
കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ 48 ലക്ഷത്തിലധികം രൂപ കണ്ടെടുത്തതായി വിജിലന്‍സ്. എംഎല്‍എയുടെ കണ്ണൂരും കോഴിക്കോടുമുള്ള വീടുകളിലായിരുന്നു പരിശോധന. റെയ്ഡില്‍ കണ്ടെടുത്ത പണവും 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറി. കെ.എം. ഷാജിയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏപ്രില്‍ 13-നായിരുന്നു കോഴിക്കോട് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തില്‍ കോഴിക്കോടും കണ്ണൂരുമുള്ള വീടുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും സ്വര്‍ണാഭരണങ്ങളുമാണ് വിജിലന്‍സ് കണ്ടെടുത്തത്.





