ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വാവെയ് ഓട്ടോമോട്ടീവ് ബിസിനസിലും പ്രവേശിച്ചു. ചൈനയിൽ ഇപ്പോൾ നടക്കുന്ന ഷാങ്ങ്ഹായ് മോട്ടോർ ഷോയിലാണ് (ഓട്ടോ ഷാങ്ങ്ഹായ് 2021) വാവെയ് തങ്ങളുടെ ആദ്യ വാഹനമായി സെറെസ് SF5 ഹൈബ്രിഡ് എസ്യുവിയെ അവതരിപ്പിച്ചത്. കാലിഫോര്‍ണിയയിലെ സാന്താ ക്ലാര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന, വാഹനഘടക നിര്‍മാതാക്കളായ സെറെസുമായി ചേര്‍ന്ന് ആദ്യ കാര്‍ വികസിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ചു വാവെയുടെ ഫ്ലാഗ്ഷിപ് സ്റ്റോറുകൾ വഴി ചൈനയിലെമ്പാടും ഉടൻ സെറെസ് SF5 വില്പനക്കെത്തും.
ക്രോസ്ഓവര്‍ ലുക്ക് നല്‍കിയാണ് വാവെയ് സെറെസ് എസ്എഫ്5 നിര്‍മിച്ചിരിക്കുന്നത്. ബോണറ്റിലേക്ക് ഇറങ്ങി നിൽക്കുന്ന ഹെഡ്ലാംപ്, മെഷ് ഗ്രിൽ, വ്യത്യസ്തമായ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ എന്നിങ്ങനെയാണ് മുൻഭാഗം ക്രമീകരിച്ചിരിക്കുന്നത്. ഷ്ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍ കൂടാതെ ഷാര്‍പ്പ് ബോഡിലൈനുകള്‍, കൂര്ത്തതുപോലെ റൂഫ്ലൈന്‍ എന്നിവ വശങ്ങളില് കാണാം. സ്ലിം എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ പിറകില്‍ നല്കിയിരിക്കുന്നു. ലൈറ്റ് സ്ട്രിപ്പ് നല്കി രണ്ട് ടെയ്ല്ലൈറ്റുകളെയും ബന്ധിപ്പിച്ചു. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,700 എംഎം, 1,930 എംഎം, 1,625 എംഎം എന്നിങ്ങനെയാണ്. 2,875 മില്ലിമീറ്ററാണ് വീല്‍ബേസ്.
ബാറ്ററി പായ്ക്കിനായി പവർ നിർമ്മിക്കാൻ 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ആണ് വാവെയ് സെറെസ് SF5-ൽ. ടോപ് സ്പെക് വേരിയന്റില്‍ ബാറ്ററി പാക്ക് കരുത്തേകുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ടായിരിക്കും. 543 ബിഎച്പി പവറും 820എൻഎം ടോർക്കും ഈ ഹൈബ്രിഡ് എൻജിൻ ഉത്പാദിപ്പിക്കും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കാൻ വെറും 4.68 സെക്കന്റ് മതി. ഇലക്ട്രിക്ക് മോഡിൽ 180 കിലോമീറ്റർ ആണ് റേഞ്ച്. ഫുൾ ടാങ്ക് പെട്രോളും കൂടിയാവുമ്പോൾ 1,000 കിലോമീറ്റർ വരെ വാവെയ് സെറെസ് SF5-ൽ സഞ്ചരിക്കാം.
ഇന്റീരിയറിൽ ടെസ്ല കാറുകളിലെ പോലെ ഡാഷ്ബോർഡിന് നടുവിലായി കുത്തനെ ക്രമീകരിച്ചിരിക്കുന്ന ഒരു വലിയ ഡിസ്പ്ലേ ആണ് ലഭിക്കുന്നത്. വുഡ് ഇന്‍സര്‍ട്ടുകള്‍, മെറ്റാലിക് അലങ്കാരങ്ങള്‍, തുകല്‍ അപോള്‍സ്റ്ററി എന്നിവ നല്‍കിയതോടെ പ്രീമിയം നിലവാരം ലഭിച്ചു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, മസാജ് ഫംഗ്ഷന്, പതിനൊന്ന് സ്പീക്കറുകളോടുകൂടിയ ഓഡിയോ സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. ലോ-സ്പീഡ് ട്രാഫിക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ സെന്ററിംഗ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകയും ഒപ്പം എൽ2+ ഓട്ടോമാറ്റിക് അസിസ്റ്റഡ് ഡ്രൈവിംഗും ലഭിക്കുന്നു.






