
തിരുവനന്തപുരം: ശക്തമായ മഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയേക്കുമെന്നു മുന്നറിയിപ്പ്. നെയ്യാർ, കരമനയാർ, വാമനപുരം നദികൾ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ ഒട്ടേറെ മുങ്ങി.
അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഒാരോ മീറ്റർ വീതം ഉയർത്തി. മഴയിൽ നെയ്യാറിൽ ജലനിരപ്പ് ഉയർന്ന അവസ്ഥയിലാണ്. ഷട്ടറുകൾ കൂടുതൽ ഉയർത്തിയാൽ ജലനിരപ്പ് അപകടകരമാകും. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും മുപ്പത് സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
പേപ്പാറ ഡാമിലെ ഷട്ടറുകൾ തൽക്കാലം തുറക്കില്ല, തുറന്നാൽ കരമന നദി കര കവിഞ്ഞേക്കും. അതെ സമയം, വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ മഴ ശമിക്കുന്നതു വരെ പേപ്പാറയിൽ പരമാവധി വെള്ളം സംഭരിക്കാനാണു തീരുമാനം. ശക്തമായ കാറ്റിൽ തീരത്ത് ഒട്ടേറെ വീടുകളുടെ മേൽക്കൂരകൾ പറന്നു പോയി. ഇന്നലെ കൂടുതൽ പേരെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. മത്സ്യബന്ധത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.






