ് സ്ക്വാഡിലെ എല്ലാ വാഹനങ്ങളിലും എസ് ഐ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാവണമെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്തെ ആറു ദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നതിനാല്‍ പലരും അവധിയില്‍ പോയി. ഇതിനാല്‍ നിര്‍ദ്ദേശം പാലിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യം അറിയാമായിരുന്നിട്ടും ഉന്നത ഉദ്യോഗസ്ഥ നടത്തിയ മോശം പദപ്രയോഗം പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലായെന്നാണ് അസോസിയേഷന്റെ പരാതി.






