
തിരുവനന്തപുരം : ഇന്നു നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എം.ബി. രാജേഷിന് എതിരായി കുണ്ടറയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗം പി.സി. വിഷ്ണുനാഥിനെ മത്സരിപ്പിക്കാന്‍ പ്രതിപക്ഷ തീരുമാനം. രാജേഷും വിഷ്ണുനാഥും ഇന്നലെ ഉച്ചയ്ക്ക് 12ന് മുമ്പായി നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണന് നായര്‍ക്ക് മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ഇന്ന് രാവിലെ ഒന്‍പതിനാണു സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള സമയം തീരുമാനിക്കുക. എം.ബി. രാജേഷിനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി സി.പി.എം നേരത്തേ തീരുമാനിച്ചിരുന്നു. ഇന്നലെ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പായി ചേര്‍ന്ന യു.ഡി.എഫ് നിയമസഭാകക്ഷിയോഗമാണ് വിഷ്ണുനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.
രണ്ടുതവണ പാലക്കാട്ട് നിന്നുള്ള ലോക്സഭാംഗമായിരുന്ന എം.ബി. രാജേഷ്, നിയമസഭയില്‍ ഇതാദ്യമായാണെത്തുന്നത്. പാര്‍ലമെന്റിലെ അനുഭവപരിചയമാണ് രാജേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. വിഷ്ണുനാഥ് 2006ലും 2011ലും ചെങ്ങന്നൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയിരുന്നു.
2016ല്‍ പരാജയപ്പെട്ടു. ഇത്തവണ കുണ്ടറയില്‍നിന്ന് മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയെ പരാജയപ്പെടുത്തിയാണ് സഭയിലെത്തിയത്. സഭയില്‍ ഭരണപക്ഷത്തിന് 99 അംഗങ്ങളും പ്രതിപക്ഷത്തിന് 41 അംഗങ്ങളുമാണുള്ളത്. എം.ബി. രാജേഷിനായി രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഒന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് പേര് നിര്‍ദേശിക്കുകയും മന്ത്രി റോഷി അഗസ്റ്റിന് പിന്താങ്ങുകയും ചെയ്തു.
രണ്ടാം സെറ്റ് സി.പി.ഐ കക്ഷിനേതാവ് ഇ. ചന്ദ്രശേഖരന് പേര് നിര്‍ദേശിച്ചു, ജെ.ഡി.എസ് കക്ഷിനേതാവ് മാത്യു ടി. തോമസ് പിന്താങ്ങി.
വിഷ്ണുനാഥിന് വേണ്ടി സമര്‍പ്പിച്ചത് ഒരു സെറ്റ് പത്രികയാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നിര്‍ദേശിച്ചു, മുസ്ലിംലീഗ് കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പിന്താങ്ങി.






