
തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്ക്കുന്നതില് വിമര്‍ശനവുമായി മുന്‍മന്ത്രി എ.കെ ബാലന്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക നിലപാട് ശരിയല്ല. സത്യപ്രതിജ്ഞയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത് ഉചിതമല്ല. സര്‍ക്കാരിന്റെ ആരംഭത്തില്‍ തന്നെ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷത്തിന്. കഴിഞ്ഞ സര്‍ക്കാരില്‍ കോവിഡ് പ്രതിരോധത്തില്‍ പങ്കെടുത്തില്ല. സാലറി ചലഞ്ചിനെതിരെ പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് റേഷന്‍ കിറ്റ് നല്‍കുന്നതിനെതിരെ കോടതിയില്‍ പോയെന്നും എ.കെ ബാലന് വിമര്‍ശിച്ചു.
സത്യപ്രതിജ്ഞയില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ല. എല്ലാ വിധത്തിലുമുളള നടപടികള്‍ പൂര്‍ത്തിയാക്കി പരിമിതമായ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ മറികടന്ന് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് 500 പേരെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനംഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്നും ടെലിവിഷനിലൂടെയും വെര്‍ച്വല്‍ ആയും ചടങ്ങില്‍ പങ്കെടുക്കുമെന്നും യു.ഡി.എഫ് അറിയിച്ചിരുന്നു. ഇതിനെതിരെയാണ് എ.കെ ബാലന്റെ പ്രതികരണം.






