ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് പുത്തൻ സ്മാർട്ട് ടിവി ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കത്തിലാണ്. വൺപ്ലസ് ടിവി 40Y1 ആണ് അവതരിപ്പിക്കാൻ പോകുന്നത്. 40 ഇഞ്ച് വലിപ്പമുള്ള പുത്തൻ ടിവി ഇപ്പോൾ വില്പനയിലുള്ള വൺപ്ലസ് ടിവികളായ TV 32Y1നും TV 43Y1നും ഇടയിലായാണ് സ്ഥാനം പിടിക്കുക.
26,999 രൂപ വിലയുള്ള TV 43Y1നേക്കാൾ വില കുറവായിരിക്കും പുത്തൻ TV 40Y1ന്റെ വില എന്നാണ് റിപ്പോർട്ട്. ഈ മാസം 24ന് വൺപ്ലസ് ടിവി 40Y1ന്റെ അവതരണം നടന്നേക്കുമെന്ന് കമ്പനി ട്വീറ്റ് ചെയ്തു. ഉടൻ തന്നെ വൺപ്ലസ്.ഇൻ വെബ്സൈറ്റിലൂടെ വില്പനയും ആരംഭിക്കും. ആൻഡ്രോയിഡ് ടിവി 9 അടിസ്ഥാനമായ ഓക്സിജൻപ്ലേ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. വൺപ്ലസ് ടിവി 40Y1 ഏതെന്ന് വ്യക്തമാക്കാത്ത 64-ബിറ്റ് പ്രോസസറിൽ ആണ് പ്രവർത്തിക്കുക.
40 ഇഞ്ച് ഫുൾ എച്ച്ഡി (1,920x1,080 പിക്സൽ) ഡിസ്പ്ലേയ്ക്ക് 93 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, ഗാമ എഞ്ചിൻ പിക്ചർ എൻഹാൻസർ എന്നിവയുണ്ട്. പുത്തൻ ടിവിയിൽ വൺപ്ലസ് കണക്റ്റ് പോലുള്ള ഫീച്ചറുകളുണ്ട്. ബേസലുകൾ തീരെ കുറഞ്ഞ ഡിസ്പ്ലേ ഇതിനുണ്ട്. ഇൻബിൽറ്റ് ക്രോംകാസ്റ്റ്, അലക്സ, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ സവിശേഷതയുണ്ട്. ഡോൾബി ഓഡിയോ പിന്തുണയുള്ള രണ്ട് 20W സ്പീക്കറുകളും പുത്തൻ വൺപ്ലസ് ടിവിയിലുണ്ട്. വൈഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് വി5 എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.






