
ചൂട് കനത്തു. വേനല്ക്കാലമായി. ചെറുതും വലുതുമായ നിരവധി പകര്‍ച്ചരോഗങ്ങള്‍ വേനല്‍ക്കാലത്ത് വ്യാപകമായി കാണാറുണ്ട്. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടം ഒഴിവാക്കാം.
ചിക്കന്‍പോക്സ്
വേനല്‍ക്കാലത്താണ് ചിക്കന്‍പോക്സ് കൂടുതലായി കാണപ്പെടുന്നത്. ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പെട്ട വാരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ് ചിക്കന്‍പോക്സിനു കാരണം. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 10 മുതല്‍ 21 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ജലദോഷം, പനി, കഠിനമായ ശരീരവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി മൂന്നു ദിവസത്തിനകം ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ കുരുക്കള്‍ കുത്തിപ്പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് അണുബാധയ്ക്കു കാരണമാകുന്നു. മരുന്നുകള്‍ക്കൊപ്പം വിശ്രമവും ആവശ്യമാണ്. ഏകദേശം രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരും.
ടൈഫോയിഡ്
തുറന്നുവച്ചിരിക്കുന്ന ഭക്ഷണത്തിലൂടെയും രോഗാണുക്കള്‍ കലര്‍ന്ന ജലത്തിലൂടെയുമാണ് ടൈഫോയിഡ് ബാക്ടീരിയ ശരീരത്തു പ്രവേശിക്കുന്നത്. സാല്മോണെല്ലാ ടൈഫി എന്ന ബാക്ടീരിയയാണ് രോഗ ഹേതു. മലിനജലത്തിലാണ് ടൈഫോയിഡിന്റെ അണുക്കള്‍ ഏറ്റവും കൂടുതല്‍ കാലം നിലനില്‍ക്കുന്നത്.
രോഗികളുമായോ രോഗാണുവാഹകരുമായോ അടുത്തിടപഴകുമ്പോള്‍ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാം. രോഗാണു ശരീരത്തു പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. തുടര്‍ച്ചയായ പനി, പനിയുടെ ചൂട് കൂടിയും കുറഞ്ഞും നില്ക്കുക, വയറുവേദന, ചുമ, ഛര്‍ദി, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. രക്തപരിശോധന, കള്‍ച്ചര്‍ ടെസ്റ്റ് തുടങ്ങിയവയിലൂടെ രോഗം മനസിലാക്കാന്‍ സാധിക്കും. രോഗം മാറിയെന്നു തോന്നിയാലും ഡോക്ടര്‍ നിര്‍ദേശിച്ച സമയത്തോളം മരുന്നു കഴിക്കാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ രോഗം പൂര്‍ണമായും മാറുകയുള്ളൂ.
വയറിളക്ക രോഗം
വയറിളക്ക രോഗം വേനല്‍ക്കാലത്ത് കാണപ്പെടുന്നു. ശുചിത്വക്കുറവാണ് ഇതിനു പ്രധാന കാരണം. ഹോട്ടല്‍ ഭക്ഷണം കൂടുതലായി ആശ്രയിക്കുന്നവര്‍ക്കാണ് വയറിളക്കരോഗം പെട്ടെന്ന് പിടിപെടുന്നത്. ഹോട്ടലുകളിലും മറ്റും കുടിക്കാനായി ലഭിക്കുന്ന വെള്ളം മിക്കവാറും പകുതി തിളപ്പിച്ചവയാണ്. വെള്ളത്തിലെ അണുക്കള്‍ നശിക്കണമെങ്കില്‍ കുറഞ്ഞതു 10 മിനിറ്റെങ്കിലും തിളപ്പിക്കണം. എന്നാല്‍ ഹോട്ടലുകളില്‍ നിന്നു ലഭിക്കുന്ന വെള്ളം തിളപ്പിച്ചതിനൊപ്പം തിളപ്പിക്കാത്തതുക്കൂടി ചേര്‍ത്തതാണ്. പഴകിയ ഭക്ഷണം കഴിക്കുന്നതും വയറിളക്കത്തിനു കാരണമാവും. വേനല്‍ക്കാലത്ത് സാലഡ് പോലുള്ള വേവിക്കാത്ത ഭക്ഷണം ഒഴിവാക്കുന്നതാണ് ഉത്തമം. വയറിളക്കരോഗം പിടിപെട്ടവര്‍ക്ക് ഉപ്പിട്ട നാരങ്ങാ വെള്ളമോ കഞ്ഞിവെള്ളമോ ഇടയ്ക്കിടെ കുടിക്കാന്‍ കൊടുക്കുക. ഒ.ആര്.എസ് ലായനി നല്‍കുന്നത് വയറിളക്കരോഗം കുറയാന്‍ സഹായിക്കും.
ഡെങ്കിപ്പനി
കൊതുകിനത്തില്‍പ്പെട്ട ഈഡിസ് ഈജ്പിതി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. രോഗാണു ശരീരത്തു പ്രവേശിച്ച് രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മധ്യവയ്സകരിലാണ് ഡെങ്കിപ്പനി അധികവും കണ്ടുവരുന്നത്. പനിയാണ് മുഖ്യലക്ഷണം. രണ്ടാമത്തെ ഘട്ടത്തില്‍ പനിയോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു. ഇത് ശരീരത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു.
ഡെങ്കിപ്പനി തിരിച്ചറിഞ്ഞാലുടന്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങുക.
പൊങ്ങന്‍പ്പനിയും വേനല്ക്കാലത്തു കൂടുതലായി കാണപ്പെടുന്നു. പകരുന്ന രോഗമായതിനാല്‍ രോഗിയില്‍ നിന്നും കുട്ടികളെയും ഗര്‍ഭിണികളെയും അകറ്റി നിര്‍ത്തണം. കാരണം നവജാതശിശുവിനുപ്പോലും ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പകര്‍ച്ചവ്യാധി തടയാന്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
2. കുറഞ്ഞത് 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്.
3. ദിവസവും കുറഞ്ഞത് രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുക.
4. ചൂടുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
5. ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
6. ഭക്ഷണത്തിനുമുന്‍പും മലവിസര്‍ജനശേഷവും സോപ്പിട്ട് കൈ കഴുകുക.
7. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുക.
8. രോഗി കഴിച്ചതിനുശേഷം ബാക്കി വരുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക.
9. കൊതുകു പെരുകുന്നതു തടയാന്‍ ഇടയ്ക്കിടെ വീടും പരിസരവും വൃത്തിയാക്കുക.
10. സൂര്യതാപം ശരീരത്ത് ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. രാധിക വിജയന്






