
എഴുത്തുകാരിയെന്നതിലുപരി സ്ത്രീകള്‍ക്കായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന കരുത്തയായ സ്ത്രീ തന്നെയാണ് ഇന്ദു മേനോന്. കാലമെത്ര മുന്നോട്ടുപോയാലും സ്ത്രീ തുല്യതയനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞാലും ജാതി, മതം, സമ്പത്ത്, വിദ്യാഭ്യാസം, ജോലി ഇതിന്റെയൊക്കെ പ്രിവിലേജുകള്‍ ഇല്ലാത്ത സ്ത്രീകളിലേക്ക് എത്തുമ്പോള്‍ സ്ത്രീ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാറുമുണ്ട്. തന്റെ സ്ത്രീപക്ഷ ചിന്തകളെക്കുറിച്ചും അടുത്തറിഞ്ഞ ജീവിതങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്ദു മേനോന്...
കുട്ടിക്കാലത്തേ സ്ത്രീ പക്ഷ ചിന്തകളുണ്ടോ?
ചെറുപ്പത്തില്‍ സഹോദരനും എനിക്കും വീട്ടില്‍ ജോലി വിഭജിച്ചുതരുന്ന കാര്യം പറഞ്ഞ് അമ്മയോട് നിരന്തരമായി പോരാടിയിരുന്നയാളാണ് ഞാന്‍. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അത്തരം വിവേചനമില്ലായിരുന്നുതാനും. എനിക്കും അനുജനും ജോലികള്‍ വിഭജിച്ചു തരുന്നതില്‍ ഭയങ്കരമായിട്ടുള്ള പക്ഷാഭേദം അമ്മ കാണിച്ചിരുന്നു. ഭക്ഷണം കഴിച്ച പാത്രം പോലും അവനെക്കൊണ്ട് കഴുകിച്ചിരുന്നില്ല. മുറ്റമടിക്കുക, മുറി അടിച്ചുവാരുക എന്നീ ചുമതലകളില്‍നിന്ന് അവന് ഒഴിവാക്കപ്പെട്ടു. അതിന് അമ്മ പറഞ്ഞിരുന്ന ഒരു കാരണം അവന് ആണ്കുട്ടിയല്ലേ എന്നായിരുന്നു. ഞാന്‍ ഇതിന്റെയൊക്കെ പേരില്‍ ഭയങ്കരമായി കലഹിക്കുമായിരുന്നു. അദ്ധ്യാപികയായ അമ്മയ്ക്കുപോലും ഇതായിരുന്നു ചിന്ത. അതേസമയം കുറേ കാര്യങ്ങളില്‍ അമ്മയ്ക്ക് ആണ്‍പെണ്‍ വ്യത്യാസം ഇല്ല. ഉദ്ദാഹരണത്തിന് ഞാന്‍ ഏഴാം ക്ലാസുവരെ മുടി ബോബ് ചെയ്തിട്ടിട്ടുണ്ടായിരുന്നു.
പെണ്‍കുട്ടികള്‍ മുടിവളര്ത്തണം എന്ന കണ്‍സപ്ട് അമ്മയ്ക്ക് ഇല്ല. അതുപോലെ ഒരു പ്രായംവരെ എന്നെ ട്രൗസറിടാന് അനുവദിച്ചിരുന്നു. പഴഞ്ചന്‍ ചിന്താഗതികളുണ്ടായിരുന്നെങ്കിലും പോസിറ്റീവായിട്ടുള്ള നിലപാട് പെണ്‍കുട്ടികളുടെ കാര്യത്തില്‍ എടുത്തിരുന്ന ആളാണ് അച്ഛന്. വഴക്കുണ്ടാക്കി പെണ്‍കുട്ടികളെ ഉപദ്രവിച്ചാല്‍ അച്ഛന്റെ കൈയില്‍ നിന്ന് അടി ഉറപ്പാണ്. നീ എന്റെ പെങ്കൊച്ചിനെ തല്ലിയോടാ എന്നാണ് ചോദ്യം. ഒരു പ്രായമായപ്പോള്‍ ഞാന്‍ ട്രൗസറിടുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നു. പെണ്‍കുട്ടികള്‍ പാവാടയിടണം, മുടിവളര്ത്തണം, പക്ഷേ അക്കാര്യത്തിലൊക്കെ അമ്മ സ്ത്രീപക്ഷ നിലപാടെടുത്തു. അത്തരം രണ്ട് തരം നിലപാടുകളായിരുന്നു അച്ഛനമ്മമാര്‍ക്ക്. ഞാന്‍ കടുത്ത സ്ത്രീപക്ഷവാദിയും.
കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റ്?
ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഗംഭീരയായ ഫെമിനിസ്റ്റ് തറവാട്ടില്തന്നെയുണ്ടായിരുന്ന ഒരു മുത്തശ്ശിയാണ്. മുത്തശ്ശി രുചികരമായി ഭക്ഷണമുണ്ടാക്കും. ഭക്ഷണം തയാറാക്കി കഴിഞ്ഞാല്‍ കക്ഷിക്ക് കുറച്ച് പാത്രങ്ങളുണ്ട്. ആ പാത്രങ്ങളില്‍ നിറയെ അവിയല്‍, സാമ്പാര്‍, എന്തൊക്കെ ഉണ്ടാക്കിയോ അതില്‍ നിന്നൊക്കെ അഞ്ചോ പത്തോ പേര്‍ക്കുള്ളത് മാറ്റി വയ്ക്കും. എന്നിട്ടിത് പത്തായത്തില് വച്ച് പൂട്ടി താക്കോലും കൊണ്ട് മുത്തശ്ശി പൊയ്്ക്കളയും. ഈ മാറ്റിവയ്ക്കുന്ന ഭക്ഷണം വീട്ടിലെ ചെറിയ പെണ്‍കുട്ടികള്‍ക്കുള്ളതാണ്.
80 കളിലെ എന്റെ ചെറുപ്പകാലത്തുപോലും ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാല്‍ വീട്ടിലുള്ള പുരുഷന്മാരായിരുന്നു ആദ്യം കഴിച്ചിരുന്നത്. ആദ്യം പുരുഷന്മാര് കഴിക്കുക, അതിന് ശേഷം സ്ത്രീകള്‍ എന്ന നിലപാടില്‍ ഇന്നും വലിയ വ്യത്യാസമൊന്നും ആയിട്ടില്ല. ഇവര്‍ കഴിച്ചുകഴിയുമ്പോള്‍ ഓലനും, കാളനും പായസവുമൊക്കെ തീരും. സ്ത്രീകള്‍ക്ക് കഴിക്കാന്‍ ഈ ഭക്ഷണസാധനങ്ങള്‍ ഉണ്ടാവാറില്ല.
ഇങ്ങനെ തീരുമ്പോള്‍ എല്ലാവരും ചോദിക്കും അല്ല മുത്തശ്ശീ നിങ്ങടെ കൈയില്‍ ഉണ്ടാകുമല്ലോ കുറച്ച് പായസം തരാന്‍. മുത്തശ്ശി കൊടുക്കില്ല. അവിടുത്തെ കാരണവര്‍ക്ക് പായസം വേണന്ന് ദൈവം ഇറങ്ങിവന്ന് പറഞ്ഞാലും മുത്തശ്ശി കൊടുക്കില്ല. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ മുത്തശ്ശി ഒരു വലിയ ഫെമിനിസ്റ്റ് ആണെന്ന് എനിക്ക് തോന്നാറുണ്ട്. ഭക്ഷണത്തിലെ വേര്‍തിരിവ് എല്ലാ കാലങ്ങളിലും വളരെ തീവ്രമായിട്ടുണ്ടായിരുന്നു. പൂര്‍ണ്ണമായിട്ടില്ലെങ്കിലും ഇപ്പോഴത്തെ തലമുറയില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കുറെയൊക്കെ മാറിയിട്ടുണ്ട്.
സ്ത്രീകള്‍ ആര്‍ത്തവകാലത്ത് പിന്തുടരേണ്ട ചിട്ടകള്‍ ഇപ്പോഴും പലയിടങ്ങളിലുമുണ്ട്?
മുന്‍പ് എന്റെ കുടുംബത്തിലടക്കം ആര്‍ത്തവദിവസങ്ങളില്‍ സ്ത്രീകള്‍ മാറിയിരിക്കുക, പ്രായപൂര്‍ത്തിയായവര്‍ ഒന്നരയുടുക്കുക ഇത്തരം കാര്യങ്ങളൊക്കെയുണ്ടായിരുന്നു. എന്റെ ആര്‍ത്തവ കലണ്ടര്‍ നാട്ടുകാരുടെയല്ല. അതെന്റെ സ്വകാര്യതയാണെന്നും അതാരോടും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലന്നും ഞാന്‍ ആദ്യംതന്നെ പ്രഖ്യാപിച്ചിരുന്നു. ശാസ്ത്രവും കണ്ടുപിടുത്തങ്ങളും വളര്‍ന്നതിനോടൊപ്പം സ്ത്രീകളോടുള്ള കാഴ്ചപ്പാടും വിവേചനവും കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.
2012 ല്‍ മലേഷ്യയില്‍ പോയപ്പോഴാണ് ഞാന്‍ ആദ്യമായി മെന്‍സ്ട്രല്‍ കപ്പ് കാണുന്നത്. ഞാനത് വാങ്ങി. പി. എച്ച്.ഡി ചെയ്യുന്ന സമയത്ത് വയനാട്ടിലായിരുന്നു താമസം. ഒരിക്കല്‍ മെന്‍സ്ട്രല്‍കപ്പ് എന്റെ റൂമില്‍ കണ്ടിട്ട് റൗള കമ്യൂണിറ്റിയില്‍പ്പെട്ട ഒരു സ്ത്രീ വന്ന് ചോദിച്ചു, ഇതെന്താണ്. ഞാന്‍ പറഞ്ഞു ഇത് മെന്‍സ്ട്രല്‍ കപ്പാണ്. ഉപയോഗരീതിയും പറഞ്ഞു. ഇതെനിക്ക് തരുമോ എന്ന് അവര്‍ ചോദിച്ചു. ഞാനത് കൊടുക്കുകയും ചെയ്തു. പിന്നീടവര്‍ എന്നോട് പറയുകയുണ്ടായി ഇത് അവരുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കിയെന്ന്. അതിന് ശേഷം ട്രൈബല്‍ കമ്യൂണിറ്റിയില്‍ ആവശ്യമുള്ള എല്ലാസ്ത്രീകള്‍ക്കും ഞാന്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വാങ്ങികൊടുക്കുമായിരുന്നു. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി അവര്‍ പറഞ്ഞത് രഹസ്യമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ്. ആ സമയത്ത് ആര്‍ത്തവത്തിന്റേതായ മാറ്റിയിരുത്തലുകളൊന്നും അവര്‍ക്ക് സഹിക്കേണ്ട എന്നതായിരുന്നു കാരണം.






