
ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് സജീവമായ നടിയാണ് ഷീലു ഏബ്രഹാം. പോലീസ് വേഷങ്ങള്‍ നന്നായി ഇണങ്ങുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളായ ഷീലു ബോള്‍ഡായ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്കി.
ഫിറ്റ്നെസ് സീക്രട്ടുകള്‍?
സിനിമയില്‍ വരുന്നതിന് മുമ്പുതന്നെ ഫിറ്റ്നെസ് കാര്യങ്ങളൊക്കെ ശ്രദ്ധിക്കുമായിരുന്നു. ജിമ്മില്‍ പോകാറുണ്ടായിരുന്നു. കൂടാതെ യോഗയും ചെയ്യും. ഇപ്പോള്‍ വീട്ടില്‍ യോഗ ചെയ്യുന്നുണ്ട്. ശരീരവും മനസും ഒരുപോലെ റിഫ്രഷ് ആകാന്‍ യോഗ സഹായിക്കും.
ബ്യൂട്ടി കോണ്‍ഷ്യസാണോ?
എനിക്ക് നന്നായി മേക്കപ് ചെയ്യാന്‍ അറിയാം. വലിയ മേക്കോവര്‍ ഇല്ലാത്ത കഥാപാത്രമല്ലെങ്കില്‍ സ്വയം മേക്കപ് ചെയ്യുന്നതാണ് ഇഷ്ടം. ഹെയര്‍ സ്റ്റൈലിങ്ങും തനിയെ ചെയ്യാറുണ്ട്. ചിലപ്പോള്‍ മാത്രം സ്റ്റൈലിസ്റ്റിന്റെ സഹായം തേടും. അത്യാവശ്യം ട്രെന്‍ഡുകളൊക്കെ ശ്രദ്ധിക്കുമെങ്കിലും ധരിച്ചാല്‍ ഭംഗി തോന്നുന്ന വസ്ത്രങ്ങള്‍ മാത്രമേ അണിയാറുള്ളൂ. അല്ലാതെ മറ്റൊരാളെ അനുകരിച്ച് മേക്കപ്പും കോസ്റ്റിയൂമും തെരഞ്ഞെടുക്കാറില്ല.
എട്ട് വര്‍ഷമായി സിനിമയില്‍. സിനിമ വരുത്തിയ മാറ്റങ്ങള്‍?
ജീവിതത്തില്‍ അങ്ങനെ വലിയ മാറ്റങ്ങളൊന്നുമില്ല. ഞാന്‍ എപ്പോഴും ഒരുപോലെ പോകുന്ന വ്യക്തിയാണ്. നേട്ടങ്ങളിലെല്ലാം സന്തോഷമുണ്ട്.
പിന്നെ ജീവിതത്തില്‍ ആകെ ഒരു മാറ്റമുണ്ടായത് പുറത്തുപോകുമ്പോള്‍ ആളുകള്‍ വന്ന് സംസാരിക്കുന്നതും തിരിച്ചറിയുന്നതും കൂടെ നിന്ന് ഫോട്ടോയെടുക്കുന്നതും ഒക്കെയാണ്. ഭയങ്കര സ്നേഹമാണ് ആളുകള്‍ക്ക്. എന്റെ കഥാപാത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരമാണത്.
ഡാന്സറാണല്ലോ? ഇപ്പോഴും പ്രാക്ടീസ് ചെയ്യാറുണ്ടോ?
രണ്ട് വര്‍ഷമായി നൃത്തത്തോട് താല്‍ക്കാലികമായി വിടപറഞ്ഞിട്ട്. അതുവരെ പ്രാക്ടീസ് ചെയ്യുമായിരുന്നു. കുട്ടിക്കാലത്ത് നൃത്തം പഠിച്ചിരുന്നു. പിന്നീട് പഠനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പ്രാക്ടീസിനൊന്നും സമയം കിട്ടിയില്ല. വിവാഹശേഷം മുംബൈ ഭാരതീയ യൂണിവേഴ്സിറ്റിയില്‍ നാല് വര്‍ഷം നൃത്തം പഠിച്ചു. നാട്ടിലേക്ക് വന്നപ്പോള്‍ പ്രാക്ടീസൊക്കെ മുടങ്ങി. ഇനി നൃത്തത്തിനുവേണ്ടി ഒരു അവസരം വരുമ്പോള്‍ ചെയ്യും. നൃത്തം മുന്നോട്ട് കൊണ്ടുപോകണമെന്നുണ്ട്.
വിവാഹ ശേഷമാണ് അഭിനയ രംഗത്തേക്ക്?
വിവാഹശേഷം അഭിനയിക്കുന്ന ധാരാളം നടിമാരുണ്ടല്ലോ നമ്മുടെയിടയില്‍. വിവാഹ ശേഷം എത്രയോ സ്ത്രീകള്‍ പലതരം ജോലികള്‍ ചെയ്യുന്നുണ്ട്. വിവാഹം കഴിഞ്ഞവര്‍ക്ക് സിനിമയില്‍ റോള്‍ ഇല്ലെന്നോ, അല്ലാത്തവര്ക്കേ റോള്‍ ഉണ്ടാവുകയുളളുവെന്നോ അങ്ങനെയൊന്നും സിനിമയിലില്ല. എല്ലാ പ്രായത്തിലുള്ളവരേയും സിനിമയ്ക്ക് ആവശ്യമാണ്.
ചെറുപ്പത്തില്‍ പല ഓഫറുകളും വരുന്നുണ്ടായിരുന്നു. പഠനത്തിനായിരുന്നു അന്ന് പ്രാധാന്യം കൊടുത്തിരുന്നത്. നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം കുറച്ചുനാള്‍ ജോലി ചെയ്തു. പിന്നീട് വിവാഹശേഷം നല്ലൊരു അവസരം കിട്ടിയപ്പോള്‍ സിനിമയിലേക്ക് വന്നു. പിന്നീട് ഓരോ സിനിമകളായി എന്നെ തേടിയെത്തി.
പലരും സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ചാണ് വിവാഹശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുന്നത്. എനിക്ക് അവസരം ലഭിച്ചത് വിവാഹത്തിന് ശേഷമാണ്. താരതമ്യേന അതാണ് നല്ലതെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ച് എല്ലാ പിന്തുണയും നല്കി ഭര്‍ത്താവ് ഒപ്പമുണ്ട്.
പോലീസ് വേഷങ്ങളില്‍ ശ്രദ്ധ നേടിയല്ലോ?
ഒരു പോലീസ് വേഷം എന്നെ തേടിയെത്തുമെന്നോ അത് നന്നായി ചെയ്യാനാവുമെന്നോ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. പുതിയ നിയമത്തിലെ ജീനഭായിയാണ് ആദ്യം ചെയ്ത പോലീസ് വേഷം. ഇപ്പോഴും ആളുകള്‍ ആ ക്യാരക്ടറിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ അവര്‍ നമ്മെ ഓര്ക്കുന്നുണ്ടെന്നതില് സന്തോഷം തോന്നാറുണ്ട്. പിന്നീടാണ് പുത്തന്‍പണത്തിലേക്ക് പോലീസുകാരിയായി ക്ഷണം ലഭിച്ചത്. അതും വളരെ നല്ലൊരു ക്യാരക്ടറായിരുന്നു. പക്ഷേ ഞാന്‍ അഭിനയിച്ചതില്‍ കൂടുതല്‍ ഭാഗവും എഡിറ്റ് ചെയ്തു നീക്കി. അതില്‍ വിഷമമുണ്ട്. അല്ലായിരുന്നെങ്കില്‍ പുതിയ നിയമത്തേക്കാള്‍ മുകളില്‍ നില്ക്കുന്ന വേഷമായേനെ. ഇപ്പോള്‍ അമിഗോസ് എന്ന ചിത്രത്തില്‍ ഒരു പോലീസ് വേഷം ചെയ്തിട്ടുണ്ട്.
ഞാന്‍ ശരിക്കും ഒരു നാടന്‍പെണ്ണാണ്. യൂണീഫോം ഇട്ട് കഴിയുമ്പോള്‍ അങ്ങനെയാവാന്‍ പറ്റുന്നത് ആ ക്യാരക്ടറിനെ സ്വീകരിക്കാനുള്ള ശരീരഘടന എന്നിലുള്ളതുകൊണ്ടാണ്. പോലീസുകാരിയാവാന്‍ വേണ്ടി മേക്കോവര്‍ നടത്തിയിട്ടൊന്നുമില്ല. ആരേയും അനുകരിച്ചിട്ടുമില്ല. അഭിനയത്തിലായാലും ജീവിതത്തിലായാലും മറ്റൊരാള്‍ ചെയ്യുന്നത് അതുപോലെ അനുകരിക്കാന്‍ ശ്രമിക്കാറില്ല.
ഭര്‍ത്താവിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ സജീവമാണോ?
അബാം മൂവീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ചെറിയ രീതിയിലൊക്കെ ഞാനും സഹകരിക്കാറുണ്ട്. ആ ബാനറിലുള്ള സിനിമകളിലാണ് ഞാന്‍ കൂടുതലും അഭിനയിച്ചിട്ടുള്ളത്. പക്ഷേ സെറ്റിലെത്തിയാല്‍ ഞാന്‍ അഭിനേതാവ് മാത്രമാണ്. കഥ സെലക്ട് ചെയ്യുന്നതിലും കാസ്റ്റിംഗിലുമൊക്കെ പങ്കെടുക്കാറുണ്ട്. പ്രൊഡക്ഷന്‍ കാര്യങ്ങളിലും ഫിനാന്‍സ് ഇടപാടുകളിലും ഇടപെടാറില്ല.
ആരോഗ്യ പ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്ന കാലമാണിത്. ആ മേഖലയില്‍ ജോലി ചെയ്തതിന്റെ അനുഭവങ്ങള്‍?
ആന്റിമാരൊക്കെ നഴ്സുമാരാണ്. അവരെ കണ്ടാണ് ഞാനും നഴ്സിങ് പഠിച്ചത്. ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതില്‍ എനിക്കും അഭിമാനമുണ്ട്. ഈ കോവിഡ് കാലത്ത് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം എടുത്തു പറയേണ്ടതാണ്. ഒപ്പം പോലീസ് ഉദ്യോഗസ്ഥരേയും സാമൂഹിക പ്രവര്‍ത്തകരേയും ഓര്‍ക്കുന്നു.
സിനിമയില്‍ വന്നിട്ട് ഇതുവരെ ഒരു സിനിമയിലും നഴ്സായി അഭിനയിക്കാനായിട്ടില്ല, നഴ്സായി അഭിനയിക്കണമെന്ന മോഹം ഉള്ളിലുണ്ട്. നഴ്സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷത്തോളമായി. എന്നിരുന്നാലും മനസുകൊണ്ട് അവരുടെ കൂടെയാണ്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുണ്ട്.
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും?
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളയാളല്ല. ആകെയുള്ള പ്രതീക്ഷയും സ്വപ്നവും എന്റെ ജീവിതവും മക്കളും ഒക്കെയാണ്. കുടുംബം നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് പ്രധാന ആഗ്രഹം.
സിനിമ ഇഷ്ടമുള്ള മേഖലകളിലൊന്നാണ്. അമിത പ്രതീക്ഷയില്ല. കുറച്ച് പ്രതീക്ഷ വയ്ക്കുക. അപ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കിട്ടുമ്പോള്‍ സന്തോഷിക്കാനാവും.
അടുത്തിടെ യൂട്യൂബ് ചാനല്‍ ആരംഭിച്ചല്ലോ?
ലോക്ഡൗണ്‍ കാലത്താണ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള ഐഡിയ തോന്നുന്നത്. എല്ലാത്തിനും ഭര്ത്താവിന്േറയും കുട്ടികളുടേയും പിന്തുണയുണ്ട്. ലോക്ക് ഡൗണ്‍ സമയത്തെ വിശേഷങ്ങളും മറ്റുമൊക്കെ ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത് ഈ യൂട്യൂബ് ചാനലിലൂടെയാണ്. കൃഷി അറിവുകളും കുക്കിംഗ് പരീക്ഷങ്ങളും ബ്യൂട്ടി ടിപ്സും മറ്റ് കുടുംബ വിശേഷങ്ങളുമൊക്കെ ചാനലിലൂടെ പങ്കുവെക്കുന്നുമുണ്ട്.
കൃഷിയിലും സജീവമാണല്ലോ?
ചൊവ്വരയില്‍ ഞങ്ങള്‍ക്ക് കുറച്ച് ഭൂമിയുണ്ട്. അവിടെ അത്യാവശ്യം വീട്ടിലേക്ക് വേണ്ടുന്നവ കൃഷി ചെയ്യുന്നുണ്ട്. അതോടൊപ്പം വൈറ്റിലയില്‍ വീടിനോടും ചേര്‍ന്നും കുറച്ച് സ്ഥലത്ത് കൃഷിയുണ്ട്. കൃഷിയൊക്കെ നോക്കുന്നതിന് ഒരാളെ നിര്‍ത്തിയിട്ടുണ്ട്. ഈ ലോക്ക് ഡൗണ്‍ കാലത്താണ് കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞത്. കപ്പ, ചേന, വാഴ, കറിവേപ്പില, പച്ചമുളക്, കാന്താരിമുളക്, മറ്റു പച്ചക്കറികള്‍, തെങ്ങ് ഇവയൊക്കെയുണ്ട്.
ഒഴിവുസമയങ്ങള്‍?
ഷൂട്ടും മറ്റ് പ്രോഗ്രാമുകളുമൊന്നുമില്ലെങ്കില് അതിരാവിലെ എണീക്കാന്‍ മടിയുള്ള കൂട്ടത്തിലാണ് ഞാന്‍. കുട്ടികളെ സ്കൂളില്‍ വിട്ട്, ബ്രേക്ക്ഫാസെ്റ്റാക്കെ കഴിച്ചു കഴിഞ്ഞാല്‍ കുറച്ചു സമയം വെറുതെയിരിക്കും. അല്ലാതെ പ്രത്യേകിച്ച് ഹോബിയൊന്നുമില്ല.
എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചകളൊന്നുമില്ല. വെറുതെയിരിക്കുന്ന സമയത്താണ് വീടിന്റെ ഓരോ മുക്കും മൂലയും ശ്രദ്ധിക്കുന്നതും പൊടിപിടിച്ചിട്ടുണ്ടെങ്കില്‍ വൃത്തിയാക്കുന്നതും. സാധനങ്ങളൊക്കെ അതത് സ്ഥലത്ത് ഇരിക്കണമെന്നത് നിര്‍ബന്ധമുളള കാര്യമാണ്.
മക്കളുടെയും ഭര്‍ത്താവിന്റെയും പിന്തുണ?
ഭര്‍ത്താവ് വളരെ സപ്പോര്‍ട്ടാണ്. രണ്ട് മക്കളാണ്. മകള്‍ ചെല്‍സി ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു, മകന് നീല്‍ ഏഴാംക്ലാസിലും. മക്കള്‍ മുംബൈയില്‍ ജനിച്ചുവളര്‍ന്നവരാണ്. മലയാളം അറിയാത്തതുകൊണ്ടുതന്നെ മലയാളം സിനിമകളോട് വലിയ താല്പര്യമില്ല. റിലീസ് ദിവസം എന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കാണും. അത്രയേ ഉള്ളൂ.
പുതിയ സിനിമകള്‍?
മരട് 357 എന്ന സിനിമ ഉടന്‍ റിലീസാകും. പൃഥ്വിരാജും ജോജു ജോര്‍ജും നായകന്മാരാകുന്ന സ്റ്റാര്‍ എന്ന ചിത്രത്തിലും ഒരു വേഷം ചെയ്യുന്നുണ്ട്. ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞു.
തയാറാക്കിയത്:
അശ്വതി അശോക്