
മലയാളസിനിമയില്‍ സുന്ദരനായ നായകനും പ്രതിനായകനുമൊക്കെയായി തിളങ്ങിയ, ഇപ്പോഴും അഭിനയ രംഗത്ത് സജീവമായ കലാകാരനാണ് കൃഷ്ണകുമാര്‍. കാശ്മീരം എന്ന ചലച്ചിത്രത്തിലൂടെ സിനിമയില്‍ കാലുറപ്പിച്ച ഈ കലാകാരനെ ഇഷ്ടപ്പെടാത്തവരില്ല. സിനിമയിലൂടെ മാത്രമല്ല മിനിസ്ക്രീനിലൂടെയും താരമായിമാറിയ ഇദ്ദേഹം കുടുംബ സദസുകളുടെ പ്രിയങ്കരനാണ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാര്‍...
32 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണ്. നടനെന്ന നിലയില്‍ വിലയിരുത്തുമ്പോള്‍?തികച്ചും സാധാരണക്കാരനായി ജനിച്ചുവളര്‍ന്നയാളാണ് ഞാന്‍. എന്തൊക്കെ നേടിയാലും നമ്മുടെ ഉള്ളിന്റെയുള്ളിലുള്ള വ്യക്തിത്വത്തെയാണ് മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നത്. പെരുമാറ്റം വലിയൊരു ഘടകമാണ്. ഞാന്‍ മക്കളോടും അത് പറഞ്ഞുകൊടുക്കാറുണ്ട്.
എല്ലാ മനുഷ്യരിലും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ജീവിതം മുന്നോട്ടുപോകുമ്പോള്‍ അനുഭവങ്ങളിലൂടെ ആഴത്തില്‍ നമുക്ക് പലതും മനസിലാക്കാനാവും. സ്ക്രീനിലൂടെ ആളുകള്‍ നമ്മെ തിരിച്ചറിയും. അപ്പോഴൊക്കെ നമുക്ക് വേണമെങ്കില്‍ ജാഡ കാണിക്കാം. അതല്ല അവരില്ലെങ്കില്‍ നമ്മളില്ലെന്നും, അവരുമായി ഇടപഴകി സ്നേഹത്തില്‍ പോകാം എന്നും വിചാരിക്കാം. വിവരത്തിനും വിദ്യാഭ്യാസത്തിനും മുകളിലാണ് വിവേകം. ഇത് ദൈവികമായി കിട്ടുന്നതാണ്. കുറെയൊക്കെ ജീവിതാനുഭവത്തില്‍ നിന്നും.
ദേഷ്യവും മുന്‍കോപവും ചെറുപ്രായത്തില്‍ എനിക്കും ഉണ്ടായിരുന്നു. മുന്കോപംകൊണ്ട് ദേഷ്യപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. അത്തരം കാര്യങ്ങളെല്ലാം കാലം മായ്ച്ചുകളയും. ഞാന്‍ എപ്പോഴും പ്രസന്ന വദനനായ ഒരു മനുഷ്യനാണ്. ആളുകളോട് ഇടപെട്ട് അവരിലൊരാളായിരിക്കാനാണ് ആഗ്രഹിക്കുന്നതും.
സിനിമയില്‍ വന്ന സമയത്ത് കൃഷ്ണകുമാര്‍ നിങ്ങളൊരു നല്ല നടനാണെന്ന് പറഞ്ഞവരില്ലേ?
നായകനാവണമെന്ന് ആഗ്രഹിച്ചുതന്നെയാണ് സിനിമയില്‍ വന്നത്. അന്ന് ചുറ്റും നിന്ന പലരും പറഞ്ഞിട്ടുണ്ട് കൃഷ്ണകുമാറിന് നായകനാകാന്‍ കഴിയുമെന്ന്. നാമെല്ലാം നന്മകള് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ട് ആളുകള്‍ അങ്ങനെയേ പറയൂ. പക്ഷേ എല്ലാവരും നല്ല ഉദ്ദേശത്തോടെ അത് പറയണമെന്നുമില്ല. ചിലപ്പോളതൊരു ഭംഗിവാക്കാവും, ചിലപ്പോള്‍ സത്യസന്ധമായി പറയുന്നതാവാം. ഇതൊന്നും തിരിച്ചറിയാനുള്ള കഴിവ് ആ പ്രായത്തിലില്ലല്ലോ.
അപ്രതീക്ഷിതമായിട്ടാണ് അഭിനയത്തിലേക്ക് വന്നത്?
ജീവിതത്തില്‍ ഇതുവരെ ലഭിച്ച നേട്ടങ്ങളില്‍ പലതും ദൈവം കൊണ്ടുവന്ന് തന്നതാണ്. എന്റെ അച്ഛനും അമ്മയും വൈകി വിവാഹം കഴിച്ചവരാണ്. അച്ഛന്റെ 46ാം വയസിലും അമ്മയുടെ 43ാം വയസിലുമാണ് ഞാന്‍ ജനിക്കുന്നത്. മാത്രമല്ല രണ്ട് വയസുവരെ ഒരു വാക്കുപോലും സംസാരിച്ചതുമില്ല. ഊമയാണെന്നാണ് എല്ലാവരും വിചാരിച്ചത്. അതിന്റെയെല്ലാം പലിശ ചേര്‍ത്ത് ഇപ്പോള്‍ സംസാരിക്കുന്നുണ്ട്. കുട്ടിക്കാലത്ത് വളരെ നാണക്കാരനായിരുന്നു. സ്കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ സ്റ്റേജില്‍ കയറിയിട്ടുപോലുമില്ല. പക്ഷേ കായികരംഗത്തോട് ഇഷ്ടമായിരുന്നു. കായികയിനങ്ങള്‍ക്ക് സമ്മാനം കിട്ടിയാലും അത് വാങ്ങാനായി സ്റ്റേജില്‍ കയറുമ്പോള്‍ കൈയും കാലും വിറയ്ക്കും.
അച്ഛന് എഫ്.എ.സി.റ്റിയിലായിരുന്നു ജോലി. അതിനുമുന്‍പ് നേവിയിലും. ആര്‍മിയില്‍ ചേരണമെന്നായിരുന്നു എന്റെ ആഗ്രഹം. പഠനകാലത്ത് എട്ട് വര്‍ഷം എന്‍.സി.സിയില്‍ പ്രവര്‍ത്തിച്ചു. 1983 ലെ റിപ്പബ്ലിക്ഡേ പരേഡിലും എന്‍.സി.സിയുടെ പ്രധാന ക്യാമ്പുകളിലുമെല്ലാം പങ്കെടുക്കാന്‍ കഴിഞ്ഞു. ആര്‍മിയില്‍ കയറണമെന്നുകരുതി രണ്ട് പരീക്ഷയെഴുതി. രണ്ടിലും തോറ്റതുകൊണ്ട് ആ സ്വപ്നം അവിടെ അവസാനിപ്പിച്ചു.
അപ്പോഴും കലാരംഗവുമായി യാതൊരു ബന്ധവുമില്ല. കലാലയ ജീവിതത്തിന്റെ അവസാന വര്‍ഷത്തില്‍ ആദ്യമായി ഒരു നാടകത്തില്‍ അഭിനയിച്ചു. അതും പേടിച്ചുവിറച്ച്. അതായിരുന്നു ആകെയുള്ള സ്റ്റേജ് എക്സ്പീരിയന്‍സ്. അങ്ങനെയിരിക്കെ വീടിനടുത്ത് ദൂരദര്ശന് ഡയറക്ടര്‍ കുഞ്ഞികൃഷ്ണനും കുടുംബവും താമസിക്കാന്‍ വന്നു. അദ്ദേഹം വഴിയാണ് ദൂരദര്‍ശനില്‍ അനൗണ്‍സറായി ജോലിക്ക് ചേരുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയവുമാണ്.
ഒരു ദിവസം ദൂരദര്‍ശനില്‍ അനൗണ്‍സ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ ആരോ നില്ക്കുന്നതായി തോന്നി. അന്നവിടെ അനില്‍ജിത്ത് എന്നൊരാളുണ്ട്. വാര്‍ത്താവതരണം കഴിഞ്ഞപ്പോള്‍ അനില്‍ എന്നെ വിളിച്ച് മേക്കപ്പ് റൂമില്‍ കൊണ്ടുവന്നിരുത്തി. രണ്ട് പേരെ പരിചയപ്പെടുത്തി. തമിഴിലെ ഏറ്റവും വലിയ നിര്‍മാതാവും സംവിധായകനുമായ കെ. ബാലചന്ദ്രന് സാറിന്റെ മകന് കൈലാസും ഡയറക്ടര്‍ മണി ശ്രീധറും. അവര്‍ മിന്ബിംബങ്ങള് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനി തുടങ്ങി. ദൂരദര്‍ശനില്‍ മലയാളത്തില്‍ ഒരു സീരിയല്‍ ചെയ്യണം. മാധവന് സാര്‍ എന്നാണ് സീരിയലിന്റെ പേര്. മാധവന് സാറായിട്ട് വരുന്നത് നെടുമുടി വേണു ചേട്ടനാണ്. 13 എപ്പിസോഡില്‍ ഓരോ നായകന്മാരെ വേണം. അതിലൊരു നായകനായി അഭിനയിക്കണമെന്ന് എന്നോടുപറഞ്ഞു.
എനിക്കന്ന് യൂണിയന് കാര്‍ബൈഡില്‍ ജോലി ശരിയായിരിക്കുന്ന സമയമാണ്. അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും അവര്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു. അന്ന് കൂടെ അഭിനയിച്ചത് ഓള് സെയിന്‍സില്‍ പഠിച്ചിരുന്ന മഞ്ജുഷ എന്ന കുട്ടിയാണ്. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ 500 രൂപ പ്രതിഫലമായി കൈയില്‍ വച്ചുതന്നു. അന്നത് വലിയൊരു തുകയായിട്ടാണ് തോന്നിയത്.
ജീവിതം വഴിമാറ്റി വിട്ടവരില്‍ ഒരാളാണ് രവി വള്ളത്തോള്‍?
അക്കാലത്ത് ടി. വിയിലെ സ്റ്റാറാണ് രവിചേട്ടന്. ഞങ്ങള്‍ തമ്മില്‍ നേരിട്ട് പരിചയമില്ല. ടി. വിയില്‍ കണ്ട് എന്നെ അറിയാം. ഒരു ദിവസം കലാകൗമുദിയുടെ ഓഫീസില്‍നിന്ന് ഒരു വിളി വരികയാണ്. കള്ളിക്കാട് രാമചന്ദ്രന് സാറാണ് വിളിക്കുന്നത്. ഞാന്‍ അവിടെവരെ ചെല്ലണമത്രേ. ചെന്നപാടെ, കൃഷ്ണകുമാര്‍ ഇരിക്കൂ. അതേ, ഞാന്‍ ഒരു സീരിയലിന്റെ കഥയെഴുതുകയാണ് സംവിധാനവും ഞാന്‍ തന്നെ. താന്‍ ഇതില്‍ അഭിനയിക്കണം, രവി വളളത്തോള്‍ പറഞ്ഞിരുന്നു തന്നെക്കുറിച്ച്. ഒരു വേനല്‍ക്കാല രാത്രിയില്‍ എന്നായിരുന്നു സീരിയലിന്റെ പേര്. സീരിയല്‍ കഴിഞ്ഞപ്പോള്‍ രാമചന്ദ്രന് ചേട്ടനും ഞാനും വളരെ അടുപ്പമായി. അദ്ദേഹത്തിന്റെതന്നെ ചന്ദനമരത്തിലെ സര്‍പ്പം, മഞ്ഞുകാലം മോഹിച്ച പെണ്‍കുട്ടി അതിലെല്ലാം നായകനായി. സ്ക്രീനില്‍ എസ്റ്റാബ്ലിഷായി. അങ്ങനെ എന്റെ വഴിമാറ്റിവിട്ട വ്യക്തിയാണ് രവി ചേട്ടന്.
സിനിമയിലേക്കെത്തുന്നത്?
തിരുവനന്തപുരത്ത് സ്റ്റാച്യൂവിലുള്ള റ്റാന്‍ഡം കമ്യൂണിക്കേഷന്‍ എന്ന സ്ഥാപനത്തില്‍ ജോലികിട്ടി. പബ്ലിക് കമ്യൂണിക്കേഷന്‍ സെന്ററായിരുന്നു അത്. കുറച്ചുകാലം അവിടെ ജോലിചെയ്തു. ഒരു ദിവസം രാവിലെ 10 മണിക്ക് ചില കാരണങ്ങളാല്‍ എന്നെ അവിടുന്ന് പറഞ്ഞുവിട്ടു. ഞാന്‍ വളരെ കൂളായിട്ട് ഇറങ്ങി ജംങ്ഷനില്‍ വന്ന് നില്ക്കുമ്പോള് മുന്നിലൂടെ അനിക്കുട്ടന് എന്നൊരു വ്യക്തി പോവുകയാണ്. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ ബന്ധുവാണ്. എന്തോന്നെടേ നീ ഇവിടെ വന്ന് നില്‍ക്കുന്നത്?? ഞാന്‍ പറഞ്ഞു ജോലി പോയി. പോെട്ടടാ വേറെ ശരിയാക്കാം എന്നുപറഞ്ഞ് അനിക്കുട്ടന് സുരേഷേട്ടന്റെ വീട്ടിലേക്ക് എന്നെ വിളിച്ചുകൊണ്ട് പോയി. മേനകചേച്ചിയോട് സുരേഷേട്ടനെവിടെയെന്ന് ചോദിച്ചു. ഡല്‍ഹിയില്‍ ഷൂട്ടിംഗിന് പോയിരിക്കുന്നു എന്ന് ചേച്ചി. ചേട്ടന്റെ നമ്പറെടുക്ക് വിളിക്കട്ടെ എന്ന് അനിക്കുട്ടന്, അന്ന് കാശ്മീരം സിനിമയുടെ നിര്‍മ്മാതാവാണ് സുരേഷ് ചേട്ടന്. ഞങ്ങള്‍ വിളിച്ചു, ചേട്ടന് പറഞ്ഞു, ഞാനിവിടെ ലൊക്കേഷനിലാണ്, നീ മേനകയുടെ കൈയില്‍ നിന്ന് കാശും വാങ്ങി ഡല്‍ഹിക്ക് വാ. അങ്ങനെ ആ സിനിമയില്‍ അഭിനയിക്കുന്ന ബോബി കൊട്ടാരക്കയ്ക്കും ചെറിയാനുമൊപ്പം ഞാന്‍ ഡല്‍ഹിക്ക് പുറപ്പെട്ടു. പിറ്റേന്ന് താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ സുരേഷ് ഗോപി ചേട്ടനെ പരിചപ്പെട്ടു. കൃഷ്ണകുമാര്‍ അല്ലേ, തന്നെ എനിക്കറിയാം. രാധിക പറയാറുണ്ട്, ചേട്ടന്റെ ഭാര്യ രാധിക ദൂരദര്‍ശനിലെ ക്വയറില്‍ പാടും. അങ്ങനെ സുരേഷ് ഗോപിചേട്ടന് എന്നെ അറിയാം എന്നു പറഞ്ഞതിന്റെ സന്തോഷവുമായി ഞാന്‍ അവരുടെയൊപ്പം ലൊക്കേഷനിലേക്ക് പോയി.
നടി ശാരദക്ക് മകനെ പോലെയാണല്ലോ?
അക്കാര്യത്തിലേക്ക് വരാം. അങ്ങനെ ലൊക്കേഷനില്‍ എത്തി. ചിത്രത്തില്‍ ചീഫ് ജസ്റ്റിസായ ശാരദചേച്ചിയുടെ കഥാപാത്രത്തിന്റെ മകന്റെ വേഷമാണ് എനിക്ക്. ആദ്യ സീന്‍ എടുക്കുന്നത് ഇന്ത്യാഗേറ്റിന്റെ അടുത്തുവച്ചാണ്. അതിന് ശാരദചേച്ചി കൂടി വരണം. ഞാന്‍ റോഡ് സൈഡിലുളള പുല്‍ത്തകിടിയില്‍ ഇരിക്കുകയാണ്. ശാരദചേച്ചിയുടെ കാര്‍ വരുന്നു, ലൊക്കേഷനില്‍ ചേച്ചിയെ സ്വീകരിക്കുന്നു, പൂച്ചെണ്ട് കൊടുക്കുന്നു. പെട്ടന്ന് ചേച്ചി ഞാന്‍ നില്ക്കുന്ന ഡയറക്ഷനിലേക്ക് കൈ ചൂണ്ടി എന്തോ പറയുന്നുണ്ട്. പിന്നെ ഒറ്റക്ക് നടന്ന് എന്റെ അടുത്തെത്തിയിട്ട് കിച്ചു അല്ലേ. എന്നെ മനസിലായോാ. ഞാന്‍ ഞെട്ടിപോയി. ഞാന്‍ കിച്ചുവിനെ ആദ്യമായിട്ടാണ് കാണുന്നത്. പക്ഷേ ലൊക്കേഷനില്‍ ഇതൊന്നും പറയേണ്ട. നമ്മള് തമ്മിലും കുടുംബവുമായിട്ടും പരിചയമുണ്ടെന്ന് പറഞ്ഞാല്‍ മതി. ഇന്നലെ ഡല്‍ഹിയില്‍ വന്നപ്പോള്‍ ഗസ്റ്റായി താമസിച്ചത് ദൂരദര്ശന് ഡയറക്ടര്‍ കുഞ്ഞികൃഷ്ന്റെയും ഭാര്യ രാഗിണിയുടെയും ഒപ്പമാണ്. അവര്‍ പറഞ്ഞു അവരുടെ മകനെപ്പോലാണ് കിച്ചു എന്ന്. അവരുടെ മകനെപ്പോലാണെങ്കില് എന്റെയും മകനെപ്പോലാണ്. ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി അടുത്തയാളെ ദൈവം കാണിച്ചുതരികയായിരുന്നു അവിടെ. ശാരദചേച്ചിക്ക് കിട്ടുന്ന സൗകര്യങ്ങളെല്ലാം അന്നാ ലൊക്കേഷനില്‍ എനിക്കും കിട്ടി.
ജീവിത പങ്കാളിയെ കണ്ടെത്താന്‍ കാരണമായ ആളാണ് നടന് അപ്പാ ഹാജ?
എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് അപ്പാഹാജ. അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അറിയപ്പെടുന്ന നടന്, ധനികന്. ധാരാളം പണം കണ്ടുവളര്ന്നയാളായിട്ടും വളരെ എളിമയും ദയാശീലനുമായ വ്യക്തി. തിരുവനന്തപുരത്ത് ഏറ്റവും പേരും പ്രശസ്തിയുമുളള ചെരുപ്പുകടയാണ് അപ്പാ ഹാജയുടെ കിങ് ഷൂസ്. അവിടെയാണ് അക്കാലത്ത് ഞങ്ങളുടെ താവളം. അവിടെ വച്ചാണ് സിന്ധുവുമായി പരിചയപ്പെടുന്നത്. ഹാജയാണ് ഞങ്ങളുടെ ഇടയിലെ ഹംസം.
കാശ്മീരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ സമയത്താണ് എന്റെ വിവാഹം ഉറപ്പിച്ചത്. വിവാഹത്തിന് ശാരദചേച്ചിയെ വിളിച്ചു. അന്ന് ചേച്ചി പാര്‍ലമെന്റ് എം. പിയാണ്. ചേച്ചി പറഞ്ഞു, വളരെ സന്തോഷം പക്ഷേ വരാന്‍ പറ്റില്ല കിച്ചു എന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവുംം. ഒരു കാര്യം കൂടി പറഞ്ഞു. കല്യാണം കഴിഞ്ഞാല്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും വാടകവീട്ടിലേക്ക് മാറി താമസിക്കണം. ചേച്ചി പറഞ്ഞത് പ്രകാരം വിവാഹം കഴിഞ്ഞ് ഞങ്ങള്‍ വാടകവീട്ടിലേക്ക് മാറി. അവിടെ ഗ്യാസ് ഇല്ല. ഇന്നത്തെപോലെ പ്രൈവറ്റ് കണക്ഷനല്ല, ഗവണ്മെന്റ് കണക്ഷനേ കിട്ടൂ. ഞാന്‍ ശാരദചേച്ചിയെ വിളിച്ചു. സഹായിക്കണമെന്ന് പറഞ്ഞു. എന്റെ പി.എ വിളിക്കും അപ്പോള്‍ വിവരങ്ങളെല്ലാം കൊടുക്കൂ. പി.എ വിളിക്കുന്നത് എന്റെ അടുത്ത വീട്ടിലേക്കാണ്. അന്നെനിക്ക് ഫോണില്ല. ശാരദ ചേച്ചി വീണ്ടും ലൈനില്‍ വന്നിട്ട് പറഞ്ഞു ഒരു ഫോണ്‍ കണക്ഷന് ഞാന്‍ തരാം. 24 മണിക്കൂറിനകത്ത് എന്റെ വീട്ടില്‍ ഗ്യാസ് ഏജന്‍സിയുടെ ആള് വന്നു. 21ാം ദിവസം ഫോണ്‍ കണക്ഷനും കിട്ടി.
സ്ത്രീ പരമ്പരയാണ് വീണ്ടും ജീവിതം മാറ്റിയത്?
പുതിയ വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് എനിക്ക് രണ്ടാമത്തെ മകള്‍ ജനിക്കുന്നത്. ഡോക്ടര്‍ പറഞ്ഞു. മകമാണ് കുട്ടിയുടെ നക്ഷത്രം അച്ഛന് ഗുണം ചെയ്യും. അങ്ങനെയിരിക്കെ മണി ഷൊര്‍ണ്ണൂര്‍ എന്ന പ്രശസ്തനായ എഴുത്തുകാരന് വിളിക്കുകയാണ്. ഞാനൊരു സീരിയല്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്ത്രീ. അതിലൊരു വേഷമുണ്ട്. പത്ത് ദിവസം. വന്ന് അഭിനയിക്കണം. വലിയ ഹിറ്റാണ് അന്ന് ആ സീരിയല്‍. പത്ത് ദിവസം അഭിനയിക്കാന്‍ വന്ന എനിക്ക് പിന്നീട് ആ കഥാപാത്രം വളര്‍ന്ന് 183 ദിവസം അഭിനയിക്കാന്‍ അവസരം കിട്ടി. നായകായ സിദ്ധിക്ക് അണ്ണന് അന്ന് സിനിമയില്‍ തിരക്കാണ്. അതുകൊണ്ടുതന്നെ എന്റെ കഥാപാത്രത്തിന് കുറച്ച് കൂടുതല്‍ സമയം നില്ക്കാന് കഴിഞ്ഞു. അതിനുശേഷം നിറയെ പ്രോജക്ടുകള്‍ വന്നു. ജീവിതത്തില്‍ അങ്ങോട്ട് പണം ചോദിച്ചുവാങ്ങാവുന്ന അവസ്ഥ വന്നു. 2006 ആയപ്പോള്‍ ഇനി ഒന്നും സീരിയലില്‍ ചെയ്യാനില്ലെന്ന് തോന്നി. അങ്ങനെ സീരിയല്‍ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോയി, അവിടെ ഏഴ് വര്‍ഷം ജീവിച്ചു. തമിഴ് ചിത്രങ്ങള്‍ ചെയ്തു. കുട്ടികള്‍ വലുതായി. 2000 മുതല്‍ 2021 വരെ നോക്കി നില്ക്കുന്ന സമയത്ത് കുട്ടികള്‍ വളര്‍ന്നു.
മക്കള്‍ വിവാഹം കഴിഞ്ഞ് മറ്റ് വീടുകളിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ലോകമൊന്നുമല്ല ഇന്ന്. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരാനാണെങ്കില്‍ ഒരു പൊസിഷനിലെത്തട്ടെ. 35 വയസൊക്കെയായി വിവാഹം കഴിച്ചാല്‍ മതി. 25-26 വയസുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും.
കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനുമിടയാകും. ഉദാഹരണത്തിന് സിനിമയില്‍ നായകന്റെ കൂടെയുള്ള ഒരു സീന്‍. ഇത് ഭര്‍ത്താവും അവന്റെ കൂട്ടുകാരും കാണുമ്പോള്‍, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ മനസില്‍ ഒരു കരടായി. ഒരു പ്രായം കഴിയുമ്പോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.
സാമൂഹിക പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കാളിയാണോ?
അഭിനയരംഗത്ത് വന്നിട്ട് 32 വര്‍ഷമായി. അതുകൊണ്ടു തന്നെ ജനങ്ങളുമായി കണക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്. എവിടെെച്ചല്ലുമ്പോഴും പരിചിത മുഖത്തെ കണ്ട ഒരു ചിരി എല്ലാവരുടേയും ചുണ്ടുകളില്‍ കാണാറുണ്ട്. പലരും ആശുപത്രി സംബന്ധമായ ആവശ്യങ്ങള്‍ക്കായിട്ടാണ് വിളിക്കുന്നത്. ഇന്ന ഹോസ്പിറ്റലിലെ ഇന്ന ഡോക്ടര്‍മാരെ അറിയാമോ, പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്നൊക്കെ ചോദിച്ച്. അറിഞ്ഞോ അറിയാതെയോ എന്റെ പരിചയങ്ങളും ആശുപത്രിയുമായി ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു. ധാരാളം രോഗികളുമായി കണക്റ്റഡാണ്.
ഭാര്യയുടെ പിന്തുണ?
സിന്ധുവിന്റെ സപ്പോര്‍ട്ടില്ലാതെ മുന്നോട്ട് പോവാന്‍ പറ്റില്ല. കുട്ടികളുടെ കാര്യം മുഴുവന്‍ നോക്കുന്നത് സിന്ധുവാണ്. ഞങ്ങള്‍ക്ക് ചെറിയ ബിസിനസുണ്ട്. അതും അവള്‍തന്നെ മാനേജ് ചെയ്യും. സ്ത്രീകള്‍ക്ക് അപാരമായ കഴിവും പവറും ആണ്. ഇതെല്ലാം പണ്ടും ഉണ്ടായിരുന്നു. അന്ന് ആരും അവര്‍ക്ക് അവസരം കൊടുക്കാറില്ലായിരുന്നു. ആണുങ്ങളുടെ ജോലി, പെണ്ണുങ്ങളുടെ ജോലി വേര്തിരിവായിരുന്നല്ലോ. ഇപ്പോള്‍ അങ്ങനെയില്ല. അവര്‍ക്ക് ചെയ്യാനുള്ള മനസും കഴിവും ഉണ്ടെങ്കില്‍ ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ല. സിന്ധു എല്ലാ ശക്തിയും നല്കി എന്റെ കൂടെ നില്‍ക്കുന്നുണ്ട്. അത് ദൈവാധീനമാണ്.
രാഷ്ട്രീയത്തിലും സജീവമാണല്ലോ?
സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നത്?
പണ്ട് കാലത്ത് പ്രിന്റ് മീഡിയയായിരുന്നല്ലോ പ്രധാനം. അതിലൊക്കെ നമ്മുടെ ഇന്റര്‍വ്യൂ വന്നാലായി. പിന്നെ ചാനല്‍ വന്നു. അതിനുശേഷം സോഷ്യല്‍ മീഡിയ വന്നു, സോഷ്യല്‍ മീഡിയയിലൂടെ ആര്‍ക്കും സെല്‍ഫ് പ്രമോഷന് ചെയ്യാം. നമ്മളെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കാം.
അവരവരുടെ പ്ലാറ്റ്ഫോമുകള് എല്ലാവരും സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞു. സോഷ്യല്‍മീഡിയയെ ഹാന്‍ഡില്‍ ചെയ്യാന്‍ പഠിക്കണം അത്രമാത്രം. കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. എല്ലാ കാര്യങ്ങളും നന്നായി ഉപയോഗിച്ചാല്‍ സോഷ്യല്‍ മീഡിയ ഏറ്റവും നല്ലത് എന്നാണ് എന്റെ വിശ്വാസം. നെഗറ്റീവായ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുക.
പുതിയ സീരിയല്‍ ശ്രദ്ധേയമാകുന്നുണ്ട്?
കൂടെവിടെ എന്ന സീരിയലില്‍ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. കോവിഡ് കാലമായതുകൊണ്ട് സിനിമ ഇപ്പോള്‍ എണ്ണത്തില്‍ കുറവാണല്ലോ, വിളിക്കുന്നുണ്ട്. പക്ഷേ തിരുവനന്തപുരത്തുളള വര്‍ക്കുകളാണ് കൂടുതലും ചെയ്യുന്നത്.
ഷെറിങ് പവിത്രന്