
കവരത്തി: ലക്ഷദ്വീപിലെ വിഷയത്തില്‍ പ്രതിഷേധം കനക്കുമ്പോള്‍ സ്വകാര്യ വല്‍ക്കരണത്തിലൂടെ പിടിമുറുക്കാന്‍ കേന്ദ്രം. ലക്ഷദ്വീപിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും കൊച്ചിയിലെ ലക്ഷദ്വീപ് സ്ഥാപനങ്ങളും സ്വകാര്യവല്ക്കരിക്കാന് ശ്രമിക്കുന്നതിന് പിന്നാലെ രോഗികളുടെ ചികിത്സയ്ക്കും മറ്റും ഒരുക്കിയിരുന്ന എയര്‍ ആംബുലന്‍സ് സ്വകാര്യവല്‍ക്കരിക്കാനും കപ്പലുകള്‍ ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയ്ക്ക് കൈമാറാനുമാണ് നീക്കം.
എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കമ്പനികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങൾ കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ ദ്വീപില്‍ നിന്നും കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്. അതുപോലെ തന്നെ ഒരു രോഗിക്ക് എയര്‍ ആംബുലന്‍സ് ലഭ്യമാക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാനുള്ള അധികാരം ദ്വീപിലെ മെഡിക്കൽ ഓഫീസർമാരിൽ നിന്ന് എടുത്തുമാറ്റി ഹെൽത്ത് സർവീസ് ഡയറക്ടർ ചെയർമാനായ നാലംഗ സമിതിക്ക് കൈമാറി.
അടിയന്തരാവസ്ഥ എന്ന് മെഡിക്കൽ ഓഫീസർ തീരുമാനിച്ചാൽ നിലവിൽ രോഗിയെ ദ്വീപിന് പുറത്ത് എത്തിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി ശുപാര്‍ശ ചെയ്യാനും കേരളത്തിലെത്തിക്കാനും കഴിഞ്ഞിരുന്നു. ഇവാക്വേഷൻ നോഡൽ ഓഫീസർ വഴിയാണ് ഹെലികോപ്റ്ററിൽ രോഗിയെ കേരളത്തിൽ എത്തിച്ചിരുന്നത്. എന്നാല്‍ ഇതാണ് മെഡിക്കല്‍ ഓഫീസറില്‍ നിന്നും എടുത്തുമാറ്റി പ്രത്യേക മെഡിക്കല്‍ സമിതിയുടെ പരിധിയിലേക്ക് വിട്ടിരിക്കുന്നത്.
സമിതിയുടെ നിര്‍ദേശത്തിന് പുറമേ കാര്യം നടക്കാന്‍ ക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവും വേണം. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരം ഹെൽത്ത് സർവീസ് ഡയറക്ടർ കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തില്‍ ഉത്തരവ് ഇറക്കിയത്. ദ്വീപിലേക്ക് യാത്ര നടത്തുന്ന കപ്പലിന്റെ കാര്യത്തില്‍ കപ്പല്‍ ജീവനക്കാരെ തീരുമാനിക്കാനുള്ള കരാര്‍ ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക് കൈമാറാനും നീക്കമുണ്ട്.
ലക്ഷദ്വീപ് ഡവലപ്മെന്റ് കോര്പ്പറേഷന് 20 വര്‍ഷം കയ്യാളിയിരുന്ന അധികാരമാണ് ഷിപ്പിംഗ് കോര്‍പ്പറേഷനിലേക്ക് മാറ്റുന്നത്. ആറു മാസത്തിനകം ദ്വീപിലേക്ക് യാത്ര നടത്തുന്ന ഏഴ് യാത്രാ കപ്പലുകളും ഏറ്റെടുക്കാനുള്ള ആലോചനയിലാണ് ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. ഏഴ് യാത്രാ കപ്പലുകളും എട്ട് ബാര്‍ജുകളും സ്പീഡ് വെസലുകളിലുമായി ജോലി ചെയ്യുന്ന ക്രൂമാരില്‍ 70 ശതമാനം ലക്ഷദ്വീപുകാരും 30 ശതമാനം കേരളീയരും ആണ്. 800ല്‍ അധികം പേരാണ് ഇതിലെല്ലാമായി ജോലി ചെയ്യുന്നത്.
പുതിയ തീരുമാനം ദ്വീപ് നിവാസികളുടെ തൊഴിലവസരം കുറയ്ക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നേരത്തേ ലക്ഷദ്വീപിലെ ടൂറിസം മേഖലയായ ദ്വീപിലെ റസ്റ്റോറന്റുകളും ദ്വീപു നിവാസികളുടെ കൊച്ചിയിലെ ആവശ്യങ്ങള്‍ക്കായി താമസിക്കാന്‍ സജ്ജമാക്കിയിട്ടുള്ള ഗസ്റ്റ് ഹൗസും സ്വകാര്യമേഖലയ്ക്ക് നല്കുന്ന കാര്യവും പരിഗണനയിലാണ്. കേരളത്തിലും വന്‍ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ എടുത്ത തീരുമാനങ്ങളുമായി മുമ്പോട്ട് പോകാനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.






